സൂപ്പ് പ്രതിഷേധം: വിൻസെൻ്റ് വാൻ ഗോഗിന്റെ സൂര്യകാന്തിപ്പൂക്കൾ വീണ്ടും പ്രദർശിപ്പിച്ചു

ഡച്ച് ചിത്രകാരൻ വിൻസെൻ്റ് വാൻ ഗോഗിൻറെ ‘സൂര്യകാന്തി പെയിന്റിംഗിൽ’ കഴിഞ്ഞ ദിവസം രണ്ട് പെൺകുട്ടികൾ തക്കാളി സൂപ്പ് എറിഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഫോസിൽ ഇന്ദനങ്ങളുടെ വേർതിരിക്കലിനെതിരെയുള്ള സമരത്തിൻ്റെ ഭാഗമായിരുന്നു കാലാവസ്ഥാ പ്രവർത്തകരുടെ ഈ പ്രതിഷേധം. സംഭവത്തിന് പിന്നാലെ ചിത്രം വൃത്തിയാക്കി ലണ്ടനിലെ നാഷണൽ ഗാലറിയിൽ വീണ്ടും പ്രദർശിപ്പിച്ചു.
സൂപ്പ് പ്രതിഷേധം നടന്ന് ആറ് മണിക്കൂറിന് ശേഷമാണ് ചിത്രം വീണ്ടും യഥാസ്ഥാനത്ത് തിരിച്ചെത്തിയത്. ചിത്രം വൃത്തിയാക്കി വീണ്ടും പ്രദർശിപ്പിച്ചതായി നാഷണൽ ഗാലറി സ്ഥിരീകരിച്ചു. നേരത്തെ ചില്ലുകൊണ്ടുള്ള ഫ്രെയിം ഉണ്ടായിരുന്നതിനാൽ പെയിൻറിംഗിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഗാലറി അധികൃതർ അറിയിച്ചിരുന്നു. ഫ്രെയിമിന് ചെറിയ കേടുപാടുകൾ ഉണ്ട്, എന്നാൽ പെയിന്റിംഗിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഏകദേശം 84.2 മില്യൺ യുഎസ് ഡോളറാണ് (693 കോടി ഇന്ത്യൻ രൂപ) ഈ പെയിന്റിംഗിന്റെ വില.
പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധക്കാരെ ലണ്ടൻ മെട്രോ പൊളിറ്റൻ പൊലീസ് അറസ്റ്റ് ചെയ്തു. 21കാരിയായ ഫോബേ പ്ലമ്മർ 20കാരിയായ അന്നാ ഹോളണ്ട് എന്നിവരാണ് അറസ്റ്റിലായത്. സൂപ്പ് പെയിൻറിംഗിൽ ഒഴിച്ചതിന് പിന്നാലെ പ്രതിഷേധക്കാർ കൈകളിൽ പശ തേച്ച ശേഷം കൈ ഭിത്തിയിലേക്ക് ചേർത്ത് വയ്ക്കുകയും ചെയ്തു. ജീവിതത്തിനാണോ കലയ്ക്കാണോ പ്രാധാന്യം? ജനങ്ങളുടെ ജീവിതമാണോ അതോ ഒരു പെയിൻറിംഗാണോ നിങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ചോദ്യങ്ങളെല്ലാം പ്രതിഷേധക്കാർ ഉന്നയിക്കുന്നുണ്ടായിരുന്നു.
Story Highlights: Van Gogh’s Sunflowers back on display after oil protesters threw soup on it
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here