കാട്ടാനയുടെ ആക്രമണം; വനംവകുപ്പ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗം മരിച്ചു

തൃശൂര്‍ പാലപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വനംവകുപ്പിലെ റാപ്പിഡ് റെസ്‌പേണ്‍സ് ടീം അംഗം മരിച്ചു. മുക്കം കല്‍പ്പൂര്‍ സ്വദേശി ഹുസൈനാണ് മരിച്ചത്. വനംവകുപ്പിന്റെ സങ്കീര്‍ണമായ ദൗത്യങ്ങളില്‍ മുന്‍നിരപ്പോരാളിയായിരുന്നു ഹുസൈന്‍ എന്ന 32കാരന്‍.
കഴിഞ്ഞ നാലാം തീയതിയാണ് പാലപ്പിള്ളിയില്‍ മുത്തങ്ങയില്‍ നിന്നുമെത്തിച്ച കുങ്കിയാനകളുമായി വനംവകുപ്പ് കാട്ടാനകളെ തുരത്താനുള്ള ദൗത്യം തുടങ്ങിയത്. ഉച്ചയ്ക്ക് ശേഷം പത്താഴപ്പാറയിലെ ബേസ് ക്യാംപില്‍ കുങ്കിയാനകളെ തളച്ച് വിശ്രമത്തിലായിരുന്ന സംഘം സമീപത്ത് കാട്ടാനയിറങ്ങിയെന്ന വിവരത്തെ തുടര്‍ന്നാണ് യാത്ര തിരിച്ചത്. പത്താഴപ്പാറയ്ക്കടുത്ത് തന്നെ നിലയുറപ്പിച്ചിരുന്ന കൊമ്പന്‍ ഹുസൈനെ തട്ടിവീഴ്ത്തുകയായിരുന്നു.
വാരിയെല്ലിന് ഗുരുതരമായി പരുക്കേറ്റ് തൃശൂരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഇന്നലെ മാറ്റിയെങ്കിലും
ഇന്ന് പുലര്‍ച്ചെ മരിച്ചു. 32കാരനായ ഹുസൈന്‍ വനംവകുപ്പിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. വനസംരക്ഷണപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുകയും മനുഷ്യവന്യജീവി സംഘര്‍ഷ പ്രദേശങ്ങളിലേക്ക് വന്യജീവികളെ തുരത്താനുള്ള ദൗത്യത്തില്‍ എന്നും മുന്‍നിരയില്‍ നില്‍ക്കുകയും
ചെയ്തിരുന്നു.
Read Also: തെരുവുനായ ആക്രമണത്തിൽ ബൈക്ക് യാത്രികർക്ക് പരുക്ക്
വയനാട് ജില്ലയില്‍ സങ്കീര്‍ണമായ ദൗത്യങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന വെറ്ററിനറി സര്‍ജന്‍ ആയ ഡോക്ടര്‍ അരുണ്‍ സഖറിയയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചു വരികയായിരുന്നു. കടുവയും ആനയും ഇറങ്ങുന്ന വയനാട് ജില്ലയിലെ വിവിധമേഖലകളിലെ ദൗത്യങ്ങളില്‍ ഹുസൈന്റെ സാന്നിധ്യമുണ്ടായിരുന്നു.
Read Also: കൃഷിയിടത്തില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു
ഫോറസ്ട്രി ബിരുദധാരിയായ ഹുസൈന്‍ പാമ്പുകളെ പിടികൂടുന്നതിലും വൈദഗ്ധ്യമുള്ളയാളായിരുന്നു. പാലപ്പിള്ളിയില്‍ കാട്ടാനക്കൂട്ടം തുടര്‍ച്ചയായ സാഹചര്യത്തിലാണ് വയനാട്ടില്‍ നിന്നുള്ള വിക്രം, ഭരത് എന്നീ കുങ്കിയാനകളെ എത്തിച്ചത്. കാട്ടാനകളെ തുരത്താനുള്ള ദൗത്യം തുടരവേയാണ് ഹുസൈന് ഈ ദുരന്തം സംഭവിച്ചത്.
Story Highlights: forest department’s rapid response team member died in elephant attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here