രാജ്യത്തിനായി അഭിമാന നേട്ടം കൈവരിച്ച കോമണ്‍വെല്‍ത്ത് ഗെയിംസ് വിജയികളെ സര്‍ക്കാര്‍ അവഗണിച്ചു: കെ എസ് ശബരീനാഥന്‍

കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിനായി അഭിമാന നേട്ടം കൈവരിച്ച എൽദോസിനെ സര്‍ക്കാര്‍ അവഗണിച്ചെന്ന് മുന്‍ എം.എല്‍.എ ശബരീനാഥന്‍. ഇന്ത്യക്കുവേണ്ടി സ്വർണം നേടിയ എൽദോസിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരിക്കുവാൻ സർക്കാരിന്റെ ഒരു പ്രതിനിധിയും എത്തിയിരുന്നില്ല.(sabarinadhan common wealth winners)
ജീവിത സാഹചര്യങ്ങളോട് പടവെട്ടി പൊരുതി വരുന്ന എൽദോസിനെ പോലെയുള്ള യുവാക്കളെ അനുമോദിക്കുവാനോ ഒന്ന് നേരിൽ കാണുവാനോ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തിനാണിവർ ഈ സ്‌ഥാനങ്ങൾ അലങ്കരിക്കുന്നതെന്ന് ശബരീനാഥന്‍ ചോദിക്കുന്നു.
Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി
കോമൺവെൽത്ത് ഗെയിംസിൽ ഉന്നത നേടിയ മെഡൽ നേടിയ എല്ലാവർക്കും കേരള സർക്കാർ എത്രയും വേഗം പാരിതോഷികം പ്രഖ്യാപിക്കണം. അതോടൊപ്പം അവരെ ഒന്ന് വീട്ടിൽ പോയി അനുമോദിക്കുവാനുള്ള നല്ല മനസ്സ് കൂടി കാണിക്കണമെന്ന് ശബരീനാഥന്‍ ആവശ്യപ്പെട്ടു.
എൽദോസ് നാട്ടിലെത്തി ദിവസം മൂന്നു കഴിഞ്ഞിട്ടും ഇതുവരെ ജില്ലയിലെ മന്ത്രിയോ കായിക മന്ത്രിയോ കളക്ടറോ ആരും തന്നെ ആ വീട്ടിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ഒരു സഹായവും എൽദോസ് അടക്കമുള്ള താരങ്ങൾക്ക് സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ലെന്ന് ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കെ എസ് ശബരിനാഥന്റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
എറണാകുളം അമ്പലമുകളിലെ യൂത്ത് കോൺഗ്രസ് പ്രോഗ്രാം കഴിഞ്ഞു രാത്രി വളരെ വൈകിയാണ് കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിനായി അഭിമാന നേട്ടം കൈവരിച്ച എൽദോസിന്റെ കോലഞ്ചേരിയിലെ വീട്ടിലെത്തിയത്. ട്രിപ്പിൽ ജമ്പിൽ വ്യക്തിഗത വിഭാഗത്തിൽ 17.03 m ദൂരം ചാടിയാണ് എൽദോസിന് സ്വർണ്ണം ലഭിച്ചത്.
റോഡരികിൽ വാഹനം പാർക്ക് ചെയ്ത് ഇറങ്ങിയത് നല്ല ഇരുട്ടിലാണ്. കുറച്ചു വീടുകൾക്കിടയിലൂടെ നടന്നെത്തിയത് എൽദോസിന്റെ അമ്മാവന്റെ വീട്ടിലാണ്. പ്രായമുള്ള മുത്തശ്ശിയും ഭിന്നശേഷിയുള്ള സഹോദരൻ അബിനുമൊപ്പമാണ് എൽദോസ് കഴിയുന്നത്.നാലു വയസ്സുള്ളപ്പോൾ അമ്മയെ നഷ്ടപ്പെട്ട എൽദോസിനെ വളർത്തി വലുതാക്കിയത് മുത്തശ്ശി മറിയാമ്മയാണ്. പരിമിതകളുടെ നടുവിലാണ് ഇവർ ജീവിക്കുന്നത് -സ്വന്തമായി നല്ലൊരു വീടില്ല, സുരക്ഷിതമായ ജീവിതസാഹചര്യങ്ങളുമില്ല.
