കെ.സി. ലിതാരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതി; കുറ്റ്യാടി പൊലീസ് കേസെടുത്തു

ബാസ്‌ക്കറ്റ് ബോൾ താരം കെ.സി. ലിതാരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കുറ്റ്യാടി പൊലീസ് കേസെടുത്തു. ലിതാരയുടെ അമ്മയുടെ പരാതിയിൽ കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെയാണ് കേസ്. മുദ്ര പേപ്പറിൽ ബലമായി ഒപ്പിടീപ്പിക്കാൻ ശ്രമിച്ചു, വീട്ടിൽ അതിക്രമിച്ചു കയറി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്. (lithara family threat case)
കേസിൽ ആരോപണ വിധേയനായ കോച്ച് രവി സിംഗിനെതിരായ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദി സംസാരിക്കുന്ന രണ്ട് പേർ വീട്ടിൽ എത്തി ഭീഷണിപ്പെടുത്തിയെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. 25 ലക്ഷം രൂപ നൽകാമെന്ന് വാഗ്ധാനം ചെയ്തതായും പരാതിയിൽ പറയുന്നു. അമ്മ ലളിത യുടെയും വീട്ടുകാരുടെയും വിശദമായ മൊഴി പോലിസ് രേഖപെടുത്തി. ലിതാരയുടെ വീട്ടിലെത്തി പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. അതേസമയം, സംഭവത്തിന് തൊട്ട് മുൻപ് വീട്ടിൽ എത്തിയ കാനറാബാങ്ക് ഉദ്യോഗസ്ഥരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയേക്കും.
Read Also: കെ.സി.ലിതാരയുടെ മരണം; കോച്ചിന്റെ ആളുകൾ കുടുംബത്തെ ഭീഷണിപ്പെടുത്തി
കെ.സി. ലിതാരയുടെ ദുരൂഹമരണത്തിൽ ബിഹാർ പൊലീസ് അന്വേഷണം അവസാനിപ്പിക്കാൻ ശ്രമം തുടരുന്നതിനിടെയാണ് കുടുംബത്തിനു നേരെയുള്ള ഭീഷണി. കോച്ച് രവി സിംഗിന്റെ ശാരീരിക, മാനസിക പീഡനമാണ് മരണകാരണമെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്.
എന്നാൽ അന്വേഷണത്തിൽ ബിഹാർ പൊലീസ് ഇക്കാര്യം പരിഗണിച്ചിട്ടില്ല. കോച്ചിനെ ഇതുവരെ ചോദ്യം ചെയ്തില്ല. അന്വേഷണ റിപ്പോർട്ടിൽ നടപടിയായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ശംഭുസിംഗ് ട്വന്റിഫോറിനോട് പറഞ്ഞു. സർക്കാർ ഇടപെടൽ തേടി കുടുംബം കായിക മന്ത്രിക്ക് നിവേദനം നൽകും.
ഏപ്രിൽ 26നാണ് കെ.സി. ലിതാരയെ പട്‌നയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഏപ്രിൽ 27നാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്.
മരണം നടന്ന ദിവസം ഉച്ചയ്ക്ക് 1.40 ഓടെയാണ് ലിതാരയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയത്. ആ സമയം ആരോപണ വിധേയനായ കോച്ച് രവി സിംഗ് ആശുപത്രിയിലുണ്ടായിരുന്നു. അമ്മാവൻ രാജീവിന്റെ പരാതിയിൽ രവി സിംഗിനെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടികളുമുണ്ടായില്ല. ട്വന്റിഫോർ വാർത്തയും നിരന്തര ഇടപെടലുമാണ് ലിതാരയുടെ മരണത്തിന്റെ അന്വേഷണത്തിന് ഊർജം നൽകിയത്.
Story Highlights: kc lithara family threat police case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here