Advertisement

മുലായം സിംഗ് യാദവ് : പിന്നാക്ക ജാതി സമവാക്യങ്ങളുടെ കിംഗ് മേക്കർ

October 10, 2022
Google News 1 minute Read
mulayam singh yadav

ഒരു ഗുസ്തിക്കാരന്റെ കൗശലത്തോടെയും തന്ത്രങ്ങളോടെയും രാഷ്ട്രീയം കളിച്ച വ്യക്തി..ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രാദേശിക രാഷ്ട്രീയ പാർട്ടികളെ മുഖ്യധാരയിലെത്തിക്കാൻ നിർണായക പങ്കുവഹിച്ച വ്യക്തി..സമാജ്‌വാദി പാർട്ടി സ്ഥാപകനും മൂന്ന് തവണ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന മുലായം സിംഗ് യാദവ്, 1970 കൾക്ക് ശേഷമുള്ള ഏറെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് ഉയർന്ന് വന്നത്… ( mulayam singh yadav )

1989 ൽ ഉത്തർപ്രദേശിന് 425 അസംബ്ലി സീറ്റുകളാണ് ഉണ്ടായിരുന്നത്. അന്ന് കോൺഗ്രസിന് തകർത്ത് പാർട്ടിയുടെ വിശ്വസ്ത വോട്ട് ബാങ്കുകൾ സ്വന്തമാക്കാൻ മുലായം സിംഗിന് സാധിച്ചു. സംസ്ഥാനത്തെ കോൺഗ്രസിന്റെ തകർച്ചയ്ക്കായി നോക്കിയിരുന്ന മറ്റ് പാർട്ടികൾ അവസരം മുതലെടുക്കാൻ ശ്രമിച്ചു. എന്നാൽ കഠിനാധ്വാനത്തിലൂടെയും കുശാഗ്രബുദ്ധിയിലൂെയും മുലായം യുപി തന്റെ സ്വാധീനവലയത്തിലാക്കി. ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രാദേശിക പാർട്ടികളും മുഖ്യധാരയിലെത്താൻ ഈ നീക്കം നിർണായകമായി.

പിന്നാക്ക ജാതി സമവാക്യങ്ങളുടെ കിംഗ് മേക്കറായിരുന്നു മുലായം സിംഗ് യാദവ്. ഉന്നത ജാതിക്കാർ മാത്രം നേതൃത്വം നൽകിയിരുന്ന കോൺഗ്രസ് പാർട്ടിയിൽ നിന്ന് ആളുകൾ പിന്നാക്ക വിഭാഗത്തെ കുറിച്ച് ചർച്ച ചെയ്യാനും അവരെ ശ്രദ്ധിക്കാനും തുടങ്ങിയ സമയമായിരുന്നു അത്. ഒരു സോഷ്യലിസ്റ്റ് നേതാവായി രംഗപ്രവേശനം ചെയ്ത മുലായം സിംഗ് യാദവ് കോൺഗ്രസിന് ഒരിക്കലും സാധിക്കാതിരുന്ന ഒബിസി മുഖമായി മാറി. അന്ന് നടന്ന തെരഞ്ഞെടുപ്പിൽ അടിപതറിയ കോൺഗ്രസിന് സംസ്ഥാനത്ത് പിന്നീടൊരിക്കലും ഒരു തിരിച്ചുവരവ് നടത്താൻ സാധിച്ചിട്ടില്ല. 1989 ൽ ഉത്തർപ്രദേശിലെ 15-ാം മുഖ്യമന്ത്രിയായി മുലായം സിംഗ് അധികാരമേറ്റു. രണ്ടാം തവണ ബിഎസ്പിയുടെ പിന്തുണയോടെ 1993 ൽ വീണ്ടും മുഖ്യമന്ത്രിയായി. മൂന്നാം തവണ 2003 ലാണ് മുഖ്യമന്ത്രി പദത്തിൽ എത്തിയത്.

