Advertisement

പരസ്യ വിമർശന വിവാദം; കെഎം ഷാജി ഇന്ന് വിശദീകരണം നൽകിയേക്കും

September 19, 2022
Google News 2 minutes Read
km shaji muslim league

നേതൃത്വത്തിൽ ഒരു വിഭാഗത്തിനെതിരെ പരസ്യ വിമർശനം നടത്തുന്നുവെന്ന വിവാദത്തിൽ കെ എം ഷാജി ഇന്ന് വിശദീകരണം നൽകിയേക്കും. പാണക്കാടെത്തുന്ന ഷാജിയുമായി സാദിഖലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ച്ച നടത്തും. ഷാജിയോട് വിശദീകരണം തേടുമെന്ന് പാർട്ടി അധ്യക്ഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. (km shaji muslim league)

Read Also: ‘പിണറായി ഭീരു, ഇരട്ട ചങ്കും എല്ലാം ശുദ്ധവിടലാണ്’; ഫാസിസം പോലെ മോശമാണ് മാർക്സിസമെന്ന് കെ.എം.ഷാജി

ഒരു വിഭാഗം നേതാക്കൾക്കെതിരെ നിരന്തരമായി പരസ്യ വിമർശനം നടത്തുന്നുവെന്നാണ് ഷാജിക്കെതിരെ മറുഭാഗത്തിന്റെ വാദം. മലപ്പുറത്തെ പ്രവർത്തക സമിതി യോഗത്തിലും ഷാജിക്ക് വിമർശനമുണ്ടായി. ഇതിന് പിന്നാലെ മസ്ക്കത്തിലെ കെഎംസിസി പരിപാടിയിൽ സമാന പരാമർശം ഷാജി ആവർത്തിച്ചതോടെയാണ് വിശദീകരണം തേടുമെന്ന് സാദിഖലി തങ്ങൾ അറിയിച്ചത്. വിശദീകരണം നൽകാൻ കെ എം ഷാജിയോട് ഇന്ന് പണക്കാടെത്താൻ സംസ്ഥാന അധ്യക്ഷൻ നിർദേശം നൽകിയതായാണ് സൂചന. സാദിഖലി തങ്ങളെ കൂടാതെ ജനറൽ സെക്രട്ടറി ചുമതല വഹിക്കുന്ന പി എം എ സലാമും ഷാജിയുമായി കൂടിക്കാഴ്ച നടത്താനാണ് സാധ്യത. അതേസമയം വിവാദങ്ങൾക്കിടെ കെ.എം.ഷാജിയും പി.കെ.കുഞ്ഞാലിക്കുട്ടിയും ഒരേ വേദിയിലെത്തി. മലപ്പുറം പൂക്കോട്ടൂർ മുണ്ടിതൊടികയിൽ മുസ്ലിം ലീഗ് ഓഫീസ് ഉദ്‌ഘാടനത്തിനാണ് ഇരുനേതാക്കളും ഒരുമിച്ച് എത്തിയത്. ‘ഞങ്ങളെല്ലാം മുസ്ലിം ലീഗ് രാഷ്ട്രീയമാണ് പറയുന്നതെന്നും, വാക്കുകളിൽ നിന്ന് മറ്റെന്തെങ്കിലും കിട്ടാൻ മെനക്കെടേണ്ടെ’ന്നും വിവാദങ്ങൾക്ക് പരോക്ഷ മറുപടിയായി കെ എം ഷാജി വേദിയിലിരിക്കവേ പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എന്നാൽ തുടർന്ന് സംസാരിച്ച കെഎം ഷാജി പ്രസംഗ വിവാദം പരാമർശിച്ചില്ല. യൂത്ത് ലീഗ് അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾക്കൊപ്പം പരിപാടിക്കെത്തിയ ഇരു നേതാക്കളെയും ലീഗ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി ആവേശത്തോടെയാണ് സ്വീകരിച്ചത്.

Read Also: ‘ഞങ്ങളൊക്കെ പറയുന്നത് ഒരൊറ്റ രാഷ്ട്രീയമായിരിക്കും’; എല്ലാവരും ഒറ്റക്കെട്ടാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

ഈ മാസം ഒൻപതിന് ജിദ്ദയിലെ പരിപാടിയിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തിയ പരോക്ഷ വിമർശനങ്ങളാണ് കെ എം ഷാജിയുമായുള്ള ലീഗിന്റെ പുതിയ വിവാദങ്ങളുടെ തുടക്കം. കുഞ്ഞാലിക്കുട്ടിക്കെതിരെ കെഎം ഷാജിയുടെ നേതൃത്വത്തിൽ പാർട്ടിക്കുള്ളിൽ നടത്തിയിരുന്ന വിമർശനങ്ങൾ പരസ്യവേദികളിലേക്ക് മാറിയതോടെ നേതൃത്വം നിലപാട് കടുപ്പിക്കുകയാണ്. പ്രവർത്തക സമിതിയിൽ കുഞ്ഞാലിക്കുട്ടി അനുകൂലികൾ ഷാജിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിശദീകരണം തേടാനുള്ള തീരുമാനം. പാർട്ടിയിൽ അച്ചടക്ക സമിതിയെ രൂപീകരിക്കാനും ഇതേ യോഗം തീരുമാനിച്ചിട്ടുണ്ട്. കെഎംസിസി വേദികളിലാണ് ഷാജി പരസ്യ വിമർശനം ഉന്നയിച്ചത്.

Story Highlights: km shaji muslim league

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here