Advertisement

ഔദ്യോഗിക അനുമതിയുണ്ടായിരുന്നു, മഹല്ല് ഖ്വാളിയും പിന്തുണച്ചു; പേരാമ്പ്രയിലെ വധുവിന്റെ സഹോദരന്‍

August 6, 2022
Google News 2 minutes Read
fasil shajahan fb post about perambra nikah controversy

പേരാമ്പ്രയില്‍ നിക്കാഹ് വേദിയില്‍ വരനൊപ്പം പങ്കെടുത്ത സംഭവത്തില്‍ വിവാദങ്ങള്‍ക്ക് പിന്നാലെ പ്രതികരണവുമായി വധുവിന്റെ സഹോദരന്‍. അപ്രതീക്ഷിതമായിട്ടാണ് സഹോദരിയുടെ നിക്കാഹ് വിവാദമായത്. മഹല്ലുകമ്മിറ്റി പബ്ലിക്കായി നോട്ടീസിറക്കിയതാണ് സമ്മര്‍ദമായതെന്നും കഴിഞ്ഞ ദിവസം ചിലര്‍ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്നും സഹോദരന്‍ ഫാസില്‍ ഷാജഹാന്‍ പറഞ്ഞു.

‘ഞങ്ങള്‍ ഏഴു മക്കളില്‍ അവസാനത്തെ പെങ്ങളുടെ വിവാഹ നിക്കാഹ് വിവാദമായത് തികച്ചും അപ്രതീക്ഷിതമായാണ്. മഹല്ല് ഖാളിയുടെയും മഹല്ല് ജനറല്‍ സെക്രട്ടറിയുടെയും പൂര്‍ണ്ണ ആശിര്‍വാദത്തോടെയും ഔദ്യോഗിക അനുമതിയോടെയും കൂടിയാണ് നിക്കാഹിന്റെ വേദിയില്‍ ഉപ്പയോടും വരനോടും നാനൂറോളം ബന്ധുജനങ്ങളോടും ഒപ്പം പെങ്ങള്‍ നിക്കാഹിനു പങ്കെടുത്തത്.

പലയിടത്തും ഇക്കാര്യം ചര്‍ച്ചാ വിഷയമായെങ്കിലും യാതൊരു പ്രതികരണവും ഞങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല. പിന്നീട് മഹല്ലുകമ്മിറ്റി തന്നെ പബ്ലിക്കായി ഒരു നോട്ടീസിറക്കിയതാണ് ഇപ്പോള്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നത്. ഇന്നലെ കുറച്ച് പയ്യന്‍സ് വീട്ടിലെത്തി ഭീഷണി മുഴക്കുകയും ചെയ്തു.

വിഷയം കുടുംബവുമായി ചര്‍ച്ച ചെയ്യുന്നതിനു പകരം ഗള്‍ഫിലേത് അടക്കമുള്ള വിവിധ വാട്‌സപ് ഗ്രൂപ്പുകളില്‍ വിഷയം ചര്‍ച്ചയ്ക്ക് ഇട്ടത് പക്വതയാര്‍ന്ന നടപടിയല്ല. ശേഷം പത്രക്കാരും ചാനലുകാരുമടക്കം നിരവധി ഫോണ്‍കോളുകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. എല്ലാവരോടും മറുപടി പറയുക സാധ്യമല്ല’. ഫാസില്‍ ഷാജഹാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Read Also: ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദിൻ്റെ മകന് പ്രിയപ്പെട്ട ചെസ് കളിക്കാരൻ ആര്?

ജൂലൈ 30നാണ് പാറക്കടവ് ജുമാമസ്ജിദില്‍ നിക്കാഹ് ചടങ്ങുകള്‍ക്കിടെ വരനൊപ്പം വധുവും വേദിയിലിരുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മിഡിയയില്‍ വൈറലായതോടെ ഒട്ടേറെ പേരാണ് അഭിനന്ദനവുമായി എത്തിയത്. പുരോഗമനപരമായ തീരുമാനത്തില്‍ മഹല്ല് കമ്മിറ്റിയെയും പ്രശംസിച്ചു. എന്നാല്‍ ഇതിനുപിന്നാലെ വിമര്‍ശനങ്ങളുയര്‍ന്നതോടെയാണ് മഹല്ല് കമ്മിറ്റി പ്രസ്താവനയിറക്കിയത്.
പള്ളിയിലെ നികാഹ് വേദിയില്‍ വധുവിന് പ്രവേശനം അനുവദിച്ച രീതിയെ അംഗീകരിക്കുന്നില്ലെന്നായിരുന്നു മഹല്ല് കമ്മിറ്റിയുടെ പ്രതികരണം. മഹല്ല് ജനറല്‍ സെക്രട്ടറിയോട് നികാഹിന്റെ തൊട്ടുമുമ്പാണ് കുടുംബം സമ്മതം ചോദിച്ചതെന്നും സെക്രട്ടറി സ്വന്തം നിലയ്ക്ക് അനുവാദം നല്‍കിയത് വലിയ വീഴ്ചയാണെന്നും കമ്മിറ്റി ഇറക്കിയ നോട്ടിസില്‍ പറഞ്ഞു.

Story Highlights: fasil shajahan fb post about perambra nikah controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here