വീട്ടിലെ ബുദ്ധിമുട്ടുകൾ ഉള്ളിലൊതുക്കി വളരെ പോസിറ്റീവായി ജീവിക്കുന്ന ഒരു ചെറുപ്പക്കാരനെയാണ് എനിക്ക് അവനിൽ കാണുവാൻ കഴിഞ്ഞത്. ഭാവിയെക്കുറിച്ചും ഒളിമ്പിക്സിനെ കുറിച്ചും അവന് വലിയ സ്വപ്നങ്ങളും വ്യക്തമായ കാഴ്ചപ്പാടുകളുമുണ്ട്.എൽദോസിന്റെ ജീവിതയാത്രയെക്കുറിച്ചും വിജയത്തെക്കുറിച്ചും നാട്ടുകാർക്ക് പറയാൻ നൂറു നാവാണ്. ഒപ്പം സർക്കാരിനെതിരെ ഒരു പരിഭവവും നാട്ടുകാർ ഒന്നടങ്കം പങ്കുവെച്ചു.
ഇന്ത്യക്കുവേണ്ടി സ്വർണം നേടിയ എൽദോസിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരിക്കുവാൻ സർക്കാരിന്റെ ഒരു പ്രതിനിധിയും എത്തിയിരുന്നില്ല. സ്വീകരിക്കാൻ എത്തിയതാകട്ടെ ചാലക്കുടി എം.പി ശ്രീ.ബെന്നി ബഹനാനും കുന്നത്തുനാടിന്റെ മുൻ എം.എൽ.എ ശ്രീ.വി.പി സജീന്ദ്രനുമാണ്. എൽദോസ് നാട്ടിലെത്തി ദിവസം മൂന്നു കഴിഞ്ഞിട്ടും ഇതുവരെ ജില്ലയിലെ മന്ത്രിയോ കായിക മന്ത്രിയോ, കളക്ടറോ ആരും തന്നെ ഈ വീട്ടിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ഒരു സഹായവും എൽദോസ് അടക്കമുള്ള താരങ്ങൾക്ക് സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല.അറിഞ്ഞിടത്തോളം കേരളത്തിന്റെ സ്പോർട്സ് മന്ത്രിക്ക് ഉദ്ഘാടനങ്ങളും യാത്രകളുമല്ലാതെ പ്രത്യേകിച്ചു ജോലി ഭാരമൊന്നും കാണുന്നില്ല.
ജീവിത സാഹചര്യങ്ങളോട് പടവെട്ടി പൊരുതി വരുന്ന എൽദോസിനെ പോലെയുള്ള യുവാക്കളെ അനുമോദിക്കുവാനോ ഒന്ന് നേരിൽ കാണുവാനോ ഇവർക്ക് കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തിനാണിവർ ഈ സ്‌ഥാനങ്ങൾ അലങ്കരിക്കുന്നത്?
കോമൺവെൽത്ത് ഗെയിംസിൽ ഉന്നത നേടിയ മെഡൽ നേടിയ എല്ലാവർക്കും കേരള സർക്കാർ എത്രയും വേഗം പാരിതോഷികം പ്രഖ്യാപിക്കണം. അതോടൊപ്പം ഇവരെ ഒന്ന് വീട്ടിൽ പോയി അനുമോദിക്കുവാനുള്ള നല്ല മനസ്സ് കൂടി കാണിക്കണം.
രാജ്യത്തിന്റെ അഭിമാനമായ പ്രിയപ്പെട്ട എൽദോസിന് അഭിനന്ദനങ്ങൾ.
Sabari
Story Highlights: sabarinadhan common wealth winners
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here