‘സത്യം പറയുന്ന ഒരു മുൻ എംഎൽഎയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരന്റെ ഗതി എന്താകും? : പാർവതി ഷോൺ

പി.സി ജോർജിന്റെ അറസ്റ്റിൽ പ്രതികരിച്ച് മകന്റെ ഭാര്യ പാർവതി ഷോൺ. സത്യം പറയുന്ന ഒരു മുൻ എംഎൽഎയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരന്റെ ഗതി എന്താകുമെന്ന് പാർവതി ചോദിക്കുന്നു. ( parvathy shone about pc George arrest )
‘സത്യം വിളിച്ച് പറയുന്ന ഒരു മുൻ എംഎൽഎയ്ക്ക് ഇതാണ് അവസ്ഥയെങ്കിൽ ഒരു സാധാരണക്കാരന്റെ അവസ്ഥ എന്താകും ? വേറെ എന്തൊക്കെ കേസിൽ പെടുത്താം. ഇത്ര മോശം കേസിൽ ചെയ്യാമോ ? ഇതൊരു കുക്ക്ഡ് അപ്പ് സ്‌റ്റോറി ആണെന്ന് കേക്കുന്നവർക്ക് അറിയാം. നിയമം ഉണ്ടല്ലോ ഈ നാട്ടിൽ. നമുക്ക് നോക്കാം.’- പാർവതി പറയുന്നു.
പിസി ജോർജ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഭാര്യ ഉഷയും പറഞ്ഞു. അറസ്റ്റ് പിണറായി വിജയന്റെ കളിയാണ്. ഒരു മനുഷ്യനെ ഭീഷണിപ്പെടുത്തി ഒതുക്കാമെന്ന് കരുതേണ്ട. ഇത് രാഷ്ട്രീയ വൈരാഗ്യമാണെന്ന് ആർക്കും മനസ്സിലാകും. പിസി ജോർജിനെ കുടുക്കാൻ ആസൂത്രിത നീക്കം നടക്കുകയാണെന്നും ഉഷ ആരോപിച്ചു. മുഖ്യമന്ത്രി പിസി ജോർജിനെയും കുടുംബത്തെയും വേട്ടയാടുകയാണ്. തന്നെ പീഡിപ്പിക്കാത്ത ഏക വ്യക്തി പിസി ജോർജ് മാത്രമാണെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. അപ്പന് തുല്യമെന്ന് രണ്ടാഴ്ച മുൻപ് വരെ പറഞ്ഞിരുന്ന സ്ത്രീ മൊഴി മാറ്റിയത് എങ്ങനെ? പരാതിക്കാരിയെ സർക്കാർ ഉപയോഗിക്കുകയാണെന്നും ഉഷ പറഞ്ഞു.പരാതിക്കാരി വീട്ടിൽ വരാറുണ്ട്, സ്വപ്ന സുരേഷും വരുമായിരുന്നു. ഇരുവരുമായി താൻ സംസാരിച്ചിട്ടുണ്ട്. 40 വർഷമായി പുള്ളിയോടൊപ്പം ജീവിക്കുന്നു, ഇതുവരെ നുള്ളി നോവിച്ചിട്ടില്ല. പിണറായി വിജയനെതിരായ കുറ്റങ്ങളും ആരോപണങ്ങളും പുറത്തു വരാതിരിക്കാനാണ് പുതിയ നാടകമെന്നും ഭാര്യ ഉഷ കൂട്ടിച്ചേർത്തു.
Story Highlights: parvathy shone about pc George arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here