ഇന്ന് വിനായക ചതുർത്ഥി

പരമ ശിവന്‍റെയും പാര്‍വതീ ദേവിയുടെയും പുത്രനായ മഹാ ഗണപതിയുടെ ജന്‍മ ദിനമാണ് വിനായക ചതുര്‍ത്ഥി (ഗണേശ ചതുര്‍ത്ഥി). ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലാണ് വിനായക ചതുര്‍ത്ഥി ആഘോഷിച്ചുവരുന്നത്. ഹൈന്ദവ വിശ്വാസം അനുസരിച്ച് ഗണേശ പൂജയ്ക്ക് ഏറ്റവും ഉത്തമമായ ദിവസവും ഇന്നാണ്. കേരളത്തിന് പുറമേ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിപുലമായ ആഘോഷ പരിപാടികളാണ് വിനായക ചതുര്‍ത്ഥി ദിനത്തിൽ നടക്കുന്നത്.
ഗണേശ ചതുര്‍ത്ഥിയുടെ ചരിത്രം:
ഗണപതിയെ സൃഷ്ടിച്ചത് പാര്‍വതി ദേവിയാണെന്നാണ് ഹിന്ദു പുരാണങ്ങളിൽ പറയുന്നത്. ശിവ ഭഗവാന്റെ അഭാവത്തില്‍ കുളിക്കുമ്പോള്‍ തന്റെ കാവലിനായി പാര്‍വ്വതി ദേവി ചന്ദനം ഉപയോഗിച്ച് ഗണപതിയെ സൃഷ്ടിച്ചുവെന്നാണ് പുരാണങ്ങള്‍ പറയുന്നത്. തുടര്‍ന്ന് പാര്‍വ്വതി ദേവി കുളി കഴിഞ്ഞ് പോകുകയും ശിവൻ കുളിക്കാൻ എത്തുകയും ചെയ്തുവെന്നും, കുളിക്കാനെത്തിയ ശിവനെ ഗണപതി തടഞ്ഞെന്നുമാണ് പുരാണം. എന്നാല്‍ ഇത് ശിവനെ പ്രകോപിപ്പിക്കുകയും ഇരുവരും യുദ്ധത്തില്‍ ഏര്‍പ്പെടുകയും അതിന്റെ ഫലമായി ശിവൻഗണപതിയുടെ തല വെട്ടിയെടുക്കുകയും ചെയ്തുവെന്നും വിശ്വസിക്കപ്പെടുന്നു.
ഇത് കണ്ട പാര്‍വതി കോപാകുലയായി, കാളിയായി രൂപം മാറിപ്രപഞ്ചത്തെ മുഴുവന്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതില്‍ പരിഭ്രാന്തരായി മറ്റ് ദേവന്മാര്‍ ശിവനോട് ഇതിനൊരു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ശിവന്‍ ഒരു ആനയുടെ തല കുട്ടിയുടെ ശരീരത്തിൽ ചേർത്തു വച്ച് ഗണേശന് പുനര്‍ജന്മം നൽകി. ഇത് കണ്ട പാര്‍വതി ദേവി കോപം അടക്കി തന്റെ യഥാര്‍ത്ഥ രൂപത്തിലേക്ക് മടങ്ങി. അന്നുമുതലാണത്രെ എല്ലാ വര്‍ഷവും ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്നത്.
Story Highlights: Ganesh Chaturthi 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here