മിനായിലെ ജംറകളിൽ കല്ലേറ് കർമം ആരംഭിച്ചു

ഹജ്ജ് കർമങ്ങളുടെ ഭാഗമായി മിനായിലെ ജംറകളിൽ കല്ലേറ് കർമം ആരംഭിച്ചു. തീർഥാടകർക്ക് ഏറ്റവും കൂടുതൽ കർമങ്ങൾ അനുഷ്ടിക്കാനുള്ള ദിവസമാണ് ഇന്ന്. അതേസമയം സൌദി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ന് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുകയാണ്. ( jamrah stone pelting )
ഇന്നലെ പകൽ അറഫയിലും രാത്രി മുസ്ദലിഫയിലും കഴിഞ്ഞ ഹജ്ജ് തീർഥാടകർ ഇന്ന് രാവിലെ മിനായിൽ തിരിച്ചെത്തിയതോടെ ജംറയിലെ കല്ലേറ് കർമം ആരംഭിച്ചു. മൂന്നു ജംറകളിൽ പ്രധാനപ്പെട്ട ജംറത്തുൽ അഖബയിൽ ആണ് ഇന്ന് കല്ലെറിയുന്നത്. ഇന്നലെ മുസ്ദലിഫയിൽ നിന്നും ശേഖരിച്ച 7 കല്ലുകൾ ആണ് ചെകുത്താൻറെ പ്രതീകമായ സ്തൂപത്തിൽ എറിയുന്നത്. ശേഷം തീർഥാടകർ മുടിയെടുക്കുകയും ബലി നല്കുകയും ഹറം പള്ളിയിൽ പോയി വിശുദ്ധ കഅബയെ വലയം വെയ്ക്കുകയും ചെയ്യുന്നു. ഇതുവരെയുള്ള കർമങ്ങൾ പ്രയാസമില്ലാതെ നിർവഹിക്കാൻ സാധിച്ച സന്തോഷത്തിലാണ് തീർഥാടകർ.
സൌദി ഉൾപ്പെടെ പല രാജ്യങ്ങളിലും വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുകയാണ്. മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളിൽ നടന്ന പെരുന്നാൾ നമസ്‌കാരത്തിലും ഖുതുബയിലും ലക്ഷക്കണക്കിനു വിശ്വാസികൾ സംബന്ധിച്ചു.
Read Also: ബ്രിട്ടണില്‍ നിന്ന് കാല്‍നടയായി സൗദിയിലേക്ക്; ഹജ്ജ് നിര്‍വഹിക്കാന്‍ ആദം താണ്ടിയത് 6500 കി.മീ ദൂരം
ഇഹ്‌റാമിൻറെ പ്രത്യേക വസ്ത്രം മാറ്റി ഹജ്ജ് തീർഥാടകർ ഇന്ന് സാധാരണ വസ്ത്രം ധരിക്കും. നാളെ മുതൽ 3 ദിവസം മിനായിൽ താമസിച്ച് 3 ജംറകളിലും തീർഥാടകർ കല്ലേറ് കർമം നിർവഹിക്കും.
Story Highlights: jamrah stone pelting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here