Advertisement

മലയാളത്തിന്റെ മഹാഭാഗ്യം നവതിയിലേക്ക്; മനസു തുറന്ന് എം.ടി വാസുദേവൻ നായർ, അഭിമുഖം

July 15, 2022
Google News 2 minutes Read
Interview with MT Vasudevan Nair who turns 90

മലയാളത്തിന്റെ മഹാഭാഗ്യമാണ് എംടി എന്ന രണ്ടക്ഷരം. ക്ലാസിക്കൽ പദവി കിട്ടിയ മലയാള ഭാഷയെ എപ്പോളും ക്ലാസിക്കൽ ആയി നിലനിർത്തുന്നതിൽ എംടി സാഹിത്യത്തിനു വലിയൊരു പങ്കുണ്ട്‌. എംടി 90 ലേക്ക് കടക്കുന്ന ഒരു വേളയാണിത്. ആ വേളയിൽ 24നൊപ്പം ആദരണീയ എംടി വാസുദേവൻ നായർ സംസാരിച്ചു. എംടിയുമായി ദീപക് ധർമ്മടം നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാ​ഗങ്ങൾ. ( Interview with MT Vasudevan Nair who turns 90 )

പിറന്നാൾ അങ്ങക്ക് സാധാരണ ഒരു ദിവസം പോലെയാണെന്ന് പണ്ട് അങ്ങെഴുതിയതും പറഞ്ഞതുമെല്ലാം കേട്ടിട്ടുണ്ട്. പക്ഷേ ഈ പിറന്നാളിന്റെ പ്രത്യേകത എന്നു വെച്ചാൽ 90 ലേക്ക് കടക്കുന്നു എന്നതാണ്. ഒരു വലിയ കാലഘട്ടം അങ്ങ് അനുഭവിച്ച് രേഖപ്പെടുത്തി കടന്നുപോവുകയാണ്.?

എംടി: നമ്മളൊന്നും പിറന്നാളിനു പ്രത്യേകം ആഘോഷമൊന്നും പതിവില്ല. എന്റെ കുട്ടിക്കാലത്തു പോലും ഉണ്ടായിട്ടില്ല… ചെറിയ കുട്ടിയായ കാലത്ത് പോലും. ഇപ്പോൾ പലരും എഴുതിയെഴുതി കണക്കു കൂട്ടി പറയാറുണ്ട്, അറിയിക്കാറുണ്ട്. അതിലിപ്പോൾ പുതുതായി എനിക്ക് ഒന്നുമില്ല. കുറെ വർഷങ്ങൾ ഇതുപോലെ കടന്നു പോയി. ഇനി വരാൻ പോകുന്ന വർഷങ്ങളിൽ എനിക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കട്ടെ, മനസ്സിലുള്ള കാര്യങ്ങൾ. ഇപ്പോൾ പ്രത്യേകിച്ചും കുറച്ച് ആഴ്ചകളും മാസങ്ങളുമൊക്കെയായിട്ട് നമ്മുടെ സമൂഹത്തിന്റെ സ്ഥിതി വളരെ മോശമാണ്. മഹാമാരിയുടെ ശല്യം വിട്ടുമാറി എന്ന് പറയാറായിട്ടില്ല പലയിടത്തു ഇപ്പോഴും ഇതിന്റെ ശല്യം ഉണ്ട്. പലയിടത്തും വ്യാപിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെ ഒരു അന്തരീക്ഷത്തിൽ നമുക്ക് ശാന്തമായിരുന്ന് ആലോചിക്കാൻ, ജോലി ചെയ്യാൻ, എഴുതാൻ പ്രയാസമാണ്…. കുറച്ചു കൂടി ശരിയാവട്ടെ, കുറച്ചു കൂടി ശാന്തമാവട്ടെ.. എന്നുവെച്ചു കാത്തിരിക്കുകയാണ് ഞാൻ.

എം ടി യുടെ ജീവിതയാത്രയിൽ ഞാൻ ഇപ്പോഴും ഓർക്കുന്നത് എംടി പണ്ടു പറഞ്ഞ കുട്ടിക്കാലത്തെ നമ്പീശൻ മാഷ്, വാസുണ്ണി നമ്പ്യാർ മാഷ്. എംടി എന്ന കഥാകാരനെ സൃഷ്ടിക്കുന്നതിൽ അങ്ങയുടെ മൂത്ത ജ്യേഷ്ഠൻ മുതൽ ഈ അധ്യാപകർ വരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കുട്ടിക്കാലത്താണല്ലോ സാഹിത്യ കഥാരൂപങ്ങളോടുള്ള താല്പര്യം മനസ്സിൽ രൂപപ്പെടുന്നത്. സാഹിത്യത്തോട് അഭിനിവേശം തോന്നുന്നതും അക്കാലത്താണ്. ആ ഒരു കാലഘട്ടത്തെ 90ലേക്ക് കടക്കുമ്പോൾ എങ്ങനെയാണ് ഓർക്കുന്നത്?

