“മധുരമീ പ്രതികാരം”; ജപ്തിനോട്ടീസയച്ച അതേബാങ്കിൽ 70 ലക്ഷം അടിച്ച ലോട്ടറി ടിക്കറ്റ് കൈമാറി പൂക്കുഞ്ഞ്

ഇന്നലെ വാർത്തകളിൽ നിറഞ്ഞു നിന്നത് പൂക്കുഞ്ഞ് എന്ന സാധാരണക്കാരനാണ്. മണിക്കൂറുകൾക്കുള്ളിൽ ജീവിതം മാറിമറിഞ്ഞ ഒരു സാധാരണക്കാരൻ. മൈനാഗപ്പള്ളി ഷാനവാസ് മൻസിലിൽ പൂക്കുഞ്ഞിനെ തേടിയെത്തിയത് 70 ലക്ഷം രൂപയുടെ ജാക്‌പോട്ട് ആണ്. പൂക്കുഞ്ഞിനെപോലും ഞെട്ടിച്ചാണ് ഭാഗ്യം കടന്നുവന്നത്. ഒരു മണിക്കാണ് കേരള അക്ഷയ ലോട്ടറിയുടെ ടിക്കറ്റെടുത്തത്. രണ്ടു മണിയ്ക്ക് പൂക്കുഞ്ഞിന്റെ വീട്ടിൽ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസെത്തി. ആകെ വിഷമിച്ചിരിക്കുന്ന സമയത്താണ് പൂക്കുഞ്ഞിനെ തേടി മൂന്നരയ്ക്ക് ആ വാർത്ത എത്തുന്നത്. 70 ലക്ഷം രൂപയുടെ ലോട്ടറിയാണ് പൂക്കുഞ്ഞിനെ തേടിയെത്തിയത്.
ബാങ്കിന്റെ ജപ്തി നൽകിയ അതേ ബാങ്കിൽത്തന്നെ ടിക്കറ്റ് കൈമാറിയിരിക്കുകയാണ് പൂക്കുഞ്ഞ്. സമ്മാനം അടിച്ച ടിക്കറ്റുമായി വ്യാഴാഴ്ച രാവിലെ പൂക്കുഞ്ഞും ഭാര്യ മുംതാസും ബാങ്ക് ശാഖയിലെത്തി ടിക്കറ്റ് കൈമാറി. ഒൻപതുലക്ഷം രൂപയാണ് ഭവനവായ്പ കുടിശ്ശികയായി ബാങ്കിന് നൽകാനുള്ളത്. കൂടാതെ മറ്റ് കടങ്ങളും തീർക്കാനുണ്ട് പൂക്കുഞ്ഞിന്. ഇതെല്ലാം തീർത്ത് ചെറിയ ബിസിനസുമായി ജീവിതം ഇനി മുന്നോട്ട് നീക്കണം എന്നാണ് പൂക്കുഞ്ഞിന്റെ ആഗ്രഹം.
ബുധനാഴ്ച മണിക്കൂറുകൾക്കിടയിയിലാണ് പൂക്കുഞ്ഞിന്റെ ജീവിതത്തിൽ അവിശ്വസനീയമായ ഈ സംഭവങ്ങൾ നടക്കുന്നത്. ബൈക്കിൽ സഞ്ചരിച്ച് മീൻ വിറ്റാണ് കുടുംബം പോറ്റിവന്നത്. പതിവുപോലെ മീൻവിറ്റുവരുന്ന വഴിയിൽ മൈനാഗപ്പള്ളി പ്ലാമൂട്ടിൽ ചന്തയിൽ ചെറിയതട്ടിൽ ലോട്ടറി വിൽപ്പന നടത്തുന്ന വയോധികന്റെ കൈയിൽ നിന്നാണ് ഈ ടിക്കറ്റെടുത്തത്. അവിടെ നിന്ന് നേരേ വീട്ടിലെത്തിയപ്പോഴാണ് അല്പം കഴിഞ്ഞപ്പോൾ കൈയിൽ കിട്ടിയത് കോർപ്പറേഷൻ ബാങ്ക് കരുനാഗപ്പള്ളി കുറ്റിവട്ടം ശാഖയുടെ വായ്പ കുടിശ്ശിക ജപ്തി നോട്ടീസ് കിട്ടിയത്. വീടുവയ്ക്കുന്നതിന് ബാങ്കിൽ നിന്ന് എട്ടുവർഷം മുമ്പ് 7.45 ലക്ഷം രൂപ വായ്പയെടുത്തത് കുടിശ്ശികയായി ഒൻപതുലക്ഷത്തിലെത്തി.
ആകെ വിഷമിച്ചിരുന്ന സമയത്താണ് ലോട്ടറി അടിച്ച വാർത്ത പൂക്കുഞ്ഞിനെ തേടിയെത്തിയത്. എ.ഇസഡ്. 907042 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ആദ്യം വിശ്വസിക്കാൻ പ്രയാസമായിരുന്നെന്നും എന്നാൽ ആപത്ത്‌ഘട്ടത്തിൽ സഹായിച്ച ദൈവത്തിന് നന്ദി പറയുകയാണെന്നും പൂക്കുഞ്ഞ് പറയുന്നു.
Story Highlights: 70 lakh winning lottery ticket was handed over to the bank that sent the revenue recovery notice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here