Advertisement

‘ഇതാണ് ഞാന്‍, യഥാര്‍ഥ എന്നെ വെളിപ്പെടുത്താന്‍ ഭയമില്ല’; മേയ്ക്കപ്പില്ലാതെ മിസ് ഇംഗ്ലണ്ടിന്റെ ഫൈനല്‍ റൗണ്ടിലെത്തി മെലീസ റഹൂഫ

August 29, 2022
Google News 3 minutes Read

നിറയെ മേക്കപ്പ് ചെയ്ത് വ്യത്യസ്ത ലുക്കുകളില്‍ ഒരുങ്ങി റാംപ് വാക് ചെയ്യുന്നവരെ നമ്മള്‍ ധാരാളം കണ്ടിട്ടുണ്ട്. സൗന്ദര്യ വര്‍ധക വസ്തുക്കളുടെ നിര്‍മാതാക്കള്‍ പലപ്പോഴും അവരുടെ ഉത്പ്പന്നത്തിന്റെ പരസ്യത്തിനും റാംപ് വാക് സീനുകള്‍ കാണിക്കാറുണ്ട്. ഇതെല്ലാം കണ്ട് പരിചയമുള്ള സാധാരണ കാണികള്‍ക്ക് യാതൊരു മേക്കപ്പുമില്ലാതെ റാംപ് വാക് നടത്തുന്ന ഒരു മോഡലിനെ പറ്റി ചിന്തിക്കുക അല്‍പ്പം പ്രയാസമായിരിക്കും. എന്നാല്‍ ഇപ്പോഴിതാ മേക്കപ്പിലാതെ, ഗ്ലാമര്‍ ലുക്ക് ഒഴിവാക്കി, തന്റെ സ്വാഭാവിക സൗന്ദര്യത്തില്‍ റാംപില്‍ നടന്ന ആദ്യ വ്യക്തിയായി ചരിത്രത്തില്‍ ഇടം നേടുകയാണ് 20 വയസുകാരി മെലീസ റഹൂഫ്. (Miss England Finalist Melisa Raouf Becomes First Contestant In Pageant Without Make-up)

ഇംഗ്ലണ്ടില്‍ നിന്നുള്ള പൊളിറ്റിക്സ് വിദ്യാര്‍ഥിത്ഥിനിയാണ് മെലീസ. മേക്കപ്പില്ലാതെ മിസ് ഇംഗ്ലണ്ടിന്റെ ഫൈനല്‍ റൗണ്ട് വരെ എത്തിയ മെലീസ ചരിത്രത്തില്‍ ഇടം നേടി കഴിഞ്ഞു. കാരണം മിസ് ഇംഗ്ലണ്ടിന്റെ 94 വര്‍ഷത്തെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു മത്സരാര്‍ഥി മേക്കപ്പിലാതെ പങ്കെടുക്കുന്നത്. മത്സരത്തിനിടെ മലിസയുടെ ധീരമായ ചുവടുവെപ്പ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുക മാത്രമല്ല, വിധികര്‍ത്താക്കളില്‍ മതിപ്പുളവാക്കുകയും ചെയ്തു. മറ്റ് 40 യുവതികള്‍ക്കൊപ്പമാണ് മെലീസ മത്സരിച്ചത്.

സ്വാഭാവിക സൗന്ദര്യത്തെ പ്രോത്സാഹിപ്പിക്കാനും സോഷ്യല്‍ മീഡിയയില്‍ നിലനില്‍ക്കുന്ന നിറം, സൗന്ദര്യം എന്നീ അളവുകോലുകള്‍ക്കെതിരെ ശബ്ദം ഉയര്‍ത്താനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് റഹൂഫ് പറഞ്ഞു. പലപ്പോഴും സ്ത്രീകള്‍ മേക്കപ്പ് ചെയ്യാന്‍ സമൂഹം അവരെ നിര്‍ബന്ധിക്കുകയാണ്. കാഴ്ച്ചപ്പാടുകള്‍ ആണ് മാറേണ്ടത്. എല്ലാവര്‍ക്കും അവരുടേതായ പ്രത്യേകതകളുണ്ട്. അതാണ് അവരെ വ്യത്യസ്തരാക്കുന്നതും. എന്നാല്‍ സൗന്ദര്യവര്‍ധക വിപണിയുടെ സമ്മര്‍ദം അവര്‍ക്ക് താങ്ങാനാകുന്നില്ലെന്നും അതിനാലാണ് താന്‍ ശക്തമായ ഒരു നിലപാടെടുത്തതെന്നും റഹൂഫ് പറഞ്ഞു.

Read Also: അര്‍ബുദ ബാധിതനാണ്, കൈയില്‍ പണമില്ല; സഹായം തേടി കെജിഎഫിലെ ഖാസിം ചാച്ച

‘ഒരാള്‍ സ്വന്തം ചര്‍മ്മത്തില്‍ സന്തുഷ്ടനാണെങ്കില്‍ മേക്കപ്പ് ഉപയോഗിച്ച് മുഖം മറയ്ക്കാന്‍ നിങ്ങള്‍ അയാളെ നിര്‍ബന്ധിക്കരുത്. നമ്മുടെ കുറവുകളാണ് നമ്മളെ നമ്മളാക്കുന്നത്. അതാണ് ഓരോ വ്യക്തിയുടെയും സൗന്ദര്യവും. ഞാനും ചെറുപ്പം മുതലേ മേക്കപ്പ് ചെയ്യുന്നുണ്ടെങ്കിലും പിന്നീട് തനിക്കുള്ള സ്വാഭാവിക സൗന്ദര്യത്തിന്റെ മഹത്വം മനസിലാക്കുകയായിരുന്നു. അതിനാലാണ് മേക്കപ്പില്ലാതെ മത്സരിക്കാന്‍ ഞാന്‍ തീരുമാനിച്ചത്. ഞാന്‍ സൗന്ദര്യ നിലവാരം പുലര്‍ത്തുന്നതായി എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. പക്ഷെ ഇതാണ് ഞാന്‍. ഞാന്‍ എന്നെ വെളിപ്പെടുത്താന്‍ ആരെയും ഭയപ്പെടുന്നില്ല. റിയല്‍ മെലീസ ആരെന്ന് കാണിക്കാനാണ് ഞാന്‍ ലക്ഷ്യമിട്ടത്. റഹൂഫ് പറഞ്ഞു.

ഓഗസ്റ്റില്‍ നടന്ന സെമിഫൈനല്‍ റൗണ്ടില്‍ എല്ലാവരെയും അമ്പരപ്പിച്ച മെലിസ ഇപ്പോള്‍ ഫൈനലില്‍ മത്സരിക്കുകയാണ്. മിസ് ഇംഗ്ലണ്ട് കിരീടത്തിനുള്ള മത്സരത്തിന്റെ ഫൈനല്‍ റൗണ്ടിലും മെലീസ മേക്കപ്പ് ഉപേക്ഷിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മാത്രമല്ല, മേക്കപ്പില്ലാതെ മത്സരിച്ചതിന് മിസ് ഇംഗ്ലണ്ടിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലും മെലിസയെ അധികൃതര്‍ അഭിനന്ദിച്ചിരുന്നു.

Story Highlights: Miss England Finalist Melisa Raouf Becomes First Contestant In Pageant Without Make-up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here