Advertisement

സിവിക് ചന്ദ്രൻ കേസ്; കോടതി വിധി സ്ത്രീ വിരുദ്ധമെന്ന് വനിതാ കമ്മിഷൻ

August 18, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരെയുള്ള ലൈംഗികാതിക്രമ കേസിലെ കോടതി വിധി സ്ത്രീ വിരുദ്ധമെന്ന് വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ. പൗരന് നീതി നൽകേണ്ട കോടതിയുടെ നിലപാട് നിരാശാജനകമാണ്. ഇത്തരത്തിലുള്ള കോടതി ഉത്തരവുകൾ തിരുത്തപ്പെടേണ്ടതും, ചർച്ച ചെയ്യേണ്ടതുമാണ്.
ദളിത്‌ പെൺകുട്ടികൾ നാളെ മുതൽ നെറ്റിയിൽ തങ്ങളുടെ ജാതി എഴുതി ഒട്ടിച്ചു നടക്കണമെന്നാണോ വിധിയുടെ സാരംശം എന്നും ഷാഹിദ കമാൽ കട്ടപ്പനയിൽ പറഞ്ഞു.

ഇതിനിടെ സിവിക് ചന്ദ്രനെതിരായ പീഡന പരാതിയിൽ കോഴിക്കോട് സെഷൻസ് കോടതി നടത്തിയ നിരീക്ഷണങ്ങളെ അപലപിച്ച് ദേശീയ വനിതാ കമ്മിഷനും രംഗത്തെത്തിയിരുന്നു. ലൈംഗിക അതിക്രമ കേസിൽ പരാതിക്കാരിയുടെ വസ്ത്രം സംബന്ധിച്ച കോടതിയുടെ നിരീക്ഷണം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് അദ്ധ്യക്ഷ രേഖ ശർമ പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷയുടെ വിമർശനം.

പരാതിക്കാരി ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡന പരാതി നിലനില്‍ക്കില്ലെന്നായിരുന്നു കോടതിയുടെ പരാമർശം. ഇതിനെതിരെയാണ് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രംഗത്തുവന്നത്. വിധിയിലെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ കോടതി അവഗണിച്ചെന്നും രേഖ ശർമ ആരോപിച്ചു. സ്ത്രീകൾക്കു നേരെയുള്ള ഹീനമായ ആക്രമണങ്ങളെ സാധൂകരിക്കുന്ന നിലയിലേക്ക് കോടതികൾ ചെന്നെത്തുന്നത് ആശങ്കയുണർത്തുന്ന കാര്യമാണെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി ഇന്നലെ പ്രതികരിച്ചിരുന്നു.

Read Also: ‘എസ്‌സി/എസ്ടി ആക്ട് നിലനിൽക്കില്ല’; സിവിക് ചന്ദ്രനെതിരായ ആദ്യ കേസിലെ മുൻകൂർ ജാമ്യ ഉത്തരവും വിവാദത്തിൽ

തെളിവുകൾ ഹാജരാക്കി വിചാരണ നടക്കുന്നതിനു മുൻപു ഇത്തരം പരാമ‍ർശങ്ങൾ നടത്തുന്നതു വഴി ഫലത്തിൽ പരാതിക്കാരിയുടെ ആരോപണങ്ങളെ തള്ളിക്കളയുകയാണ് കോടതി ചെയ്യുന്നത്. ഇത് ലൈംഗികാതിക്രമം പോലെ ഗൗരവകരമായ കേസുകളിൽ വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്. ഗുജറാത്ത് വംശഹത്യാ കാലത്തു നടന്ന ബിൽക്കിസ് ബാനു കേസിലെ പ്രതികളെ മുഴുവനായും വെറുതേ വിട്ടു കൊണ്ടുള്ള ഗുജറാത്ത് സർക്കാർ നടപടിയെക്കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് കേരളത്തിലും ഇത്തരമൊരു സംഭവം നടന്നിരിക്കുന്നത്. രാജ്യത്തെ സ്ത്രീസമൂഹത്തിന് ആശങ്കയുണർത്തുന്ന ഇത്തരം നടപടികളിൽ ഒരു വീണ്ടുവിചാരം അത്യാവശ്യമാണെന്നും സതീദേവി പറഞ്ഞു.

Story Highlights: Shahida Kamal On Civic Chandran rape case court order

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement