ഓണം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം ഇന്ന്; 12 വരെ പരിപാടികൾ

ഈ വർഷത്തെ ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കമാകും. വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് 6.30ന് കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സെപ്റ്റംബർ 12 വരെ സംസ്ഥാനത്തെമ്പാടും ഓണാഘോഷ പരിപാടികൾ നടക്കും.
ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്രതാരങ്ങളായ ദുൽഖർ സൽമാൻ, അപർണാ ബാലമുരളി എന്നിവർ മുഖ്യാതിഥികളായിരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മന്ത്രിമാർ, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും. 32 വേദിയിലാണ് ഇത്തവണ ഓണാഘോഷം.
കോവളം ക്രാഫ്റ്റ് വില്ലേജ്, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം എന്നിവ പുതിയ വേദികളാണ്. ഏഴ് ദിവസത്തെ പരിപാടികളിൽ എണ്ണായിരത്തിലേറെ കലാകാരന്മാർ പങ്കെടുക്കും. തിരുവനന്തപുരം നഗരത്തിൽ കവടിയാർ മുതൽ കിഴക്കേകോട്ട വരെയും വെള്ളയമ്പലം മുതൽ ശാസ്തമംഗലം വരെയും കോവളത്തും ദീപാലങ്കാരമുണ്ടാകും.
12ന് വൈകിട്ട് വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെ വർണശബളമായ ഘോഷയാത്രയോടെ ഓണം വാരാഘോഷത്തിന് സമാപനമാകും. കലാ സാംസ്കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങൾക്കും കലാരൂപങ്ങൾക്കും വാദ്യഘോഷങ്ങൾക്കുമൊപ്പം അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാൻഡുകളും ഘോഷയാത്രയിൽ അണിനിരക്കും.
Story Highlights: State level inauguration of Onam week celebration today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here