റിഫ മെഹ്നുവിന്റെ മരണം; ഭർത്താവ് മെഹ്നാസിന്റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും

വ്‌ളോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ ഭർത്താവ് മെഹ്നാസിന്റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും. മെഹ്നാസിന്റെ മുൻകൂർ ജാമ്യപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാക്കൂർ പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടക്കുന്നത്. ( mehnas arrest today )
പോക്‌സോ കേസിൽ റിമാൻഡിലായ ഇയാൾ ഇപ്പോൾ ജയിലിലാണ്. അന്വേഷണസംഘം പ്രൊഡക്ഷൻ വാറന്റിന് വേണ്ടിയുള്ള അപേക്ഷ നൽകിയിട്ടുണ്ട്. കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക. മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂർ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സ്ത്രീയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ, ആത്മഹത്യ പ്രേരണ കുറ്റം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് മെഹ്നാസിനെതിരെ കേസെടുത്തത്.
മാർച്ച് ഒന്നിനാണ് റിഫയെ ഫ്‌ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിച്ചു മറവു ചെയ്യുകയും ചെയ്തു. പിന്നീട് സംശയം തോന്നിയ രക്ഷിതാക്കൾ പരാതി നൽകിയപ്പോഴാണ് റിഫയുടെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ് മോർട്ടം നടത്തിയത്. തൂങ്ങി മരണം ആണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
Story Highlights: mehnas arrest today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here