Advertisement

സന്താളികള്‍ക്ക് ഇത് അഭിമാന മുഹൂര്‍ത്തം; രാഷ്ട്രപതി പദത്തിലെത്തുന്ന ആദ്യത്തെ ഗോത്രവംശജയാണ് ദ്രൗപദി മുര്‍മു

July 25, 2022
Google News 3 minutes Read
proud moment for Santalis

രാഷ്ട്രപതിപദത്തിലെത്തുന്ന ആദ്യത്തെ ഗോത്രവംശജയാണ് ദ്രൗപദി മുര്‍മു. ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ റായ്രംഗ്പുരിയില്‍ നിന്നുള്ള സന്താള്‍ ഗോത്ര വിഭാഗത്തില്‍ നിന്നാണ് രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് എത്തുന്നത്. സന്താളികള്‍ക്ക് ഇത് അഭിമാന മുഹൂര്‍ത്തം ( proud moment for Santalis ).

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ജാര്‍ഖണ്ഡ് വനങ്ങളില്‍ ആയുധമെടുത്തു പോരാടിയ സന്താള്‍ ഗോത്രവര്‍ഗത്തില്‍ നിന്നുള്ളയാള്‍ ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയാകുമ്പോള്‍ എഴുതപ്പെടുന്നത് പുതു ചരിത്രമാണ്. ബ്രിട്ടീഷ് നികുതി സമ്പ്രദായത്തിനും ജന്മിമാരുടെ ചൂഷണത്തിനുമെതിരെയുള്ള പ്രതിഷേധമാണ് 1855 ല്‍ ‘സന്താള്‍ വിപ്ലവ’ത്തിനു തുടക്കമിട്ടത്. സന്താള്‍ എന്ന ഗോത്ര വിഭാഗം ഇന്ത്യക്കാര്‍ക്ക് സുപരിചിതരായത് ഈ വിപ്ലവത്തിലൂടെ ആണ്.

Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച

എന്നാല്‍ സമാന്തര ഭരണം സ്ഥാപിച്ചുള്ള സായുധ സമരം ബ്രിട്ടിഷ് പട്ടാളം 1856ല്‍ അടിച്ചമര്‍ത്തി. കൊടുംവനത്തില്‍ അമ്പും വില്ലുമായി പോരാടിയ പതിനയ്യായിരത്തിലേറെ സന്താള്‍ പോരാളികളാണ് ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റു മരിച്ചത്.

ഒഡീഷയില്‍ സന്താള്‍ ഗോത്രവര്‍ഗക്കാര്‍ക്കു ഭൂരിപക്ഷമുള്ള മയൂര്‍ഭഞ്ച് ജില്ലയില്‍ നിന്നുള്ളയാളാണ് ദ്രൗപദി. സന്താളിയാണ് ഗോത്രത്തിന്റെ ഭാഷ. ‘ഒലാഹ്’ എന്ന പേരില്‍ ചിത്രപ്പണികളോടെ നിര്‍മിക്കുന്ന വീടുകള്‍ ഇവരുടെ പ്രത്യേകതയാണ്.

ജാര്‍ഖണ്ഡ്, ഒഡീഷ, ബിഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണു സന്താള്‍ ജനത ഏറെയുള്ളത്. വിവിധ സംസ്ഥാനങ്ങളിലായി 70 ലക്ഷത്തോളം പേരുണ്ടെന്നാണു കണക്ക്. നേപ്പാള്‍, ബംഗ്ലദേശ് എന്നീ അയല്‍രാജ്യങ്ങളിലും ഈ വിഭാഗക്കാരുണ്ട്.

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, കേന്ദ്രമന്ത്രി വിശ്വേശ്വര്‍ ടുഡു, കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിനു ശേഷമുള്ള ആദ്യ ലഫ്. ഗവര്‍ണറും നിലവില്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലുമായ ഗിരീഷ് ചന്ദ്ര മുര്‍മു, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാന്‍ഡി, നിലവിലെ ഏറ്റവും പ്രായംകുറഞ്ഞ ലോക്‌സഭാംഗം ഒഡീഷയില്‍ നിന്നുള്ള ചന്ദ്രാണി മുര്‍മു എന്നിവരാണു സന്താള്‍ വിഭാഗത്തില്‍നിന്നുള്ള മറ്റു പ്രമുഖര്‍.

Story Highlights: This is a proud moment for Santalis; Draupadi Murmu is the first tribal woman to become President

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here