എംടി: അവരെയെല്ലാം ഇപ്പോഴും ഓർക്കുന്നു. മുതിർന്ന അധ്യാപകരെ ഓർക്കുന്നു, നമുക്ക് പ്രേരണ നൽകിയിട്ടുള്ള അധ്യാപകരെ എന്നും ഓർക്കുന്നു, ജ്യേഷ്ഠൻമാരെ ഓർക്കുന്നു. സ്വാഭാവികം. എന്നും അവരെ സ്മരിക്കുന്നുണ്ട്. അവരൊക്കെ നമ്മുടെ മറവിയിൽ നിന്ന് വിട്ടുപോകുന്ന ആളുകളല്ല. നമ്മുടെ ഗ്രാമത്തിലൂടെ നടന്നപ്പോൾ കണ്ട ആളുകൾ, കൂടെ നടന്ന ആളുകൾ.. അവരെയൊക്കെ നമ്മൾ ഇന്നും ഓർക്കുന്നു. സ്നേഹപൂർവ്വം ഓർക്കുന്നു.

Read Also: രണ്ടാമൂഴത്തിന്റെ തിരക്കഥ ആദരവോടെ എംടിയെ തിരിച്ചേല്പിച്ചു: വിഎ ശ്രീകുമാർ

കൂടല്ലൂരിലെ ആ ഓർമ്മയും ശക്തിയും എത്രമാത്രം എംടിയിലെ കഥാകാരന് കരുത്തായിട്ടുണ്ട്. കുടല്ലൂർ ഒരുപാട് വരികളിൽ കടന്നു വന്നതാണല്ലോ ?

എംടി: അതേ കൂടല്ലൂരിനെ പറ്റി കുറെ കഥകളിലും എഴുതിയിട്ടുണ്ട്. എന്റെ ഗ്രാമത്തെപറ്റി ഇനിയും എഴുതാൻ ബാക്കിയുണ്ട്. ആ ഗ്രാമം നമ്മളെ വളർത്തിയ ഗ്രാമമാണ്. ഇപ്പോൾ അതിന് മാറ്റങ്ങൾ വന്നിട്ടുണ്ടാവാം. പക്ഷേ അങ്ങനെയൊരു വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഇപ്പോഴും ആ ഗ്രാമത്തിന്റെ തനിമയൊക്കെ കുറെ നിലനിർത്തുന്ന ഒരു പ്രദേശമാണ്. ആ ഗ്രാമത്തിനോട്, അവിടുത്തെ കഥാപാത്രങ്ങളോടൊക്കെയും ഒരു കടപ്പാടുണ്ട്. അവരെ നമ്മൾ ഓർക്കുന്നു, അവരുടെ ജീവിതം ഓർക്കുന്നു. അവരെനിക്ക് എഴുത്തിനായുള്ള ചില സന്ദർഭങ്ങൾ ഉണ്ടാക്കിയതിന് ഞാൻ നന്ദിയുള്ളവനാണ്.

ആദ്യത്തെ ആ കയ്യെഴുത്ത് മാസിക ഇപ്പോഴും ഓർക്കുന്നത് എങ്ങനെയാണ്? സ്കൂളിൽ വെച്ച് ആദ്യമായി എഴുതിയ ആ ഓർമ്മ. ഒരുപക്ഷേ എംടി എന്ന വലിയ കഥാകാരനെ, എഴുത്തുകാരനെ മലയാളത്തിനു ആദ്യം പരിചയപ്പെടുത്തിയത്, സംഭാവന ചെയ്തത് ആ കൈയെഴുത്ത് മാസികയാണല്ലോ?

