ലഭിച്ചത് 528 വോട്ടുകൾ; ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി

ഇന്ത്യയുടെ 14ആമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ തെരഞ്ഞെടുക്കപ്പെട്ടു. ഈ മാസം 11ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 528 വോട്ടാണ് എൻഡിഎ സ്ഥാനാർത്ഥിയായ ധൻകറിനു ലഭിച്ചത്. പ്രതിപക്ഷ സംയുക്ത സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയ്ക്ക് വെറും 182 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. 93 ശതമാനം എംപിമാരും വോട്ട് രേഖപ്പെടുത്തിയിരുന്നു. (jagdeep dhankar vice president)
ജനതാദൾ (യുണൈറ്റഡ്), വൈഎസ്ആർസിപി, ബിഎസ്പി, എഐഎഡിഎംകെ, ശിവസേന എന്നിവ ധങ്കറിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ആം ആദ്മി പാർട്ടി (എഎപി), ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം), തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) എന്നിവ ആൽവയെ പിന്തുണച്ചു.
Read Also: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തി
ലോക്‌സഭയിലെയും രാജ്യസഭയിലെയും 780 എംപിമാർ അടങ്ങുന്നതാണ് ഇലക്ടറൽ കോളജ്. ലോക്‌സഭയിൽ 543 എംപിമാരും രാജ്യസഭയിൽ നാമനിർദേശം ചെയ്യപ്പെട്ട ഒമ്പത് പേരടക്കം 237 എംപിമാരുമാണ് നിലവിലുള്ളത്. 391 വോട്ടാണ് ജയിക്കാനാവശ്യം. ബിജെപിക്ക് മാത്രമായി ലോക്‌സഭയിൽ 303ഉം രാജ്യസഭയിൽ 91ഉം അംഗങ്ങളുണ്ട്.
കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിൽ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം പ്രതിപക്ഷ കൂട്ടായ്‌മയ്‌ക്ക് തിരിച്ചടിയാണ്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹിയിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ചയും നടത്തി. 43 എംപിമാരാണ് തൃണമൂലിനുള്ളത്.
ഇപ്പോഴത്തെ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവിന്റെ കാലാവധി ഈ മാസം പത്തിന് അവസാനിക്കും.
Story Highlights: jagdeep dhankar vice president
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here