‘ബഹിരാകാശം എന്ന് കേട്ടിട്ടേ ഉള്ളു, പക്ഷേ നമ്മൾ ഉണ്ടാക്കിയ ഒരു പേടകം ബഹിരാകാശത്ത് എത്തുകയെന്നത് വിശ്വസിക്കാൻ പറ്റുന്നില്ല’; മലപ്പുറത്തെ വിദ്യാർത്ഥിനികൾ പറയുന്നു

ബഹിരാകാശത്തെ കുറിച്ച് പഠിക്കുന്ന കാലത്ത് ബഹിരാകാശത്തേക്ക് സ്വന്തമായി നിർമിച്ച പേടകം അയച്ച് ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഇന്ത്യയിലെ ഒരുകൂട്ടം പെൺകുട്ടികൾ. രാജ്യത്തെ 75സർക്കാർ വിദ്യാലയങ്ങളിലെ 750 പെൺകുട്ടികൾ ചേർന്ന് നിർമിച്ചതാണ് ആസാദി സാറ്റ്. ഇവരിൽ കേരളത്തിന് അഭിമാനമായി മലപ്പുറത്തെ ഒരു കൂട്ടം വിദ്യാർത്ഥിനികളുമുണ്ട്. മലപ്പുറം മംഗലം സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികളായ അൻഷ സി.പി, അർഷ കെ, ഹന പി, ഫഹ്‌മിയ കെ, നൂസിയ കെ, നിഹ കുന്നത്ത്, നിക കളത്തിൽ, നിദ എ, നജ ഫാത്തിമ സി, ദിയ ഫാത്തിമ കെ എന്നിവർ ആസാദി സാറ്റ് എന്ന കുഞ്ഞൻ പേടകത്തിന്റെ അണിയറയിൽ പ്രവർത്തിച്ചത്. ( malappuram govt school students behind azadi sat )
എങ്ങനെയാണ് പദ്ധതിയുടെ ഭാഗമായതെന്ന ചോദ്യത്തോട് വിദ്യാർതഥിനികളുടെ പ്രതികരണം ഇങ്ങനെ -‘ഞങ്ങളുടെ ഫിസിക്‌സ് ടീച്ചറാണ് ഇതിന് പിന്നിൽ. ഇത്തരമൊരു അവസരമുണ്ടെന്ന് പറഞ്ഞ് വിളിച്ചു. ഞങ്ങൾ പത്ത് കുട്ടികൾ താത്പര്യമറിയിച്ച് ചെന്നു. ഐഎസ്ആർഒയിൽ നിന്ന് വിഡിയോ അയച്ച് തരും. അതനുസരിച്ച് ചിപ് ബോർഡിൽ പ്രോഗ്രാം ചെയ്ത് അവർക്ക് തിരിച്ചയക്കുകയായിരുന്നു’- പിന്നിൽ പ്രവർത്തിച്ച മറ്റൊരു വിദ്യാർത്ഥിനി പറഞ്ഞു.
Read Also: അഭിമാന പേടകം വിക്ഷേപിച്ചു; വിജയാഹ്‌ളാദത്തിൽ മലപ്പുറത്തെ വിദ്യാർത്ഥിനികളും
‘ഞങ്ങൾ ഒൻപതാം ക്ലാസിലായിരുന്നപ്പോഴാണ് പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഒരു ഭാഗമായത് വലിയ ഭാഗ്യമാണ്. സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാത്ത അവസ്ഥയാണ്. ചെറിയ ഒരു ഭാഗം മാത്രമാണ് ഞങ്ങൾ ചെയ്യുന്നതെന്ന് വിചാരിച്ചത്. ഇപ്പോഴാണ് മനസിലായത് വലിയ ഒരു പദ്ധതിയുടെ ഭാഗമായതെന്ന് മനസിലാകുന്നത്. പത്താം ക്ലാസ് പരീക്ഷയുടെ ഇടയിൽ പോലും കൃത്യമായി പ്രവർത്തിക്കാൻ സാധിച്ചു’- ചരിത്ര നേട്ടത്തിന്റെ ഭാഗമായ വിദ്യാർത്ഥിനി പറഞ്ഞു. ശാസ്ത്ര ലോകത്തിലേക്ക് വലിയൊരു കാൽവയ്പ്പാണ് കുട്ടികൾ നടത്തിയിരിക്കുന്നതെന്ന് അധ്യാപകർ പറയുന്നു.
