Advertisement

‘രോഗാതുരമായ കേരളത്തിലെ ആരോഗ്യ വകുപ്പ്’; വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

July 19, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആരോഗ്യ വകുപ്പിനെതിരെ വിമർശനവുമായി മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ആരോഗ്യ മേഖലയിൽ കേരളം അനുദിനം പിന്നോട്ട് പോകുന്നു. ജീവൻ രക്ഷാ മരുന്നുകൾക്ക് സർക്കാർ ആശുപത്രികളിൽ ക്ഷാമം നേരിടുന്നു. ആർക്കാണ് ആരോഗ്യവകുപ്പിന്‍റെ ചുമതലയെന്നും ആരോഗ്യ കപ്പൽ ആടിയുലയുകയാണെന്നും, വകുപ്പിന് ഒരു കപ്പിത്താൻ വേണ്ടേയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം:
ആരോഗ്യ മേഖലയിൽ അഭിമാനകരമായ മാതൃക സൃഷ്ടിച്ച കേരളം അനുദിനം പിന്നോട്ട് പോവുകയാണ്. കോവിഡ് മഹാമാരിക്കാലത്ത് സംഭവിച്ച ഗുരുതരമായ വീഴ്ചയും കെടുകാര്യസ്ഥതയും ലോകാരോഗ്യ സംഘടനയുടെ പോലും പരാമർശം ഏറ്റുവാങ്ങുകയുണ്ടായി. മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവുമധികം കോവിഡ് രോഗികൾ ഇവിടെയായിരുന്നു. രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടതും ഇവിടെത്തന്നെ. ഇപ്പോൾ വാനര വസൂരി കണ്ടെത്തിയതും കേരളത്തിലാണ്. നിപ്പാ രോഗം കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട പേരാമ്പ്രയുടെ അന്നത്തെ അവസ്ഥ നന്നായറിയാം. സ്ഥലം എം.പി. എന്ന നിലയിൽ ആദ്യം ഓടിയെത്തിയതും രോഗം മാറുന്നത് വരെ ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങളോടൊപ്പം കഴിഞ്ഞതും ഓർക്കുന്നു. രോഗം അവസാനിക്കും വരെ, ചുമതലയുണ്ടായിരുന്ന മൂന്നു മന്ത്രിമാരും പേരാമ്പ്രയിലെത്തിയില്ല. വീഴ്ച അന്നു തന്നെ ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് താണ്ഡവമാടിയപ്പോഴും അത് കൃത്യമായി ചൂണ്ടിക്കാട്ടിയെന്ന ചാരിതാർത്ഥ്യമുണ്ട്. പി.ആർ. ഏജൻസികളുടെ പിൻബലത്തിൽ, കോടികൾ വാരിയെറിഞ്ഞ് , പൊളളയായ ബഹുമതിയും അംഗീകാരവും വിലയ്ക്കു വാങ്ങാൻ നടത്തിയ വിഫല ശ്രമവും വൈകിയെങ്കിലും കേരളം തിരിച്ചറിഞ്ഞിരിക്കുന്നു.

ഒടുവിൽ കോവിഡ് കാലത്ത് 1600 കോടി രൂപയുടെ വമ്പിച്ച അഴിമതി നടന്നുവെന്ന് രേഖകളുടെ പിൻബലത്തിൽ പ്രാമാണിക ദിന പത്രം റിപ്പോർട്ട് ചെയ്തപ്പോൾ കേരളം ഞെട്ടിത്തരിക്കുകയായിരുന്നു. ഈ നിമിഷം വരെ മടിയിൽ കനമില്ലെന്ന് ആത്മാലാപം നടത്തുന്ന മുഖ്യമന്ത്രി വ്യക്തമായി പ്രതികരിച്ചോ? മുൻ ആരോഗ്യ മന്ത്രി, താനെല്ല, മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് എല്ലാ ഇടപാടുകളും നടന്നതെന്ന് ഉറപ്പിച്ചു പറയുന്നു. നിരാലംബരായ ലക്ഷക്കണക്കിൽ രോഗികളുടെ പേരിലാണ് ഈ കൊള്ളയത്രയും നടത്തിയിട്ടുള്ളത്. ഈ കൊള്ള അന്വേഷിക്കപ്പെടാതെ പോയാൽ ഇനിയൊരു അഴിമതിയും തെളിയിക്കപ്പെടാൻ പോകുന്നില്ല . ഇത് അന്വേഷിക്കപ്പെടണമെന്ന സാമാന്യ ബോധം പോലും നമുക്കാർക്കും ഇല്ലെന്നതിൽ തീവ്ര ദു:ഖം തോന്നുന്നു. ആരോഗ്യ രംഗം വല്ലാത്തപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വേണ്ടത്ര മരുന്നും പരിശോധനാ സംവിധാനവുമില്ലാതെ നമ്മുടെ സർക്കാർ ആശുപത്രികൾ തീരാ ദുരിതത്തിൽ ആണ്. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളുടെ പടി കടക്കാൻ കഴിയാത്ത പതിനായിരങ്ങൾ എന്തു ചെയ്യും ?

