കോഴിക്കോട് സിപിഐ വനിതാ നേതാവിൻ്റെ പീഡനപരാതി; സിപിഐഎം നേതാവിനെതിരെ നടപടി

കോഴിക്കോട് സിപിഐ വനിതാ നേതാവിൻറെ പീഡനപരാതിയിൽ സിപിഐഎം നേതാവിനെതിരെ നടപടി. കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്തംഗവും സിപിഐഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗവുമായ കെപി ബിജുവിനെ സിപിഐഎം പുറത്താക്കി. കഴിഞ്ഞ മാസം പതിനഞ്ചാം തീയതി മേപ്പയ്യൂർ പൊലീസ് ബിജുവിനെതിരെ കേസെടുത്തിരുന്നു.
പ്രാദേശിക തലത്തിൽ ഏറെ വിവാദം ഉണ്ടാക്കിയ ഒരു കേസായിരുന്നു ഇത്. കഴിഞ്ഞ മാസമാണ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഇതുവരെ മേപ്പയൂർ പോലീസ് ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇതിനിടയിൽ സിപിഐ, സിപിഐഎം നേതാക്കളൊക്കെ ഇടപെട്ട് കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമം നടത്തുന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. മുസ്ലിം ലീഗും കോൺഗ്രസും ആർഎംപിയും പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തുകയും ഇദ്ദേഹം പഞ്ചായത്ത് അംഗത്വം രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിനിടയിലാണ് സിപിഐഎം അന്വേഷണം നടത്തി ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. നടപടി കഴിഞ്ഞ ദിവസം ലോക്കൽ കമ്മിറ്റി റിപ്പോർട്ട് ചെയ്തു. വരും ദിവസങ്ങളിൽ ചേരുന്ന ബ്രാഞ്ച് യോഗങ്ങളിലും ഇക്കാര്യം റിപ്പോർട്ട് ചെയ്യും. ചെറുവണ്ണൂർ മേഖലയിലെ പ്രാദേശിക സിപിഐഎം നേതാവാണ്. മുൻ പഞ്ചായത്ത് പ്രസിഡൻ്റും കർഷക സംഘത്തിൻ്റെ നേതാവുമാണ് ബിജു. പഞ്ചായത്ത് അംഗത്വം രാജിവെക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പതിനഞ്ച് അംഗങ്ങളാണ് ഈ പഞ്ചായത്തിൽ ഉള്ളത്. എട്ട് എൽഡിഎഫ് അംഗങ്ങളും ഏഴ് യുഡിഎഫ് അംഗങ്ങളും. അതുകൊണ്ടുതന്നെ രാജിവെച്ചാൽ അത് ഭരണത്തെ ബാധിക്കുന്നതുകൊണ്ട് അക്കാര്യത്തിൽ ഇതുവരെ നേതൃത്വം എടുത്തിട്ടില്ല.
Story Highlights: kozhikode cpi woman cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here