1939 നവംബർ 22ന് ഇതാവയിൽ ജനിച്ച മുലായം സിംഗ് പൊളഇട്ടിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും ബിഎഡും കരസ്ഥമാക്കിയിരുന്നുവെങ്കിലും ഗുസ്തിയിലായിരുന്നു ശ്രദ്ധ. ചർഖ ദാവ് ; അതായിരുന്നു ഗോദയിൽ മുലായം സിംഗ് യാദവിന്റെ ഇഷ്ടപ്പെട്ട മുറ. അതീവ സൂക്ഷ്മത, അസാധ്യ മെയ് വഴക്കം, ഒപ്പം എതിരാളിയുടെ കരുത്ത് തനിക്ക് അനുകൂല മക്കാനുള്ള ചാതുര്യം ഇവയുണ്ടെങ്കിൽ ഏതു കരുത്തനായ എതിരാളിയെയും 360 ഡിഗ്രി കറക്കി നിലത്തടിക്കാം. രാഷ്ട്രീയ ഗോദയിലേക്ക് മുലായം സിംങ് സിങ് യഥാവിന് വഴി തെളിച്ചതും ഈ ഗുണങ്ങൾ തന്നെയാണ്.

ആദ്യമായി 1967 ൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായാണ് മുലായം ജസ്വന്ത്‌നഗർ എംഎൽഎയാകുന്നത്. പിന്നീട് 1969 ൽ കോൺഗ്രസിന്റെ ബിഷംഭർ സിംഗ് യാദവിനോട് തോറ്റു. 1974 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചൗധരി ചരൺ സിംഗിന്റെ ഭാരതീയ ക്രാന്തി ദളിൽ ചേർന്ന് ജസ്വന്ത്‌നഗറിൽ നിന്ന് വിജയിച്ചു. 1977 ൽ ജനതാ പാർട്ടി ടിക്കറ്റിലാണ് മുലായം വിജയം കണ്ടത്.

1980 ൽ കോൺഗ്രസിന്റെ അപ്രതീക്ഷിത തിരിച്ചുവരവിൽ കാൽ വഴുതിയ മുലായം ബൽറാം സിംഗ് യാദവിനോട് തോറ്റു. പിന്നീട് ലോക് ദൾ പാർട്ടിയിൽ ചേർന്ന് പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റും. 1989 ൽ 10-ാം യുപി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുലായം സിംഗ് യാദവ്, വിപി സിംഗിന്റെ ജനതാദളിൽ ചേർന്നു. തുടർന്ന് സംസ്ഥാനത്ത് ക്രാന്തി രഥ യാത്ര ആരംഭിച്ചു. ഈ തെരഞ്ഞെടുപ്പിൽ 421 സീറ്റിൽ 208 സീറ്റും നേടി ജനതാദൾ ഉജ്വല വിജയം കരസ്ഥമാക്കി. അന്നത്തെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 57 സീറ്റുകളും ബിഎസ്പിക്ക് 13 സീറ്റുകളും മാത്രമാണ് കരസ്ഥമാക്കാൻ സാധിച്ചത്. 1989 ഡിസംബർ 5ന് അങ്ങനെ മുലായം സിംഗ് മുഖ്യമന്ത്രിയായി.

1990 നവംബറിൽ ജനതാദൾ പിളർന്നപ്പോൾ കോൺഗ്രസ് ചന്ദ്രശേഖർ സർക്കാരിനെ കേന്ദ്രത്തിലും യുപിയിൽ മുലായം സിംഗ് സർക്കാരിനെയും പിന്താങ്ങി. എന്നാൽ ഉടൻ തന്നെ കോൺഗ്രസ് പിന്തുണ പിൻവലിക്കുകയും പുതിയ തെരഞ്ഞെടുപ്പിലേക്ക് അത് വഴിവയ്ക്കുകയും ചെയ്തു.

മുലായം സിംഗ് യാദവ് ചന്ദ്രശേഖർ പക്ഷത്തിനൊപ്പം നിൽക്കാൻ തീരുമാനിച്ചു. സർക്കാർ നിലംപതിച്ചതിന് പിന്നാലെ 1991 ലെ തെരഞ്ഞെടുപ്പിൽ 34 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. പിന്നീട് മാസങ്ങൾക്കിപ്പുറം 1992 ൽ മുലായം സ്വന്തം പാർട്ടിയായ എസ്പി രൂപീകരിക്കുകയായിരുന്നു.

Story Highlights: mulayam singh yadav

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here