തൊലി നീക്കി കൂട്ടുകാരന്റെ വിരലിൽ പിടിപ്പിച്ചു; റെയിൽവെ ജോലി ലഭിക്കാൻ പരീക്ഷാത്തട്ടിപ്പ്

വഡോദരയിൽ നടന്ന റെയിൽവേ റിക്രൂട്ട്‌മെന്റ് പരീക്ഷ വിജയിക്കാൻ ഉദ്യോഗാർഥി നടത്തിയ തട്ടിപ്പ് പദ്ധതി പൊളിഞ്ഞു. രണ്ട് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മനീഷ് കുമാർ ശംബുനാഥ് (26), ബിഹാർ സ്വദേശികളായ രാജ്യഗുരു ഗുപ്ത (22) എന്നിവരെ ലക്ഷ്മിപുര പോലീസ് അറസ്റ്റ് ചെയ്യുകയും പ്രാദേശിക കോടതി ബുധനാഴ്ച മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു. ബയോമെട്രിക് പരിശോധനയിൽ കടന്നുകൂടാൻ തന്റെ കൈവിരലിലെ തൊലി നീക്കം ചെയ്ത് കൂട്ടുകാരനായ രാജ്യഗുരു ഗുപ്തയുടെ വിരലിൽ വച്ചുപിടിപ്പിക്കുകയാണ് ഉദ്യോഗാർഥിയായ മനീഷ് കുമാർ ചെയ്തത്.
രാജ്യഗുരു ഗുപ്തയെ വെച്ച് പരീക്ഷ എഴുതി ജോലി ഉറപ്പാക്കുക എന്നതായിരുന്നു മനീഷിന്റെ പദ്ധതി. എന്നാൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റുകയായിരുന്നു. ബയോമെട്രിക് പരിശോധനയിൽ രാജ്യഗുരുവിന്റെ വിരലടയാളം ശരിയാകാത്തതുമൂലം ഗേറ്റിൽ വെച്ച് ഇൻവിജിലേറ്റർ തടയുകയും സംശയം തോന്നിയ സാഹചര്യത്തിൽ വിരൽ പരിശോധിച്ചപ്പോഴാണ് വെച്ച് പിടിപ്പിച്ച തൊലി അടർന്നുവീണത്. ചൂടാക്കിയ പാത്രത്തിൽ വിരൽവച്ചു പൊള്ളിച്ചാണ് മനീഷ് കൈവിരലിലെ തൊലി വേർപെടുത്തിയത്. ഗുജറാത്തിലെ ലക്ഷ്മിപുരയിൽ നടത്തിയ റെയിൽവേ ഗ്രൂപ്പ് ഡി പരീക്ഷയിലാണ് തട്ടിപ്പ് നടത്താൻ ഇവർ ശ്രമിച്ചത്.
റെയില്‍വേ ചുമതലപ്പെടുത്തിയ ഒരു സ്വകാര്യ കമ്പനിയാണ് ഓഗസ്റ്റ് 22ന് ലക്ഷ്മിപുര ഏരിയയിലെ ‘ഡി’ ഗ്രൂപ്പ് ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് പരീക്ഷ നടത്തിയത്. 60ലധികം ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷയിൽ പങ്കെടുക്കാൻ എത്തിയത്. ആള്‍മാറാട്ടം തടയുന്നതിനായി പരീക്ഷയ്ക്ക് എത്തുന്ന എല്ലാ ഉദ്യോഗാര്‍ത്ഥികളും പെരുവിരലിന്റെ അടയാളം നല്‍കേണ്ടതുണ്ടായിരുന്നു. ഇത് മറികടക്കാനായിരുന്നു യുവാക്കളുടെ ശ്രമം. ഇരുവരും ഏതാണ്ട് 25 വയസ് പ്രായമുള്ളവരാണെന്നും പ്ലസ്ടു പരീക്ഷ പാസായിട്ടുണ്ടെന്നും അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ എസ് എം വരോതാരിയ പറഞ്ഞു.
Story Highlights: strange way of railway exam fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here