India at 75: കടലില്‍ 75 അടി താഴ്ചയിലും ഉയര്‍ന്ന് ഇന്ത്യന്‍ പതാക; രാജ്യത്തിന് അഭിമാനമായി അരവിന്ദ് തരുണ്‍

ഇന്ത്യയുടെ 75-ാം സ്വാതന്ത്രദിനത്തിനു മാറ്റുകൂട്ടാന്‍ കടലില്‍ 75 അടി താഴ്ചയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രശസ്ത സ്‌ക്യൂബാ ഡൈവര്‍ അരവിന്ദ് തരുണ്‍ ശ്രീ. നീണ്ടപതിനാറു വര്‍ഷമായി ‘അണ്ടര്‍ വാട്ടര്‍ ഫ്‌ലാഗ് ഹോയ്‌സറ്റിംഗ്’ നടത്തിവരികയാണ് ഈ സാഹസികന്‍. കഴിഞ്ഞ വര്‍ഷം കടലില്‍ 60 അടിയില്‍ ദേശീയ പതാക ഉയര്‍ത്തിയാണ് അരവിന്ദ് സ്വതന്ത്ര ദിനം ആഘോഷിച്ചത്. ഈ വര്‍ഷം അത് 75അടിയാണ്. ജന്മസ്ഥലമായ ചെന്നൈയിലാണ് ഈ പ്രശസ്ത സ്‌ക്യൂബാ ഡൈവരുടെ വെള്ളത്തിടയിലെ സാഹസിക പ്രവര്‍ത്തനങ്ങള്‍. (India at 75 Chennai scuba diver raises flag 75ft under the sea)
ടെംപിള്‍ അഡ്വഞ്ചര്‍ എന്ന് പേരിട്ടിരിക്കുന്ന സ്‌ക്യൂബാ ട്രെയിനിങ് സെന്റര്‍ വഴി ഒരുപാട് പേര്‍ക്ക് സ്‌ക്യൂബാ ഡൈവിഗില്‍ പരിശീലനം നല്കുന്നതിനോടൊപ്പം വിവിധ രീതിയിലുള്ള, കൗതുകമാര്‍ന്ന ആഘോഷങ്ങളും കടലിനടിയില്‍ അരവിന്ദും സംഘവും നടത്താറുണ്ട്. ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മാരേജ് നടത്തിയത് അരവിന്ദും സ്‌ക്യൂബാ ഡൈവിങ് സംഘവും ചേര്‍ന്നാണ്, അതും വളരെ പാരമ്പരാഗതമായും ചടങ്ങുകള്‍ ഒന്നും തെറ്റിക്കാതെയും ഭംഗിയായിട്ടായിരുന്നു നടത്തിയിരുന്നത്. അണ്‍ര്‍വാട്ടര്‍ ഫൈറ്റിംഗ്, അണ്ടര്‍വാട്ടര്‍ ഒളിംപിക്‌സ്, അണ്ടര്‍വാട്ടര്‍ എക്‌സസൈസ് എന്നിങ്ങനെ വ്യത്യസ്തമാര്‍ന്ന വെള്ളത്തിടയിലെ സാഹസികത പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പ്രശസ്തമാണ് ചെന്നൈയിലെ ടെംപിള്‍ അഡ്വഞ്ചര്‍ എന്ന അരവിന്ദിന്റെ സ്‌ക്യൂബാ ട്രെയിനിങ് സെന്റര്.
ചെന്നൈയിലും പുതുച്ചേരിയിലും ഡൈവിങ് പരിശീലനകേന്ദ്രങ്ങള്‍ നടത്തുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ അരവിന്ദ് 20 വര്‍ഷമായി ഈ രംഗത്തുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ചെസ്സ് ഒളിമ്പ്യാഡിന്റെ ഭാഗമായി മഹാബലിപുരത്ത് അരവിന്ദും സംഘവും കടലില്‍ 60 അടി താഴ്ചയില്‍ ചെസ് കളിച്ചതും ശ്രദ്ധേയമായിരുന്നു. കടലിനടിയിലെ കളിക്കുവേണ്ടി വെള്ളത്തില്‍ പൊങ്ങിപ്പോകാത്ത പ്രത്യേകതരം ചെസ് ബോര്‍ഡും കരുക്കളും ആണ് ഒരുക്കിയിരുന്നത്. സ്‌ക്യൂബ ഡൈവിങ്ങിന്റെ ഉടയാടകള്‍ക്കു പകരം മുണ്ടും വേഷ്ടിയും ധരിച്ചെത്തിയ അരവിന്ദ് ചെസ് ഒളിമ്പ്യാഡിന്റെ ഭാഗ്യചിഹ്നമായ തമ്പിയുടെ മുഖംമൂടിയണിഞ്ഞാണ് കടലിനടിയിലേക്ക് ഊളിയിട്ടത്. വെള്ളത്തിനടിയിലെ എല്ലാ പരീക്ഷണങ്ങള്‍ക്കും കൂട്ടായി ഇദ്ദേഹത്തിന്റെ കുടുംബവും ചേരാറുണ്ട്. തന്റെ മകളെയും സ്‌ക്യൂബാ പരിശീലിപ്പിച്ച് വഴികാട്ടുകയാണ് ഈ സ്‌ക്യൂബാ ഡൈവര്‍.
വെള്ളത്തിടയില്‍ സാഹസങ്ങള്‍ നടത്തുന്നതിന്റെ പ്രധാന കാരണം സമുദ്ര മലിനീകരണത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനാണെന്ന് അരവിന്ദ് എടുത്തു പറഞ്ഞിരുന്നു. കരയിലെന്നപോലെ സമുദ്രത്തിലും സ്വാതന്ത്ര്യദിനം ആഘോഷിക്കാമെന്ന് വിശ്വസിക്കുന്ന അദ്ദേഹം എല്ലാ വര്‍ഷവും കടലിനടിയില്‍ പതാക ഉയര്‍ത്തുന്ന ഒരേയൊരു ഇന്ത്യക്കാരനാണ്. വരും നാളുകളില്‍ അതിസാഹസികമായ മറ്റു പല കാര്യങ്ങളും ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് അരവിന്ദ് പറയുന്നു. മനസ്സില്‍ അതിനുള്ള ആശയങ്ങള്‍ എല്ലാം തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: India at 75 Chennai scuba diver raises flag 75ft under the sea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here