Advertisement

എകെജി സെന്ററിൽ ബോംബെറിഞ്ഞതിന് പിന്നിൽ ഇപി ജയരാജൻ; ​ഗുരുതര ആരോപണവുമായി കെ. സുധാകരൻ

July 1, 2022
Google News 2 minutes Read
EP Jayarajan behind AKG Center attack; K. Sudhakaran

എകെജി സെന്ററിൽ ബോംബെറിഞ്ഞതിന് പിന്നിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനാണെന്ന ​ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രം​ഗത്ത്. രാഹുൽ ​ഗാന്ധി കേരളം സന്ദർശിക്കുന്ന ദിവസത്തിന്റെ പ്രാധാന്യം കുറയ്ക്കാനായാണ് ഇപി ജയരാജൻ ഇത് ചെയ്തത്. ആക്രമണത്തിന് പിന്നിൽ കോൺ​ഗ്രസുകാരാണെന്ന് അദ്ദേഹം പറഞ്ഞത് നേരിട്ടുകണ്ടത് പോലെയാണ്. ഇതിന് പിന്നിലെ തിരക്കഥ ഇപി ജയരാജന്റേത് മാത്രമാണ്. സിപിഐഎം ആണ് ഇതിന് പിന്നിലെന്ന് പോലും ഞാൻ പറയുന്നില്ല. ഇപി മാത്രമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. ( EP Jayarajan behind AKG Center attack; K. Sudhakaran )

ക്രിമിനലുകളുമായി ഇപി ജയരാജന് നല്ല പരിചയമുണ്ട്. അവരിൽ ആരെയെങ്കിലും വെച്ചായിരിക്കാം ഇത് ചെയ്തത്. രാഹുൽ ​ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചപ്പോൾ പോലും കോൺ​ഗ്രസ് പ്രവർത്തകരെ വൈകാരികമായി പ്രതികരിക്കാൻ അനുവദിച്ചിട്ടില്ല. സിസിറ്റിവി ക്യാമറകൾ പരിശോധിച്ച് ഇതിന്റെ പ്രതികളെ കണ്ടെത്തണം. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ മാത്യു കുഴൻനാടന്റെ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനും നാണക്കേട് ഒഴിവാക്കാനും വേണ്ടി ആസൂത്രിതമായാണ് ഇപി ജയരാജൻ ഇത് പ്ലാൻ ചെയ്തതെന്നും കെ. സുധാകരൻ ആരോപിച്ചു.

Read Also:മറ്റ് പണിയില്ലാത്തവർക്ക് കേസ് കൊടുക്കാം; വിഡി സതീശനെ പരിഹസിച്ച് ഇപി ജയരാജൻ

ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ നടത്തിയ വിമോചന സമരത്തിന് സമാനമായ ആക്രമണമാണ് ഇപ്പോൾ നടക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു. എകെജി സെന്ററിലേക്ക് ബോംബെറിഞ്ഞ് കേരളത്തിന്റെ ക്രമസമാധാന നില തകർന്നുവെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം. ഈ ബോംബെറിഞ്ഞയാളെ നാളെ കെപിസിസി സെക്രട്ടറിയായി നിയമിക്കാൻ പോലും ലജ്ജയില്ലാത്ത നേതൃത്വമാണ് ഇപ്പോൾ കോൺ​ഗ്രസിനുള്ളത്.

ഇടതുപക്ഷ തുടർഭരണം വന്നതിന് ശേഷം കേളത്തെ കലാപഭൂമിയാക്കി മാറ്റാൻ കോൺ​ഗ്രസും ബിജെപിയും ശ്രമിക്കുകയാണ്. കേസ് അന്വേഷണം നടക്കുന്നതുകൊണ്ട് മറ്റ് കാര്യങ്ങളിലേക്ക് കടക്കുന്നില്ല. അധികാരത്തിലെത്തി കട്ട് മുടിക്കാൻ ഇനി കഴിയില്ല എന്ന ചിന്തയാണ് ഇപ്പോൾ കോൺ​ഗ്രസിനുള്ളത്. ആക്രമണത്തിനെതിരെ ജനാധിപത്യപരമായി ഇടത് സംഘടനകൾ പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ എൽ.ഡി.എഫിനെതിരായ ആസൂത്രിത ​ഗൂഢാലോചനയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആരോപിച്ചു. പാർട്ടി ഓഫീസുകളും പാർട്ടി പ്രവർത്തകരുടെ വീടുകളും ആക്രമിക്കാൻ പാടില്ലെന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളും അം​ഗീകരിച്ച കാര്യമാണ്. അതാണ് ഇപ്പോൾ പരസ്യമായി ലംഘിക്കപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ പൊതുസമൂഹം നിരുത്സാഹപ്പെടുത്തേണ്ട സംഭവങ്ങളാണിത്. ഈ പ്രശ്നത്തെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ വളരെ ​ഗൗരവത്തോടെയാണ് കാണേണ്ടത്. കേരളത്തിൽ ക്രമസമാധാന നില തകർന്നു, എകെജി സെന്ററിന് പോലും രക്ഷയില്ല എന്നൊക്കെ തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണിത്. സമാധാനം നിലനിർത്താൻ കോൺ​ഗ്രസ് ആ​ഗ്രഹിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: EP Jayarajan behind AKG Center attack; K. Sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here