Advertisement

വാലറ്റവും സ്മിത്തും തുണച്ചു; ന്യൂസീലൻഡിനെതിരെ നാണക്കേട് ഒഴിവാക്കി ഓസ്ട്രേലിയ

September 8, 2022
Google News 1 minute Read

ന്യൂസീലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയക്ക് മാന്യമായ സ്കോർ. നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് ഓസ്ട്രേലിയ നേടിയത്. 8 വിക്കറ്റ് നഷ്ടത്തിൽ 117 റൺസെന്ന നിലയിൽ പതറിയ ഓസ്ട്രേലിയയെ വാലറ്റമാണ് 200നരികെ എത്തിച്ചത്. 61 റൺസെടുത്ത് മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ടോപ്പ് സ്കോററായപ്പോൾ 9ആം നമ്പറിലിറങ്ങിയ മിച്ചൽ സ്റ്റാർക്ക് ആണ് പിന്നെ ബാറ്റിംഗ് നിരയിലെ ഉയർന്ന സ്കോറുകാരൻ. ന്യൂസീലൻഡിനായി ട്രെൻ്റ് ബോൾട്ട് 4 വിക്കറ്റും മാറ്റ് ഹെൻറി മൂന്ന് വിക്കറ്റും വീഴ്ത്തി. (australia 195 newzealand score)

Read Also: ‘ഒരു പ്രത്യേക പ്രായമെത്തിയാൽ ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡിന് താരങ്ങളെ വേണ്ട’; മിച്ചൽ മക്ലേനഗൻ

തകർച്ചയോടെയായിരുന്നു ഓസ്ട്രേലിയയുടെ തുടക്കം. സ്കോർ ബോർഡ് ചലിക്കും മുൻപ് തന്നെ ഫിഞ്ച് (0) മാറ്റ് ഹെൻറിക്ക് മുന്നിൽ വീണു. ഡേവിഡ് വാർണറും (7) ഹെൻറിയുടെ മുന്നിൽ വീണു. മാർനസ് ലബുഷെയ്‌ൻ (5), മാർക്കസ് സ്റ്റോയിനിസ് (0) എന്നിവർ ബോൾട്ടിൻ്റെ ഇരകളായി മടങ്ങി. ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തിൽ 26 റൺസ്. വിക്കറ്റുകൾ കടപുഴകുമ്പോഴും ഒരുവശത്ത് ഉറച്ചുനിന്ന സ്റ്റീവ് സ്മിത്തുമായിച്ചേർന്ന് അഞ്ചാം വിക്കറ്റിൽ അലക്സ് കാരി (12) ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും സാൻ്റ്നറിനു മുന്നിൽ വീണു. ആറാം വിക്കറ്റിൽ ഗ്ലെൻ മാക്സ്‌വലും (25) സ്റ്റീവ് സ്മിത്തും ചേർന്ന് 49 റൺസ് കൂട്ടിച്ചേർത്തു. മാക്സ്‌വലിനെ മടക്കി ബോൾട്ട് വീണ്ടും ഓസീസിനെ പ്രതിസന്ധിയിലാക്കി. ഷോൺ ആബട്ട് (7) വേഗം മടങ്ങി. മാറ്റ് ഹെൻറിക്കായിരുന്നു വിക്കറ്റ്. ഫിഫ്റ്റിയടിച്ച് ഒറ്റക്ക് പൊരുതിയ സ്റ്റീവ് സ്മിത്തിനെ (61) മടക്കിയ സൗത്തി ഓസ്ട്രേലിയയുടെ നില പരുങ്ങലിലാക്കി.

എന്നാൽ 9, 10, 11 നമ്പറുകളിൽ ക്രീസിലെത്തിയ സ്റ്റാർക്ക്, സാമ്പ, ഹേസൽവുഡ് എന്നീ താരങ്ങൾ ഉറച്ചുനിന്നതോടെ ഓസ്ട്രേലിയ അപകട ഘട്ടം തരണം ചെയ്യുകയായിരുന്നു. 10ആം വിക്കറ്റിൽ സാമ്പയും സ്റ്റാർക്കും ചേർന്ന് വിലപ്പെട്ട 31 റൺസ് കൂട്ടിച്ചേർത്തു. 16 റൺസെടുത്ത സാമ്പയെ ബോൾട്ട് ആണ് പുറത്താക്കിയത് അവസാന വിക്കറ്റിൽ ഹേസൽവുഡ് (23), സ്റ്റാർക്ക് (38) എന്നിവർ പടുത്തുയർത്തിയ അപരാജിതമായ 47 റൺസ് ഓസീസിനെ മാന്യമായ സ്കോറിലെത്തിക്കുകയായിരുന്നു.

Story Highlights: australia 195 newzealand score

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here