കോഴിക്കോട് ഹൈലൈറ്റ് മാളിൽ യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; പൊലീസ് അന്വേഷണം തുടരുന്നു

കോഴിക്കോട് ഹൈലൈറ്റ് മാളിൽ സിനിമയുടെ പ്രമോഷൻ ചടങ്ങിനിടെ യുവനടിമാർക്കുണ്ടായ ലൈംഗികാതിക്രമത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. മാളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പന്തീരാങ്കാവ് പൊലീസിൻ്റെ അന്വേഷണം. എന്നാൽ നടിമാരെ കടന്നുപിടിച്ചത് ഒരാൾ തന്നെയാണോയെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. രണ്ടു നടിമാരുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി സിനിമയുടെ പ്രമോഷൻ ചടങ്ങ് കഴിഞ്ഞ് പോകുന്നതിനിടെയാണ് അതിക്രമമുണ്ടായത്.
Read Also: ‘ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്, ലജ്ജിക്കുന്നു’; നടിമാർക്കെതിരായ ലൈംഗിക അതിക്രമത്തിൽ നിവിൻ പോളി
സിനിമയുടെ പ്രമോഷൻ ചടങ്ങുമായി ബന്ധപ്പെട്ട് ചിത്രീകരിച്ച മുഴുവൻ ദൃശ്യങ്ങളും ഹാജരാക്കാൻ സിനിമയുടെ അണിയറ പ്രവർത്തകർക്ക് പൊലീസ് നിർദേശം നൽകിയിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന രണ്ടു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പടെ രണ്ട് ജാമ്യാമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. സംഭവം നടന്ന കോഴിക്കോട്ടെ മാളിലെ സിസിടിവി ദൃശ്യങ്ങൾ ഡിസിപിയുടെ നേതൃത്വത്തിൽ പരിശോധിച്ചിരുന്നു. നടിമാർക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിനെതിരെ വിവിധ മേഖലകളിലുള്ളവർ വിമർശനമുന്നയിച്ച് രംഗത്തെത്തി.
Read Also: യുവനടിമാർക്കെതിരായ ലൈംഗിക അതിക്രമം; പന്തീരങ്കാവ് പൊലീസ് കേസെടുത്തു
അതിക്രമം നേരിട്ട നടിമാരിലൊരാളാണ് കഴിഞ്ഞ ദിവസം സംഭവം സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. മാളിലെ പ്രോഗ്രാം കഴിഞ്ഞ് ഇറങ്ങുന്നതിനിടെ ആൾക്കൂട്ടത്തിൽ നിന്നൊരാൾ കയറിപ്പിടിച്ചെന്ന് നടി പറഞ്ഞു. കൂടെയുണ്ടായ ഒരു സഹപ്രവർത്തകക്കും ഇതേ അനുഭവമുണ്ടായി. എന്നാൽ അവർ അതിനെതിരെ പ്രതികരിച്ചെങ്കിലും തനിക്കതിന് സാധിച്ചില്ലെന്നും നടി കൂട്ടിച്ചേർത്തു.
സിനിമ പ്രമോഷന്‍റെ ഭാഗമായി നിരവധി സ്ഥലങ്ങളിൽ പോയിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമായാണ് നേരിടേണ്ടി വന്നതെന്ന് നടി തന്‍റെ പോസ്റ്റിൽ പറയുന്നു. നടിമാരിൽ ഒരാൾ അതിക്രമം നടത്തുന്ന വ്യക്തിക്കെതിരെ അടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
Story Highlights: actress assault kozhikode police investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here