എംടി : കയ്യെഴുത്തു മാസിക ഇപ്പോൾ എവിടെ പോയെന്ന് തന്നെ അറിയില്ല. അന്നൊന്നും കയ്യെഴുത്തു മാസികകൾ അധികം ഇല്ല. സ്കൂളിലെ ചില മാഷ് മാരുടെ പ്രേരണ കൊണ്ട് ഒരു കയ്യെഴുത്ത് മാസിക അവിടെ ഉണ്ടാക്കിയിരുന്നു. അവിടുത്തെ നല്ല കൈയ്യക്ഷരമുള്ള ആളുകളെ തെരഞ്ഞെടുത്തു അവരെക്കൊണ്ട് എഴുതിച്ചിട്ട്. അതിൽ നമ്മളും ചെറിയ കാര്യങ്ങൾ എഴുതിയിട്ടുണ്ട്‌. നമുക്കും അത് പ്രേരണയാവുന്നതായിരിക്കും, ആണ്.

എംടിയുടെ കഥാപാത്രങ്ങൾ അനവധിയാണ്. നാലു കെട്ടിലെ അപ്പുണ്ണി, കാലത്തിലെ സേതു, സുമിത്ര, പിന്നെ ഭീമൻ അങ്ങനെ നീളുന്നു എം ടി കഥാപാത്രങ്ങൾ. എംടി ഹൃദയത്തോട് ചേർത്തുവച്ച കഥാപാത്രം ആരായിരിക്കും? ഏറ്റവും ഇഷ്ടപ്പെട്ടത് ആരെയാണ് ?

എംടി: ഇല്ല, അങ്ങനെ ഇല്ല. ഇവരെല്ലാവരും എന്റെ പ്രിയപ്പെട്ട ആളുകൾ ആയിരിക്കും. ഈ ഗ്രാമത്തിൽ എന്റെ കൂടെ വളർന്നവർ, ഞാൻ പുറമേ നിന്ന് കണ്ടവർ, അങ്ങാടികളിൽ നിന്ന് കണ്ടവർ. കൊല്ലത്തിലൊരിക്കൽ ഞാനായിരിക്കും അമ്മയ്ക്ക് വേണ്ടി അങ്ങാടിയിൽ പോയി സാധനങ്ങൾ വാങ്ങുന്നത്. കൊല്ലത്തിലൊരിക്കൽ എന്ന് പറയുമ്പോൾ അന്ന് പെരുന്നാൾ ഒക്കെ ആയിരിക്കും. ആ പീടികയിൽ ചെറിയ സ്ഥിരം പറ്റു വരവുകാർക്ക് സൽക്കാരം ഉണ്ട്. അപ്പോൾ വീട്ടിൽ നിന്ന് എന്നെയൊക്കെ ആയിരിക്കും അയക്കുക. ഇവരെല്ലാം ഈ ഗ്രാമത്തിനോട് വളരെയധികം കടപ്പെട്ടിട്ടുണ്ട്. അത് അവരുടെ കഥകൾ മാത്രമല്ല അവരുടെ ജീവിതം, കഷ്ടപ്പാടുകൾ, അവർ വളർന്നു വലുതായത് ഒക്കെയും നമ്മളെ വളരെയധികം ആകർഷിച്ചിട്ടുണ്ട്. ഇന്നും ആ ഗ്രാമത്തിനോടുള്ള എന്റെ കടപ്പാട് അങ്ങനെ എനിക്ക് വിട്ടു പോകാൻ പറ്റില്ല. അതുകൊണ്ടാണ് ഇപ്പോഴും ഞാൻ അവിടെ ഒരു ചെറിയ വീട് നിലനിർത്തിയത്.

കോഴിക്കോടേക്ക് എത്തുമ്പോൾ? കോഴിക്കോടേക്കാണല്ലോ പിന്നെ കർമ്മമണ്ഡലം മാറിയത്..

എംടി : കോഴിക്കോട് വന്നത് ജോലിയുടെ ഭാഗമായിട്ടാണ്. പത്രപ്രവർത്തനം, അതിന്റെ ഭാഗമായി കോഴിക്കോട് വന്നത്. മാതൃഭൂമിയിൽ വന്നിട്ടാണ് ഞാൻ കോഴിക്കോട് സ്ഥിരം ആളായി മാറിയത്.

? അങ്ങ് പണ്ട് എഴുതിയതായി വായിച്ചിട്ടുണ്ട്.. ആദ്യം എസ് കെ പൊറ്റക്കാടിനെ വായിക്കുന്നു, തകഴിയെയും ബഷീറിനെയും വായിക്കുന്നു. ഇവരെയൊക്കെ വായിച്ചു, ഇതിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച എഴുത്തുകാർ ആരാണ്?

എംടി: എല്ലാ എഴുത്തുകാരും നമ്മളെ സ്വാധീനിച്ചിട്ടുണ്ട്. തകഴി, കേശവദേവ്, ബഷീർ ഇവരെയോക്കെ വായിച്ചു. ഇവരെപ്പോലെ എഴുതാൻ കഴിയണെ, അതു പോലെ എഴുതണം എന്നല്ല, ഇവരൊക്കെ ചെയ്ത മാതിരി ചെയ്യാൻ കഴിയണമെന്ന് ഒരു കുട്ടിയായിരിക്കുമ്പോൾ തന്നെ എന്റെ ഉള്ളിൽ ഒരു പ്രാർത്ഥനയുണ്ട്.

? ഇപ്പോൾ എം ടി തിരിഞ്ഞുനോക്കുന്ന സമയത്ത് നമ്മുടെ മലയാളഭാഷയ്ക്ക് ക്ലാസിക്കൽ പദവി കിട്ടിയിട്ടുണ്ട്, പക്ഷേ നമ്മുടെ ഭാഷയുടെ ഒരു പരിമിതി ഒരു സംസ്ഥാനത്ത് മാത്രം ഒതുങ്ങുന്ന ഒരു ഭാഷ എന്നതാണ്. ആ നിലയിൽ മലയാളത്തിനു പുറത്ത് ഹിന്ദിയിലോ മറ്റോ ആയിരുന്നു എംടിയുടെ സാഹിത്യമെങ്കിൽ ഇതിനേക്കാൾ അപ്പുറത്തേക്ക് പ്രചാരം കിട്ടുമെന്ന് തോന്നിയ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടോ?

എംടി: എനിക്കങ്ങനെ തോന്നിയിട്ടില്ല. എന്റെ കൃതികൾ പല ഭാഷകളിലും വന്നിട്ടുണ്ടല്ലോ? വന്നുകൊണ്ടേയിരിക്കുന്നു. ഇംഗ്ലീഷിൽ ധാരാളം വന്നിട്ടുണ്ട്. 50 എഡിഷൻ ഇംഗ്ലീഷിൽ വന്നിട്ടുള്ള പുസ്തകങ്ങൾ ഉണ്ട്. അപ്പോൾ എല്ലാ ഭാഷയിലും വന്നിട്ടുണ്ട്. മറ്റു ഭാഷകളിൽ വരുന്നത് സന്തോഷമാണ്, അതിനെപ്പറ്റി സംശയമില്ല. പല പുസ്തകങ്ങളുടെയും പുതിയ വിവർത്തനം, പുതിയ പബ്ലിക്കേഷൻ ഉണ്ടാകുമ്പോൾ നമുക്ക് സന്തോഷമാണ്. അങ്ങനെ കുറെ വന്നു, ഇനിയും വരട്ടെ.

? എം ടി എപ്പോഴും മനുഷ്യത്വത്തെ കുറിച്ച് പറഞ്ഞ ഒരാളാണ്. എപ്പോഴും മനുഷ്യ പക്ഷത്താണ് അങ്ങയുടെ ഒരു അടയാളപ്പെടുത്തൽ. ആ നിലയിൽ എഴുത്തിന് മനുഷ്യപക്ഷം വേണ്ടതല്ലേ.? ഇപ്പോൾ പ്രത്യേകിച്ചും മലീമസമായ ഒരു രാഷ്ട്രീയ സാമൂഹിക അന്തരീക്ഷം നിലനിൽക്കുമ്പോൾ എംടിക്ക് സമൂഹത്തോട് പറയാനുള്ളത്, എഴുത്തുകാരോട് പറയാനുള്ളത്, യുവ എഴുത്തുകാരോട് പറയാനുള്ളത്?

