Advertisement

ജനരോഷം ഭയന്ന് നാട് വിട്ട് ഓടേണ്ടി വന്ന ഗോതബായ രജപക്‌സെ ശ്രീലങ്കയില്‍ തിരിച്ചെത്തി; പുഷ്പങ്ങള്‍ വിതറി വരവേറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍

September 3, 2022
Google News 3 minutes Read

കടുത്ത സാമ്പത്തിക പ്രതിസന്ധിയോടെയുണ്ടായ ജനരോഷം ഭയന്ന് നാട് വിട്ട് ഓടേണ്ടി വന്ന ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെ നാട്ടില്‍ തിരിച്ചെത്തി. ഏഴ് ആഴ്ചകളോളം ലങ്കയില്‍ നിന്നും മാറിനിന്ന ശേഷമാണ് പ്രസിഡന്റ് തിരിച്ചെത്തിയിരിക്കുന്നത്. (Lanka Ex President Gotabaya Rajapaksa, Who Fled Amid Unrest, Returns)

അന്താരാഷ്ട്ര വിമാനത്തില്‍ വന്നിറങ്ങിയ രജപക്‌സെയ്ക്ക് ബൊക്കെ നല്‍കിയും രജപക്‌സെ നടക്കുന്ന വഴികളില്‍ പുഷ്പങ്ങള്‍ വിതറിയുമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വരവേറ്റത്. സാമ്പത്തിക പ്രതിസന്ധിയില്‍ രോഷാകുലരായ ജനം പ്രസിഡന്റിന്റെ വസിതി ഉള്‍പ്പെടെ കയ്യേറിയിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് ഇതിനെ മറികടക്കാന്‍ ഐഎംഎഫില്‍ നിന്നും 2.9 ബില്യണ്‍ യു എസ് ഡോളര്‍ ധനസഹായം ലഭിച്ചതിന് പിന്നാലെയാണ് മുന്‍ പ്രസിഡന്റ് തിരിച്ചെത്തിയിരിക്കുന്നത്.

Read Also: ശ്രീലങ്കയിലെത്തിയ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി ജയസൂര്യ; ശ്രീലങ്കയിൽ വന്നതിനു നന്ദിയെന്ന് താരം

അതേസമയം ശ്രീലങ്കയുടെ ഇടക്കാല ബജറ്റ് പാര്‍ലമെന്റ് പാസാക്കി. ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയാണ് ബജറ്റ് അവതരിപ്പിച്ചത്. 225 അംഗ നിയമസഭയില്‍ 115 അംഗങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ പ്രധാന പ്രതിപക്ഷമായ എസ്‌ജെബി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അഞ്ച് അംഗങ്ങള്‍ മാത്രമാണ് ഇടക്കാല ബജറ്റിന് എതിരായി വോട്ട് ചെയ്തത്.

ജനതാ വിമുക്തി പെരമുനയുടെ (ജെവിപി) മൂന്ന് നിയമസഭാംഗങ്ങളും ഓള്‍ സിലോണ്‍ തമിഴ് കോണ്‍ഗ്രസിലെ രണ്ട് എംപിമാരുമാണ് ഇടക്കാല ബജറ്റിനെതിരെ വോട്ടുചെയ്തത്. ദുര്‍ബല വിഭാഗങ്ങളെ സഹായിക്കുന്നതിനായി നികുതിപരിഷ്‌കരണമുണ്ടാകും എന്നുള്‍പ്പെടെയാണ് ബജറ്റില്‍ പറയുന്നത്.

ആദായ നികുതി, മൂല്യവര്‍ധിത നികുതി (വാറ്റ്), ടെലികമ്മ്യൂണിക്കേഷന്‍ ലെവി, വാതുവെപ്പ്, ഗെയിമിംഗ് ലെവി എന്നിവയുമായി ബന്ധപ്പെട്ട നിരവധി നികുതി പരിഷ്‌കാരങ്ങള്‍ ഇടക്കാല ബജറ്റിലുണ്ട്. ഈ വര്‍ഷം സെപ്തംബര്‍ ഒന്നു മുതല്‍ വാറ്റ് നിരക്ക് നിലവിലെ 12 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തും. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് വാറ്റ് 8 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ത്തിയത്. സര്‍ക്കാരിന് വരുമാനം കൂടാനാണ് നികുതി പരിഷ്‌കരണം കൊണ്ടുവരുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുമെന്നും റെനില്‍ വിക്രമസിംഗെ പറഞ്ഞു.

Story Highlights: Lanka Ex President Gotabaya Rajapaksa, Who Fled Amid Unrest, Returns

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here