Advertisement

യുഎസിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ; പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്

October 7, 2022
Google News 2 minutes Read
Kidnapped Indian Family Dead

അമേരിക്കയിലെ കാലിഫോർണിയയിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. എട്ട് മാസം പ്രായമുള്ള പെൺകുഞ്ഞ് ഉൾപ്പെടെ നാലംഗ കുടുംബമാണ് മരണപ്പെട്ടത്. തിങ്കളാഴ്ചയാണ് ഇവരെ കാണാതായത്. സംഭവത്തിൽ അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചു എന്നും പൊലീസ് പറഞ്ഞു. (Kidnapped Indian Family Dead)

ജസ്ദീപ് സിംഗ് (36), ഭാര്യ ജസ്ലീൻ കൗർ (27), മകൾ അരൂഹി ദേരി (8 മാസം), ബന്ധു അമൻദീപ് സിങ് (39) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ത്യാന റോഡിനും ഹച്ചിൻസൺ റോഡിനും സമീപത്തുള്ള തോട്ടത്തിലായിരുന്നു മൃതദേഹങ്ങൾ. തോട്ടത്തിലെ ജോലിക്കാരനാണ് ആദ്യം മൃതദേഹങ്ങൾ കണ്ടെതെന്ന് അധികൃതർ അറിയിച്ചു.

Read Also: വധശിക്ഷ കാത്തിരിക്കുന്ന മലയാളിയുടെ മോചന ദ്രവ്യമായി കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം ചോദിച്ചത് 33 കോടി

വടക്കൻ കാലിഫോർണിയയിലെ മെഴ്‌സഡ് കൗണ്ടിയിൽ ട്രക്കിങ് കമ്പനിയിൽ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ഇവരെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. രാവിലെ 8.30ഓടെ ജസ്ദീപും 8.40ഓടെ മണിയോടെ അമൻദീപും ജസ്ദീപിൻ്റെ ഉടമസ്ഥതയിലുള്ള ട്രക്കിങ്ങ് കമ്പനിയിൽ എത്തുന്നത് ദൃശ്യങ്ങളിൽ കാണാം. 9 മണിയോടെ ജസ്പ്ദീപ് ഒരാളുമായി തർക്കിക്കുന്നു. അയാൾ ഒരു തോക്ക് പുറത്തെടുക്കുന്നതും വിഡിയോയിൽ കാണാം. മിനിട്ടുകൾക്ക് ശേഷം കൈകൾ കെട്ടിയ നിലയിൽ ജസ്ദീപും അമൻദീപും കെട്ടിടത്തിൽ നിന്ന് പുറത്തുവരികയാണ്. ഇവരെ ട്രക്കിൽ കയറ്റികൊണ്ടുപോകുന്നത് ദൃശ്യങ്ങളിലുണ്ട്. 6 മിനിട്ടിനു ശേഷം ട്രക്ക് തിരികെവരുന്നു. ശേഷം ട്രക്കിൽ നിന്ന് ഒരാൾ കമ്പനി കെട്ടിടത്തിലേക്ക് കയറി ജസ്ലീൻ കൗറിനെയും മകളെയും തോക്കിന്മുനയിൽ ട്രക്കിലേക്ക് കയറ്റുന്നു. എന്നിട്ട് വീണ്ടും ട്രക്ക് ഓടിച്ചുപോകുന്നു.

തിങ്കളാഴ്ച വൈകിട്ട് കുടുംബാംഗങ്ങളിൽ രണ്ട് പേരുടെ മൊബൈൽ ഫോണുകൾ റോഡിൽ നിന്ന് ഒരു കർഷകൻ കണ്ടെത്തിയിരുന്നു. ഇതിലേക്ക് വന്ന ഒരു ഫോൺ കോൾ അറ്റൻഡ് ചെയ്ത കർഷകൻ കുടുംബാംഗങ്ങളിൽ ഒരാളുടെ ബന്ധുവിനോട് വിവരം പറയുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ കുടുംബാംഗങ്ങളിൽ ഒരാളുടെ എടിഎം കാർഡിൽ നിന്ന് ആരോ പണം പിൻവലിക്കാൻ ശ്രമിച്ചത് വഴിത്തിരിവായി. തുടർന്ന് സംഭവത്തിൽ പ്രതി ഹെയ്സൂസ് മാനുവൽ സൽഗാഡോ (48) പിടിയിലാവുകയായിരുന്നു. എന്നാൽ, കേസിൽ മറ്റ് ചിലരും പങ്കാളികളായിട്ടുണ്ടാവാമെന്നും സൂചനയുണ്ട്.

കുറ്റകൃത്യത്തിനു പിന്നിൽ സാമ്പത്തിക ഇടപാടാണെന്നാണ് നിഗമനം. എന്നാൽ, സ്ഥാപനത്തിൽനിന്ന് ഒന്നും മോഷണം പോവുകയോ മോചനദ്രവ്യം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. 2005 ൽ മോഷണക്കേസിൽ പ്രതിയായിരുന്ന ഹെയ്സൂസ് മാനുവൽ സൽഗാഡോ 2015 വരെ തടവുശിക്ഷ അനുഭവിച്ചിരുന്നു. ലഹരിവസ്തു കൈവശം വച്ചതിനും ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

Story Highlights: Kidnapped Indian Origin Family Dead America

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here