Advertisement

സിമി നിരോധിക്കപ്പെട്ട് കൃത്യം 21 വർഷങ്ങൾക്ക് ശേഷം പിഎഫിഐക്കും നിരോധനം; പോപ്പുലർ ഫ്രണ്ടിന്റെ പിറവിക്ക് പിന്നിലെ കഥ

September 28, 2022
2 minutes Read
how pfi was formed
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിരോധിക്കപ്പെട്ട സിമിയുടെ നേതാക്കൾ തന്നെയാണ് പോപ്പുലർ ഫ്രണ്ടിൻറെ തലപ്പത്തും എന്നാണ് എൻഐഎ ചൂണ്ടിക്കാണിക്കുന്ന അതീവ ഗുരുതര കുറ്റം. എൻഡിഎഫും കർണാടക ഫോറം ഫോർ ഡിഗ്‌നിറ്റിയും ചേർന്ന് 2006ൽ രൂപീകരിക്കപ്പെട്ടതു മുതൽ സിമിയുടെ നിഴൽ പോപ്പുലർ ഫ്രണ്ടിന് മേൽ ഉണ്ടായിരുന്നു. ( how pfi was formed )

2001 സെപ്റ്റംബർ 26ന് നിരോധിക്കപ്പെട്ട സിമി. 2022 സെപ്റ്റംബർ 27ന് നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട്. കൃത്യം 21 വർഷത്തിനു ശേഷം പിഎഫ്‌ഐയെ നിരോധിക്കുമ്പോൾ പഴയ അതേ കുറ്റങ്ങൾ തന്നെയാണ് എൻഐഎ ആവർത്തിക്കുന്നത്. വേൾഡ് ട്രേഡ് സെൻറർ ആക്രമണത്തിനു പിന്നാലെയാണ് വാജ്‌പേയി സർക്കാർ സിമിയെ നിരോധിക്കുന്നത്. അൽ ഖായിദയമുയുള്ള ബന്ധമായിരുന്നു അന്ന് പ്രധാനകാരണം. 11 സംസ്ഥാനങ്ങളിൽ മൂന്നു ദിവസം നീണ്ടു നിന്ന റെയ്ഡുകൾ അന്നും ഉണ്ടായി. നിരവധി നേതാക്കൾ അറസ്റ്റിലായി.

ആ നിരോധനത്തിന് അഞ്ചാണ്ടിനു ശേഷമാണ് കർണാടകത്തിൽ പോപ്പുലർ ഫ്രണ്ട് രൂപം കൊള്ളുന്നത്. കർണാടക ഫോറം ഫോർ ഡിഗ്‌നിറ്റിയും നാഷനൽ ഡെമോക്രാറ്റിക് ഫ്രണ്ടും സംയോജിച്ചായിരുന്നു പോപ്പുലർ ഫ്രണ്ടിൻറെ പിറവി. ഇന്ത്യൻ മുജാഹിദീൻറേയും സിമിയുടേയും ആശയങ്ങൾ പേറുന്നവർ എന്ന് അന്നേ ആരോപണം ഉയർന്നിരുന്നു. കാമ്പസ് ഫ്രണ്ടും വിമൻസ് ഫ്രണ്ടും ജൂനിയർ ഫ്രണ്ടും ഇമാം കൗൺസിലും രൂപീകരിച്ച് എല്ലാ തലത്തിലും അതിവേഗ വളർച്ച. തൊടുപുഴ ന്യൂമൻ കോളജ് അധ്യാപകൻ ടി ജെ ജോസഫിൻറെ കൈവെട്ടിയ സംഭവത്തിനു പിന്നാലെയാണ് സംഘടന കേരളത്തിൽ വാർത്തകളിലും വിവാദങ്ങളിലും നിറയുന്നത്.

Read Also: പിഎഫ്‌ഐ മാത്രമല്ല; ഇതിന് മുൻപ്‌ ഇന്ത്യയിൽ 55 സംഘടനകൾ നിരോധിച്ചിട്ടുണ്ട്

മഹാരാജാസ് കോളജ് വിദ്യാർത്ഥി അഭിമന്യുവിൻറെ കൊലപാതകത്തിലും പോപ്പുലർ ഫ്രണ്ട് നേതാക്കളായിരുന്നു പ്രതികൾ. ആലപ്പുഴയിലും പാലക്കാട്ടും ആർഎസ്എസുമായി നേരിട്ടുള്ള ഏറ്റുമുട്ടലുകളും പ്രതികാരക്കൊലപാതകങ്ങളും സംഘടനയെ അന്വേഷണ ഏജൻസികളുടെ നോട്ടപ്പുള്ളികളാക്കി. കൊച്ചുകുട്ടികളെ കൊണ്ടു പോലും വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ചത് സമുദായത്തിനുള്ളിൽ തന്നെ എതിർപ്പുണ്ടാക്കി.

നിരവധി മുന്നറിയിപ്പുകൾക്കു ശേഷവും പ്രകോപനങ്ങൾ തുടർന്നതാണ് പോപ്പുലർ ഫ്രണ്ടിന്ർറേയും അനുബന്ധ സംഘടനകളുടേയും നിരോധനത്തിനു കാരണമായത്. സിമിക്കു പുറമെ അബ്ദുൽ നാസർ മ അദനിയുടെ ഐഎസ്എസ് ആണ് കേരളത്തിൽ വേരുകളുള്ള നിരോധിത സംഘടന. ബാബറി മസ്ജിദ് ആക്രമണത്തിനു പിന്നാലെ വിവിധ ഹിന്ദു സംഘടനകൾക്ക് ഒപ്പമാണ് ഐഎസ്എസ് നിരോധിക്കപ്പെട്ടത്. പിന്നീടായിരുന്നു പിഡിപിയുടെ പിറവി. സിമിയിൽ നിന്ന് ഉണ്ടായതാണ് പോപ്പുലർ ഫ്രണ്ട് എന്ന കണ്ടെത്തൽ തന്നെയാണ് ഇപ്പോഴത്തെ നിരോധനത്തിനുള്ള പ്രധാന കാരണവും. ഐഎസ്‌ഐഎസുമായുള്ള ബന്ധത്തിനും തെളിവുണ്ടെന്ന് എൻഐഎ നിരോധന ഉത്തരവിൽ പറയുന്നു.

Story Highlights: how pfi was formed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement