ബന്ധം വിഛേദിക്കപ്പെട്ടു; എസ്എസ്എൽവി വിക്ഷേപണത്തിൽ ആശങ്ക

ഇന്ത്യയുടെ പുതിയ ഹ്രസ്വദൂര ബഹിരാകാശ പര്യവേഷണ വാഹനമായ സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ വിക്ഷേപണത്തിൽ ആശങ്ക. ഉപഗ്രഹവുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടു. സിഗ്നലുകൾക്കായി കാത്തിരിക്കുന്നു എന്ന് ഐഎസ്ആർഓ അറിയിച്ചു. (sslv isro data loss)
രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്നാണ് എസ്എസ്എൽവി ഡി-1 കുതിച്ചുയർന്നത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് രണ്ടും മലപ്പുറത്തെ സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥിനികൾ നിർമിച്ച ആസാദി സാറ്റുമാണ് ഭ്രമണപഥത്തിൽ എത്തിയത്.
മലപ്പുറം മംഗലം സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികളുമുണ്ട് ഈ കുഞ്ഞൻ പേടകത്തിന് പിന്നിൽ. ‘ഞങ്ങളുടെ ഫിസിക്‌സ് ടീച്ചറാണ് ഇതിന് പിന്നിൽ. ഇത്തരമൊരു അവസരമുണ്ടെന്ന് പറഞ്ഞ് വിളിച്ചു. ഞങ്ങൾ പത്ത് കുട്ടികൾ താത്പര്യമറിയിച്ച് ചെന്നു. ഐഎസ്ആർഒയിൽ നിന്ന് വിഡിയോ അയച്ച് തരും. അതനുസരിച്ച് ചിപ് ബോർഡിൽ പ്രോഗ്രാം ചെയ്ത് അവർക്ക് തിരിച്ചയക്കുകയായിരുന്നു’- പിന്നിൽ പ്രവർത്തിച്ച വിദ്യാർത്ഥിനി പറഞ്ഞു.
ഭൂമധ്യരേഖയിൽ നിന്നും 350 കിലോമീറ്റർ അകലെയുള്ള, ലോവർ എർത്ത് ഓർബിറ്റിലും സൺസിംക്രനൈസ് ഓർബിറ്റിലേയ്ക്കുമുള്ള വിക്ഷേപണം ലക്ഷ്യമിട്ടാണ് എസ്എസ്എൽവി ഡി വൺ അതിന്റെ പ്രഥമ ദൗത്യത്തിലേയ്ക്ക് കടക്കുന്നത്. അഞ്ഞൂറ് കിലോമീറ്റർ ദൂരപരിധിയിൽ അഞ്ഞൂറ് കിലോഗ്രാമിൽ താഴെയുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിയ്ക്കാൻ എസ്എസ്എൽവിയ്ക്ക് സാധിയ്ക്കും. വാണിജ്യ വിക്ഷേപണ രംഗത്ത് ഏറെ ഉപകാരപ്രദമാകുന്നതാണ് പുതിയ വാഹനം.ഒരാഴ്ച കൊണ്ട് എസ്എസ്എൽവി വിക്ഷേപണത്തിന് തയ്യാറാക്കാൻ സാധിയ്ക്കും. പിഎസ്എൽവിയ്ക്ക് ഇത്, 40 ദിവസം വരെയാണ്. ഇതുതന്നെയാണ് എസ്എസ്എൽവിയുടെ പ്രധാന പ്രത്യേകതയും.
രണ്ട് ഉപഗ്രഹങ്ങളാണ് എസ്എസ്എൽവി വഹിയ്ക്കുന്നത്. ഭൗമനിരീക്ഷണവും പഠനവും ഗവേഷണവുമാണ് ഇഒഎസ് 02 വിന്റെ ദൗത്യം. രാജ്യത്തെ 75സർക്കാർ വിദ്യാലയങ്ങളിലെ 750 പെൺകുട്ടികൾ ചേർന്ന് നിർമിച്ചതാണ് ആസാദി സാറ്റ്. എട്ട് കിലോ തൂക്കമുള്ള ആസാദി സാറ്റിന് ആറുമാസത്തെ കാലാവധിയുണ്ട്. ഹാം റേഡിയോ പ്രക്ഷേപണത്തിനുള്ള ട്രാൻസ്‌പോണ്ടറുകളും ബഹിരാകാശ ഗവേഷണത്തിനുള്ള സംവിധാനവുമാണ് ഈ നാനോ ഉപഗ്രഹത്തിലുള്ളത്. സെൽഫി കാമറയും സജ്ജീകരിച്ചിട്ടുണ്ട്. വിക്ഷേപണം ആരംഭിച്ച് 13 മിനിറ്റ് രണ്ട് സെക്കൻഡുകൾ കൊണ്ട് രണ്ട് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തും.
Story Highlights: sslv launch isro data loss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here