അട്ടപ്പാടി മധു വധക്കേസിൽ തുടർച്ചയായി വീണ്ടും കൂറുമാറ്റം; 16ആം സാക്ഷിയും കൂറുമാറി

അട്ടപ്പാടി മധു വധക്കേസിൽ തുടർച്ചയായി വീണ്ടും കൂറുമാറ്റം.16 ആം സാക്ഷി അബ്ദുൾ റസാഖ് ആണ് ഇന്ന് കൂറുമാറിയത്. ഇതുവരെ ആറ് സാക്ഷികൾ കോടതിയിൽ മൊഴിമാറ്റി പറഞ്ഞു. സാക്ഷികൾ നിരന്തരം കൂറുമാറുന്നത് കേസിനെ ദുർബലപ്പെടുത്തുമെന്നാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ആശങ്ക. (attappadi madhu murder witness)
അട്ടപ്പാടി ഫോറസ്റ്റ് റേഞ്ചിലെ താൽക്കാലിക വാച്ചർ പതിനാറാം സാക്ഷി അബ്ദുൽ റസാഖാണ് ഇന്ന് കോടതിയിൽ മൊഴി മാറ്റിയത്. മധുവിനെ ആൾക്കൂട്ടം മർദ്ദിക്കുന്നത് കണ്ടിട്ടില്ലെന്ന് റസാക്ക് കോടതിയിൽ പറഞ്ഞു. മധു കൊല്ലപ്പെട്ട ദിവസം പെട്ടിക്കൽ തേക്ക് പ്ലാൻ്റേഷനിൽ ജോലിയിലായിരുന്നുവെന്നും റസാഖ് പറഞ്ഞു. ഇതുവരെ ആറു സാക്ഷികളാണ് കേസിൽ കുറുമാറിയത്.
Read Also: അട്ടപ്പാടി മധു കേസ് : മൊഴി മാറ്റി പറഞ്ഞ വനം വകുപ്പ് വാച്ചറെ പിരിച്ച് വിട്ടു
പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച ശേഷം കഴിഞ്ഞ 18നാണ് കേസിലെ വിചാരണ പുനരാരംഭിച്ചത്. ആദ്യദിവസം തന്നെ കേസിലെ പന്ത്രണ്ടാം സാക്ഷി അനിൽകുമാർ കൂറുമാറി. പതിമൂന്നാം സാക്ഷി ആരോഗ്യകാരണങ്ങളാൽ വിചാരണ വേളയിൽ ഹാജരായില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 14,15 സാക്ഷികളും കോടതിയിൽ മൊഴിമാറ്റി പറഞ്ഞു. സാക്ഷികൾ നിരന്തരം കൂറുമാറുന്നത് കേസിനെ ബാധിക്കും എന്നാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ പറയുന്നത്
പ്രതികൾ പണം നൽകി സാക്ഷികളെ സ്വാധീനിച്ചു എന്നാണ് സംശയിക്കുന്നതെന്നും സാക്ഷികൾക്ക് സംരക്ഷണം നൽകാൻ കോടതി തന്നെ നിർദ്ദേശം നൽകിയിരുന്നതാണെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പറയുന്നു.
സാക്ഷികൾ നിരന്തരം കൂറുമാറുന്നതിൽ കടുത്ത ആശങ്കയിലാണ് മധുവിന്റെ കുടുംബം. കൂറുമാറാതിരിക്കാൻ സാക്ഷികൾ തങ്ങളോട് പണം ആവശ്യപ്പെട്ടുവെന്ന ഗുരുതരാരോപണം കഴിഞ്ഞദിവസം മധുവിന്റെ സഹോദരി ഉന്നയിച്ചിരുന്നു. മണ്ണാർക്കാട് എസ്‌സി, എസ്ടി കോടതിയിൽ കേസിന്റെ വിചാരണ തുടരുകയാണ്.
Story Highlights: attappadi madhu murder 16th witness
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here