മുൻമന്ത്രി എം.എം മണിക്കെതിരെ ഇന്ന് ബഹുജന പ്രതിഷേധ കൂട്ടായ്മ; കെ.കെ രമ പങ്കെടുക്കും

കെ.കെ രമ എം.എൽ.എയെ നിയമസഭയിൽ വെച്ച് എം.എം മണി അധിക്ഷേപ്പിച്ചതിൽ പ്രതിഷേധിച്ച് സി.എം.പി തിരുവനന്തപുരം ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. വൈകുന്നേരം 5 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന പ്രതിഷേധ കൂട്ടായ്മ സി.എം.പി ജനറൽ സെക്രട്ടറി സി.പി ജോൺ ഉദ്ഘാടനം ചെയ്യും. കെ.കെ രമ എം.എൽ.എ പങ്കെടുക്കുമെന്ന് സി.എം.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.ആർ മനോജ് അറിയിച്ചു.
എം.എം മണിയുടെ പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിന് അടിസ്ഥാനമില്ലെന്നായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. കെ.കെ രമയ്‌ക്കെതിരായ പരാമർശം നിയമസഭയിലാണ് ഉണ്ടായത്. അത് പരിശോധിക്കേണ്ടത് നിയമസഭാ സ്‌പീക്കറാണ്. സ്‌പീക്കറുടെ തീരുമാനം അന്തിമമായിരുക്കുമെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. ആനി രാജയെ എം.എം മണി ആക്ഷേപിച്ച സംഭവത്തിൽ കാനം പ്രതികരിച്ചതുമില്ല.
Read Also: എം.എം മണിയുടെ വിവാദ പരാമര്‍ശം; പരസ്യപ്രതികരണം വേണ്ടെന്ന് നേതാക്കള്‍ക്ക് സിപിഐ നിര്‍ദേശം
എം.എം മണിയുടെ വിവാദ പരാമർശത്തിൽ കാനം രാജേന്ദ്രൻ പ്രതികരിക്കാത്തതിൽ പരാതി ഇല്ലെന്ന് ആനി രാജ പറഞ്ഞു. ബിനോയ് വിശ്വം ഈ വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. താൻ പ്രതികരിച്ചത് വ്യക്തിപരമായ വിമർശനത്തിന് എതിരെ അല്ലെന്നും സ്ത്രീത്വത്തെ ആക്ഷേപിച്ചതിന് ഒരു സംഘടന നേതാവ് എന്ന നിലയിലാണ് സംസാരിച്ചതെന്നും അവർ വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രി നടത്തുന്നത് എം.എം മണിക്ക് കുട പിടിക്കുന്ന നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദത്തോടെയാണ് മണി ഇത്തരം പ്രസ്താവന നടത്തുന്നത്. വിധവയാകുന്നത് വിധിയാണ് എന്ന് സിപിഐഎം നേതൃത്യം പറയുന്നുണ്ടോ?. ഇത്തരം പിന്തിരിപ്പൻ ആശയങ്ങൾ പേറി നടക്കുന്നവരാണോ സിപിഐഎം എന്നും അദ്ദേഹം ചോദിച്ചു.
Story Highlights: CMP’s Mass protest against former minister MM Mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here