Advertisement

പൊരുതി വാലറ്റം; സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് 190 റൺസ് വിജയലക്ഷ്യം

August 18, 2022
Google News 2 minutes Read
india 190 runs zimbabwe

സിംബാബ്‌വെയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 190 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 40.3 ഓവറിൽ 189 റൺസിന് ഓൾഔട്ടാവുകയായിരുന്നു. 8 വിക്കറ്റിന് 110 റൺസെന്ന നിലയിൽ പതറിയ സിംബാബ്‌വെയെ 70 റൺസിൻ്റെ 9ആം വിക്കറ്റ് കൂട്ടുകെട്ടാണ് മാന്യമായ സ്കോറിലെത്തിച്ചത്. 35 റൺസെടുത്ത ക്യാപ്റ്റൻ റെഗിസ് ചകാബ്വ സിംബാബ്‌വെയുടെ ടോപ്പ് സ്കോറർ ആയപ്പോൾ ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ, അക്സർ പട്ടേ, ദീപക് ചഹാർ എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി. (india 190 runs zimbabwe)

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കായി ന്യൂ ബോൾ പങ്കിട്ട മുഹമ്മദ് സിറാജും ദീപക് ചഹാറും ലൈനും ലെംഗ്തും കണ്ടെത്താനാവാതെ വിഷമിച്ചപ്പോൾ ഇന്ത്യ ആദ്യ ഓവറുകളിൽ ഒട്ടേറെ വൈഡ് വഴങ്ങി. 7ആം ഓവറിൽ ഇന്നസെൻ്റ് കയയെ (4) സഞ്ജുവിൻ്റെ കൈകളിലെത്തിച്ച ദീപക് ചഹാർ വിക്കറ്റ് വേട്ട ആരംഭിച്ചു. ടഡിവനാഷെ മരുമനി (8), വെസ്‌ലി മധവിരെ (5) എന്നിവരും ചഹാറിനു മുന്നിൽ വീണു. മരുമനിയെ സഞ്ജു പിടികൂടിയപ്പോൾ മധവിരെ വിക്കറ്റിനു മുന്നിൽ കുരുങ്ങി. സീൻ വില്ല്യംസിനെ (1) സിറാജിൻ്റെ പന്തിൽ ശിഖർ ധവാൻ പിടികൂടി.

Read Also: സിംബാബ്‌വെക്കെതിരെ ഇന്ത്യ പന്തെറിയും; സഞ്ജു ടീമിൽ

4 വിക്കറ്റ് നഷ്ടത്തിൽ 31 റൺസെന്ന നിലയിൽ പതറിയ സിംബാബ്‌വെയെ രക്ഷപ്പെടുത്താൻ ഇക്കഴിഞ്ഞ ബംഗ്ലാദേശ് പരമ്പരയിലെ താരം സിക്കന്ദർ റാസ ചകാബ്‌വെയുമായി ഒത്തുചേർന്നു. എന്നാൽ, ബംഗ്ലാദേശിനെതിരായ പ്രകടനം ആവർത്തിക്കാൻ റാസയ്ക്ക് സാധിച്ചില്ല. 35 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ താരം മടങ്ങി. 12 റൺസെടുത്ത റാസയെ പ്രസിദ്ധ് കൃഷ്ണ ധവാൻ്റെ കൈകളിലെത്തിക്കുകയായിരുന്നു. റയാൻ ബേൾ (11) വേഗം മടങ്ങി. താരത്തെ പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ശുഭ്മൻ ഗിൽ പിടികൂടി. പൊരുതിനിന്ന ചകാബ്വയെയും ലുക് ജോങ്‌വെയെയും (13) അക്സർ പട്ടേൽ മടക്കി അയച്ചതോടെ സിംബാബ്‌വെ 8 വിക്കറ്റ് നഷ്ടത്തിൽ 110 റൺസെന്ന നിലയിലേക്ക് തകർന്നു.

9ആം വിക്കറ്റിൽ ബ്രാഡ് ഇവാൻസും റിച്ചാർഡ് ഗാരവയും ഒത്തുചേർന്നു. ഇവാൻസ് തുടക്കം മുതൽ ആക്രമിച്ചുകളിച്ചപ്പോൾ ഗാരവയും ക്രീസിൽ ഉറച്ചു. സ്പിന്നർമാരും പേസർമാരും മാറിമാറി എറിഞ്ഞിട്ടും ഈ കൂട്ടുകെട്ട് പിളർന്നില്ല. മികച്ച രീതിയിൽ ഇന്ത്യൻ ബൗളർമാരെ നേരിട്ട സഖ്യം 40ആം ഓവറിൽ വേർപിരിഞ്ഞു. ഗാരവയെ (34) ക്ലീൻ ബൗൾഡാക്കിയ പ്രസിദ്ധ് ആണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. തൊട്ടടുത്ത ഓവറിൽ വിക്ടർ ന്യാവുച്ചിയെ (8) അക്സർ പട്ടേൽ ഗില്ലിൻ്റെ കൈകളിൽ എത്തിച്ചതോടെ സിംബാബ്‌വെ ഇന്നിംഗ്സ് അവസാനിച്ചു. ബ്രാഡ് ഇവാൻസ് (33) നോട്ടൗട്ടാണ്.

Story Highlights: india 190 runs need zimbabwe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here