എംടി: എല്ലാവരോടും നമുക്ക് പറയാനുള്ളത് നമ്മൾ മാനവികത നഷ്ടപ്പെടാതിരിക്കുക എന്നുള്ളതാണ്. ജാതി, മതം അങ്ങനെ പലപല മതിൽക്കെട്ടുകളും ആലോചിച്ച് ആളുകൾ വേർപിരിഞ്ഞു പോകുന്നൊരു അവസ്ഥ ഇപ്പോൾ ഉണ്ട്. പണ്ട് അത് ഉണ്ടായിരുന്നില്ല. ഇതിനൊക്കെ അപ്പുറത്ത് ആളുകൾ സൗഹൃദത്തിൽ കഴിഞ്ഞിരുന്ന ഒരു നല്ല കാലമുണ്ടായിരുന്നു. എന്റെ ഗ്രാമമൊക്കെ അങ്ങനെയായിരുന്നു. ഇപ്പോൾ ചെറിയ മാറ്റങ്ങൾ വന്നു. അന്ന് ഇത്തരം മാറ്റങ്ങൾ തീരെ വന്നിട്ടില്ല. മതത്തിന്റെ ജാതിയുടെയൊക്കെ പേരിൽ വേർപിരിഞ്ഞു നിൽക്കുക എന്നൊരു അവസ്ഥ ഒന്നും ഉണ്ടായിരുന്നില്ല, ഇന്ന് ഉണ്ട്. ജാതിയുടെയും മതത്തിന്റെയും ഒക്കെ പേരിൽ പല വേർപാടുകൾ നമ്മൾ കാണുന്നുണ്ട്. ഇത് വളരെ ദുഃഖകരമായ ഒരു അവസ്ഥയാണ്. അത് ഇല്ലാതിരിക്കണം എന്നുള്ളതാണ് എല്ലാവരുടെയും ആഗ്രഹം. എന്തായാലും ശരി മനുഷ്യൻ ഒന്നാണ്, മനുഷ്യന്റെ മൂല്യങ്ങൾ ഒന്നാണ്, ഒന്നിനുവേണ്ടിയാണ് നിൽക്കുന്നത്. ആ നിലനിൽപ്പ് എന്നും ഉണ്ടായിരിക്കണം എന്ന് നമ്മുടെ ആളുകൾക്ക് തോന്നണം. അത് ഒരു വ്യക്തിയുടെ മാത്രമായിട്ടല്ല. പരസ്പരം കലഹവും കലാപവും ഒന്നുമില്ലാതെ തന്നെ സ്നേഹത്തിന്റെ ഒരു അന്തരീക്ഷത്തിൽ വേണം മുന്നോട്ടുപോകാൻ. ആളുകൾ പരസ്പരം സ്നേഹിക്കുന്നുണ്ട്, പരസ്പരം അവരുടെ കഷ്ടപ്പാടുകൾ കാണുന്നു. അവർ നമ്മുടേതാണ്, നമ്മളും അവരിൽ പെട്ടതാണ് എന്നുള്ള ഒരു ബോധം ഉണ്ടായിട്ട് നമ്മളുടെ സമൂഹം നിലനിൽക്കുക എന്നുള്ളതാണ് ആഗ്രഹം. എല്ലാവരുടെയും ഉള്ളിലുള്ള ആഗ്രഹമാണത്. എത്രത്തോളം അത് നടക്കുമെന്ന് പറയാൻ പറ്റില്ല. പക്ഷെ മനവികത, സ്‌നേഹം എല്ലാം എന്നും നില നിർത്താൻ ശ്രമിക്കണം.

എംടിയുടെ സിനിമ ഇപ്പോൾ ഒരു ഷൂട്ട് നടക്കുന്നുണ്ട്. ഈ 90ആം പിറന്നാളിൽ മലയാളികൾക്ക് എംടിയുടെ സാഹിത്യവും സിനിമയുമായി എന്തൊക്കെ പ്രതീക്ഷിക്കാം?

എംടി: ഇപ്പോൾ എന്റെ മകൾ അശ്വതിയൊക്കെയാണ് അതിൽ മുൻകൈ എടുത്തിട്ടുള്ളത്. കുറച്ച് കഥകൾ ചേർന്നിട്ട് ഒരു പരമ്പര ഉണ്ടാക്കുന്നു. 10 എണ്ണമാണ്. ഏഴെണ്ണം കഴിഞ്ഞു. 10 കഥകൾ ഇപ്പോൾ ചെയ്യുന്നുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും മോഹൻലാൽ അഭിനയിക്കുന്ന ചിത്രം. രണ്ടാമൂഴം ഞാൻ എഴുതി കഴിഞ്ഞിരിക്കുന്നു. അതിൽ ചില നിയമപ്രശ്നങ്ങൾ വന്നു. എല്ലാം തീർന്നു അവർ അത് തിരിച്ചയച്ചു. അവരുടെ അടുത്തുനിന്നും വാങ്ങിയ പ്രതിഫലം തിരിച്ചു കൊടുത്തു. ഇനി എങ്ങനെ അത് എന്നതിനെപ്പറ്റി ആലോചിച്ചു കൊണ്ടിരിക്കുകയാണ്. വേഗം തന്നെ ഉണ്ടാവും എന്നാണ് പ്രതീക്ഷ… രണ്ടാം ഊഴം അത്രയും വലിയ പ്രോജക്ട് ആണ്.

Story Highlights: Interview with MT Vasudevan Nair who turns 90

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here