ഭൂമധ്യരേഖയിൽ നിന്നും 350 കിലോമീറ്റർ അകലെയുള്ള, ലോവർ എർത്ത് ഓർബിറ്റിലും സൺസിംക്രനൈസ് ഓർബിറ്റിലേയ്ക്കുമുള്ള വിക്ഷേപണം ലക്ഷ്യമിട്ടാണ് എസ്എസ്എൽവി ഡി വൺ അതിന്റെ പ്രഥമ ദൗത്യത്തിലേയ്ക്ക് കടക്കുന്നത്. അഞ്ഞൂറ് കിലോമീറ്റർ ദൂരപരിധിയിൽ അഞ്ഞൂറ് കിലോഗ്രാമിൽ താഴെയുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിയ്ക്കാൻ എസ്എസ്എൽവിയ്ക്ക് സാധിയ്ക്കും. വാണിജ്യ വിക്ഷേപണ രംഗത്ത് ഏറെ ഉപകാരപ്രദമാകുന്നതാണ് പുതിയ വാഹനം.ഒരാഴ്ച കൊണ്ട് എസ്എസ്എൽവി വിക്ഷേപണത്തിന് തയ്യാറാക്കാൻ സാധിയ്ക്കും. പിഎസ്എൽവിയ്ക്ക് ഇത്, 40 ദിവസം വരെയാണ്. ഇതുതന്നെയാണ് എസ്എസ്എൽവിയുടെ പ്രധാന പ്രത്യേകതയും.
രണ്ട് ഉപഗ്രഹങ്ങളാണ് എസ്എസ്എൽവി വഹിയ്ക്കുന്നത്. ഭൗമനിരീക്ഷണവും പഠനവും ഗവേഷണവുമാണ് ഇഒഎസ് 02 വിന്റെ ദൗത്യം. രാജ്യത്തെ 75സർക്കാർ വിദ്യാലയങ്ങളിലെ 750 പെൺകുട്ടികൾ ചേർന്ന് നിർമിച്ചതാണ് ആസാദി സാറ്റ്. എട്ട് കിലോ തൂക്കമുള്ള ആസാദി സാറ്റിന് ആറുമാസത്തെ കാലാവധിയുണ്ട്. ഹാം റേഡിയോ പ്രക്ഷേപണത്തിനുള്ള ട്രാൻസ്‌പോണ്ടറുകളും ബഹിരാകാശ ഗവേഷണത്തിനുള്ള സംവിധാനവുമാണ് ഈ നാനോ ഉപഗ്രഹത്തിലുള്ളത്. സെൽഫി കാമറയും സജ്ജീകരിച്ചിട്ടുണ്ട്. വിക്ഷേപണം ആരംഭിച്ച് 13 മിനിറ്റ് രണ്ട് സെക്കൻഡുകൾ കൊണ്ട് രണ്ട് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തും.
നമ്മുടെയൊന്നും ചിന്താശകലങ്ങൾ എത്തിപ്പെടാത്തത്ര അനന്തതയിൽ നിൽക്കുന്ന ബഹിരാകാശത്ത് സ്വപ്രയത്‌നം കൊണ്ട് ഒരു പേടകമുണ്ടാക്കി ശാസ്ത്രജ്ഞർക്കൊപ്പം തലയുയർത്തി നിൽക്കുകയാണ് ഈ പെൺകുട്ടികൾ.
Story Highlights: malappuram govt school students behind azadi sat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here