Advertisement

സ്വാതന്ത്ര്യദിനത്തിൽ ഉപ്പിനെന്ത് കാര്യം; കോമിക്കിലൂടെ ദണ്ഡിയാത്ര ഓർമിപ്പിച്ച് സൊമാറ്റോ

August 15, 2022
Google News 2 minutes Read
zomato independence day comic

ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കുചേർന്ന് പ്രമുഖ ഭക്ഷണവിതരണ ശൃംഘലയായ സൊമാറ്റോ. ഇന്ത്യ സ്വതന്ത്ര്യയാവുന്നതിൽ നിർണായക പങ്കുവഹിച്ച ദണ്ഡിയാത്രയുമായി ബന്ധപ്പെട്ട വ്യത്യസ്തമായ ഒരു കോമിക്ക് പങ്കുവച്ചാണ് സൊമാറ്റോ രാജ്യത്തിൻ്റെ 75 സ്വതന്ത്ര വർഷങ്ങൾ ആഘോഷിച്ചത്. (zomato independence day comic)

ഉപ്പും കുരുമുളകുമാണ് കോമിക്കിലെ കഥാപാത്രങ്ങൾ. ഉപ്പിനോട് പലരും സ്വാതന്ത്ര്യദിനാശംസകൾ നേരുമ്പോൾ കുരുമുളക് അതിശയിക്കുന്നു. അങ്ങനെ കുരുമുളക് ഇക്കാര്യം ഉപ്പിനോട് ചോദിക്കുന്നു, ‘എന്താണ് എല്ലാവരും തനിക്ക് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്?’. ഈ ചോദ്യത്തിനു മറുപടിയായി ഉപ്പ് പറയുന്നത് ദണ്ഡിയാത്രയുടെ ചരിത്രമാണ്. ‘എൻ്റെ മുൻതലമുറ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരാണ്. അവർ ദണ്ഡിയാത്രയുടെ ഭാഗമായിരുന്നു’ എന്ന ഉപ്പിൻ്റെ മറുപടി കേട്ട് കുരുമുളകും സ്വാതന്ത്ര്യ ദിനാശംസ നേരുന്നു.

Read Also: ഇന്ത്യയുടെ വളർച്ച ഏറെ പ്രചോദനകരം; മോദിയെ അഭിനന്ദിച്ച് ബിൽ ഗേറ്റ്സ്

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ഏടുകളിലൊന്നാണ് ദണ്ഡിയാത്ര. 1930 മാർച്ച് 12 ന് സബർമതി ആശ്രമത്തിൽ നിന്ന് ആരംഭിച്ച സത്യാഗ്രഹ യാത്ര 24 ദിവസങ്ങൾക്കു ശേഷം ഏപ്രിൽ അഞ്ചിനാണ് നവസാരിയിലെ ദണ്ഡി കടപ്പുറത്തെത്തിയത്. ഉപ്പു കുറുക്കി ഗാന്ധിജി ഉപ്പിന്റെ വിൽപ്പനയിൽ ബ്രിട്ടീഷ് സർക്കാർ ഏർപ്പെടുത്തിയ വാണിജ്യ ആധിപത്യത്തെ വെല്ലുവിളിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പൂർണ സ്വരാജ് പ്രഖ്യാപിച്ചതിനു ശേഷം നടന്ന ആദ്യ പ്രഖ്യാപിത സമരമായിരുന്നു ഇത്. രാജ്യത്ത് വലിയ അലയൊലികളുണ്ടാക്കാൻ ഈ സമരത്തിന് കഴിഞ്ഞു.

രാജ്യത്തെ കടപ്പുറങ്ങളിൽ എല്ലാം സ്വാതന്ത്രസമര സേനാനികൾ ഉപ്പു കുറുക്കി അറസ്റ്റിലായി. ഗാന്ധിയെയും ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇതോടെ ആഗോള ശ്രദ്ധ നേടിയ ഉപ്പു സത്യാഗ്രഹം കൂടുതൽ കരുത്താർജിച്ചു. ഉപ്പു സത്യാഗ്രഹത്തിന്റെ ജനപ്രീതി, ധാരാളം സാധാരണക്കാരായ ജനങ്ങളെ ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിലേക്ക് ആകർഷിച്ചു. ഒരു വർഷക്കാലം നീണ്ടു നിന്ന സമരമായിരുന്നു ഇത്.

ദണ്ഡിയിലെ അലയൊലികൾ കേരളത്തിലെ പയ്യന്നൂർ കടപ്പുറത്തും പ്രതിഫലിച്ചു. 1930 ഏപ്രിൽ 13ന് കേളപ്പന്റെ നേതൃത്വത്തിൽ കോഴിക്കോട്ടു നിന്ന് ആരംഭിച്ച യാത്ര ഏപ്രിൽ 23ന് പയ്യന്നൂർ കടപ്പുറത്തെത്തി ഉപ്പു കുറുക്കൽ ആരംഭിച്ചു. തുടർന്ന് 1930 ജൂൺ 8ന് സമസ്ത കേരള ഉപ്പു ദിനം മലബാറിന്റെ വിവിധ ഭാഗങ്ങളിൽ കൊണ്ടാടി. സത്യാഗ്രഹത്തിന്റെ പ്രത്യാഖ്യാതമെന്നോണം 1931 ൽ ഗാന്ധി- ഇർവിൻ സന്ധിയിലെ വ്യവസ്ഥകൾ അനുസരിച്ച് ഉപ്പുണ്ടാക്കാനുള്ള അധികാരം ജനങ്ങൾക്ക് ലഭിച്ചു.

അബ്ദുറഹിമാൻ സാഹിബ്, പി കൃഷ്ണ പിള്ള തുടങ്ങിയ നിരവധി സ്വാതന്ത്ര്യസമര പോരാളികൾ ഉപ്പു കുറുക്കിയതിനെ തുടർന്ന് അറസ്റ്റ് വരിച്ചു. അഹിംസാത്മകമായി നടന്ന ഉപ്പു സത്യാഗ്രഹവും ദണ്ഡിയാത്രയും ഇന്ത്യൻ സ്വാതന്ത്രസമരത്തിന്റെ ജ്വലിക്കുന്ന ഓർമയായി എന്നും നിലനിൽക്കുമെന്ന് തന്നെയാണ് കഴിഞ്ഞ ഒൻപത് പതിറ്റാണ്ടുകൾ സാക്ഷ്യപ്പെടുത്തുന്നത്.

Story Highlights: zomato independence day comic

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here