44/5 എന്ന നിലയിലേക്ക് വീണു, ആറാം വിക്കറ്റിൽ 158 റൺസ് കൂട്ടുകെട്ട്; ഓസ്‌ട്രേലിയക്ക് അവിശ്വസനീയ ജയം

ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഓസ്ട്രേലിയക്ക് അവിശ്വസനീയ ജയം. കാസാലി സ്റ്റേഡിയത്തിൽ രണ്ടു വിക്കറ്റിന് കീവികളെ പരാജയപ്പെടുത്തി. 44 ന് 5 വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ഓസ്ട്രേലിയ ആറാം വിക്കറ്റിൽ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് ജയം നേടിയെടുത്തത്. കാമറൂൺ ഗ്രീൻ അലക്സ് കാരി എന്നിവരുടെ ഇന്നിംഗ്സാണ് ഓസിസിനെ തുണച്ചത്.
മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലൻഡ് ഉയർത്തിയ 233 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയയെ കാത്തിരുന്നത് വൻ ദുരന്തം. 44 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി. ഡേവിഡ് വാർണർ(20), ആരോൺ ഫിഞ്ച്(5), സ്റ്റീവ് സ്മിത്ത്(1), മാർനസ് ലബുഷാഗ്നെ(0), മാർക്കസ് സ്റ്റോയിനിസ്(5) എന്നിവരെ ട്രെന്റ് ബോൾട്ടും മാറ്റ് ഹെൻറിയും ചേർന്ന് പവലിയനിലേക്ക് അയച്ചു.
പരാജയത്തിൻ്റെ വക്കിൽ നിന്നും ടീമിനെ രക്ഷിച്ചത് ആറാം വിക്കറ്റിലെ കൂട്ടുകെട്ടാണ്. അലക്‌സ് കാരിയും കാമറൂൺ ഗ്രീനും ഒന്നിച്ചപ്പോൾ പിറന്നത് 158 റൺസിന്റെ പടുകൂറ്റൻ കൂട്ടുകെട്ട്. 99 പന്തിൽ എട്ട് ഫോറും ഒരു സിക്‌സും സഹിതം 85 റൺസാണ് ക്യാരി നേടിയത്. അതേ സമയം ഗ്രീൻ 92 പന്തിൽ 10 ബൗണ്ടറിയും 1 സിക്സും സഹിതം 89 റൺസുമായി പുറത്താകാതെ നിന്നു. ന്യൂസിലൻഡിനായി ട്രെന്റ് ബോൾട്ട് 10 ഓവറിൽ 40 റൺസ് വഴങ്ങി 4 വിക്കറ്റ് നേടി. മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ എന്നിവർ 2 വിക്കറ്റ് വീതം നേടി.
നേരത്തെ ന്യൂസിലൻഡിന് മികച്ച തുടക്കമായില്ലെങ്കിലും ഡെവൺ കോൺവേ, കെയ്ൻ വില്യംസൺ, ടോം ലാഥം എന്നിവർ ടീമിനായി ഉപയോഗപ്രദമായ ഇന്നിംഗ്‌സുകൾ കളിച്ചു. 46 റൺസെടുത്ത ഡെവൺ കോൺവെയാണ് ടോപ് സ്‌കോറർ. ഗ്ലെൻ മാക്‌സ്‌വെൽ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ ജോഷ് ഹേസൽവുഡ് 3 വിക്കറ്റ് വീഴ്ത്തി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഓസ്‌ട്രേലിയ ജയിച്ച് 1-0ന് മുന്നിലെത്തി.
Story Highlights: Cameron Green, Alex Carey Guide Australia To Two-Wicket Win Over New Zealand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here