മഴയെത്തുടന്ന് കേരളമാകെ പല തരം പനിയും വ്യാപകമായിരിക്കുന്നു. ജീവൻ രക്ഷാ മരുന്നുകൾക്കും ആന്‍റി ബയോട്ടിക് മരുന്നുകൾക്കും സർക്കാർ ആശുപത്രികളിൽ വലിയ ക്ഷാമം നേരിടുകയാണ്. ജീവിത ശൈലീ രോഗങ്ങളുടെ തലസ്ഥാനമായി കേരളം മാറിയതോടെ, ദിവസവും കഴിക്കേണ്ട മരുന്നുകൾ രോഗികൾക്ക് ലഭിക്കാത്ത ദുഷ്ക്കരമായ അവസ്ഥ. ടെണ്ടർ നടപടി വൈകിയതാണത്രെ ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെങ്കിൽ അത് കുറ്റകരമായ അനാസ്ഥയാണ്. ആർക്കാണ് ആരോഗ്യവകുപ്പിന്‍റെ ചുമതല? . ഈ കപ്പൽ ആടിയുലയുന്നുണ്ടല്ലൊ. ഈ വകുപ്പിന് ഒരു കപ്പിത്താൻ വേണ്ടേ? ഇന്നത്തെ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ മാസങ്ങൾ വേണ്ടി വരുമത്രെ. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ കാര്യക്ഷമതയില്ലായ്മയാണ് ഈ ദുരിതത്തിന്‍റെ മുഖ്യ കാരണമെങ്കിൽ ആരാണ് ഇതിന് ഉത്തരം പറയേണ്ടത് ? കഴിഞ്ഞ 5 വർഷത്തിനിടയിൽ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുഖേന വാങ്ങിക്കൂട്ടിയ 235 കോടിയുടെ പരിശോധന യന്ത്രങ്ങൾ മിക്കവയും കേട് വന്നിരിക്കുകയാണെന്ന വാർത്തയും ഞെട്ടൽ ഉളവാക്കുന്നതാണ്. പ്രൈമറി ഹെൽത്ത് സെന്‍റർ മുതൽ മെഡിക്കൽ കോളജുകൾ വരെ അവശ്യ മരുന്നുകൾ ലഭ്യമല്ലെന്നറിഞ്ഞ് മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടത് ഈയിടെയാണ്. ഇന്നത്തെ പ്രതിസന്ധിക്ക് അടിയന്തിരമായി പരിഹാരമുണ്ടാകണം.

സർക്കാറിന്‍റെ കെടുകാര്യസ്ഥത കൊണ്ടുണ്ടായ ദുരിതത്തിന്ന് പരിഹാരം കണ്ടെത്താനുള്ള ഏത് നടപടിയും കോവിഡ്കാലത്തെ 1600 കോടിയുടെ കൊള്ളയെ ഓർമ്മിപ്പിക്കും വിധമാകില്ലെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം ജാഗ്രതയുള്ള ഒരു പൊതു സമൂഹത്തിന്‍റേതാണ്. വളരെ സത്യസന്ധരും സാമൂഹ്യ പ്രതിബദ്ധതയുള്ളവരുമായ നിരവധി മാധ്യമ പ്രവർത്തകന്മാർ നമുക്കുണ്ട്. സ്ഥിരോത്സാഹികളും കഠിനാധ്വാനികളുമായ അവരിൽ പലരും നിരാശരാണ്. അന്വേഷണം തുടർന്നു കൊണ്ടുപോകാനും കുറ്റവാളികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാനും കഴിയാത്തതിലുള്ള ദുഖം. രാഷ്ട്രീയ പാർട്ടികളും അഴിമതി തുറന്ന് കാട്ടുന്നതിൽ കുറച്ചുകൂടി കരുതലും ജാഗ്രതയും സ്വീകരിക്കണം. അഴിമതിക്കു ഉത്തരവാദികളായവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ കഴിഞ്ഞില്ലങ്കിൽ അർത്ഥ ശൂന്യമായ ശബ്ദകോലാഹലങ്ങളായി അത് മാറും.

Story Highlights: Mullapally Ramachandran criticising health minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement