Advertisement

ആറ് വര്‍ഷം: വിധി തട്ടിയെടുത്തത് ഭര്‍ത്താവിനേയും രണ്ട് മക്കളേയും അമ്മയേയും; വിഷാദത്തെ പൊരുതിതോല്‍പ്പിച്ച് ദ്രൗപതി മുര്‍മു

July 22, 2022
Google News 3 minutes Read

വര്‍ഷം 2009. 25 വയസ് മാത്രം പ്രായമുള്ള തന്റെ മകനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന നടക്കുന്ന വാര്‍ത്ത ദ്രൗപതി മുര്‍മുവിന് കേള്‍ക്കേണ്ടി വരുന്നു. ഒരമ്മയ്ക്കും അത്രയെളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വാര്‍ത്ത. ജീവിതത്തിലേക്ക് തിരികെ വരാന്‍ ഏതൊരു അമ്മയേയും പോലെ മുര്‍മുവും വര്‍ഷങ്ങളെടുത്തു. മൂന്ന് വര്‍ഷക്കാലത്തിനുശേഷം ഒരു വാഹനാപകടം രണ്ടാമത്തെ മകന്റെ ജീവനും കവര്‍ന്നെടുക്കുന്നു. പിന്നെയും രണ്ട് വര്‍ഷത്തിനുള്ളില്‍ വിധി മുര്‍മുവില്‍ നിന്ന് പറിച്ചെടുത്തത് താങ്ങായി നിന്ന ഭര്‍ത്താവിനേയും അമ്മയേയും സഹോദരനേയും. ആറ് വര്‍ഷത്തിനുള്ളില്‍ ജീവനോട് ചേര്‍ന്ന് നിന്ന അഞ്ച് പേരെയാണ് ദ്രൗപതി മുര്‍മുവിന് നഷ്ടമായത്. രാഷ്ട്രപതിയാകുന്ന ഗോത്രവിഭാഗത്തില്‍ നിന്നുള്ള ആദ്യവ്യക്തിയായ ദ്രൗപതി മുര്‍മുവിന് അടുപ്പിച്ചുണ്ടായ വ്യക്തിപരമായ ദുരന്തങ്ങളെ അതിജീവിച്ച അസാധാരണ കഥ കൂടി പറയാനുണ്ട്. (Draupadi Murmu, India’s first tribal President, overcame great personal tragedies)

2009 മുതല്‍ 2015 വരെയുള്ള കാലയളവിലാണ് മുര്‍മുവിന് ഭര്‍ത്താവ് ശ്യാം ചരണ്‍ മുര്‍മുവിനേയും രണ്ട് ആണ്‍മക്കളേയും അമ്മയേയും സഹോദരനേയും നഷ്ടമാകുന്നത്. മകന്റെ മരണത്തില്‍ പതറി നില്‍ക്കുമ്പോഴും അവന്റെ കണ്ണുകള്‍ മറ്റൊരാള്‍ക്ക് ദാനം ചെയ്യാന്‍ ദ്രൗപതി സമ്മതം മൂളിയിരുന്നു. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ശ്യാം ചരണ്‍ മുര്‍മു അപ്രതീക്ഷിതമായി വന്ന ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണത്തിന് കീഴടങ്ങുന്നത്. മകള്‍ ഇതിശ്രീ മുര്‍മുവായിരുന്നു ദ്രൗപതിയുടെ ഏക ആശ്വാസം.

ആത്മീയതയിലും ധ്യാനത്തിലും ദീര്‍ഘകാലമായി താത്പര്യമുണ്ടായിരുന്ന ദ്രൗപതി മുര്‍മു ഇതിലെല്ലാം മനസുറപ്പിച്ചാണ് തന്റെ കടുത്ത വിഷാദകാലങ്ങളെ അതിജീവിച്ചത്. ബ്രഹ്മ കുമാരി സംസ്ഥാന്‍ എന്ന മുന്നേറ്റത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ഗുരുക്കന്മാരുടെ നിര്‍ദേശ പ്രകാരം ദ്രൗപതി പലവിധ ധ്യാനരീതികള്‍ പരിശീലിക്കുകയും ചെയ്തു. ഇത് തന്റെ കയ്‌പ്പേറിയ ജീവിതാനുഭവങ്ങളില്‍ നിന്ന് നേരിയ ആശ്വാസം നല്‍കിയെന്നാണ് മുര്‍മു പറയുന്നത്.

Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച

1958 ജൂണ്‍ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തിലാണ് ദ്രൗപദിയുടെ ജനനം. സന്താള്‍ വശജയാണ് ദ്രൗപദി. ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണര്‍ എന്ന നേട്ടവും ദ്രൗപദിയുടെ പേരിലാണ്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവര്‍ണറായ ആദ്യ ആദിവാസി വനിത എന്ന നേട്ടവും ദ്രൗപദിക്കാണ്. ഒഡിഷയില്‍ 2000 മുതല്‍ 2004 വരെയുള്ള കാലയളവില്‍ വാണിജ്യഗതാഗത വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ കൈകാര്യം ചെയ്തിരുന്നു. പരേതനായ ശ്യാം ചരണ്‍ മുര്‍മുവാണ് ദ്രൗപദിയുടെ ഭര്‍ത്താവ്.

2000 മുതല്‍ 2014 വരെ റയ്‌റങ്ക്പൂര്‍ അസംബ്ലിനിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു ദ്രൗപതി. 2000 മുതല്‍ 2002 വരെ ഒഡീഷയിലെ ബിജു ജനതാദള്‍, ബിജെപി സഖ്യ സര്‍ക്കാരില്‍ സ്വാതന്ത്ര ചുമതലയുള്ള വാണിജ്യ ഗതാഗതമന്ത്രിയായിരുന്നു. 2015ലാണ് ഝാര്‍ഖണ്ഡ് ഗവര്‍ണറാകുന്നത്.

Story Highlights: Draupadi Murmu, India’s first tribal President, overcame great personal tragedies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here