നരബലിക്കേസ്; മൃതദേഹങ്ങൾ മുറിക്കാൻ ഉപയോഗിച്ച മൂർച്ചയുള്ള ആയുധങ്ങളെക്കുറിച്ച് അവ്യക്തത

ഇലന്തൂർ നരബലിക്കേസിൽ ഇന്നലെ നടന്ന വിശദമായ പരിശോധനയുടെ അടിസ്ഥാനത്തിൽ തുടർ ചോദ്യം ചെയ്യലിനൊരുങ്ങുകയാണ് പൊലീസ്. മറ്റൊരു മൃതദേഹം കണ്ടെത്താനുള്ള സാധ്യത പരിശോധനയിൽ ഉറപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും സംശയങ്ങൾ ബാക്കിയാണ്. രണ്ടു മൃതദേഹങ്ങളും മുറിക്കാൻ ഉപയോഗിച്ച മൂർച്ചയുള്ള ആയുധങ്ങളെക്കുറിച്ചും അവ്യക്തതകളുണ്ട്. ( Human sacrifice case; police preparing for further questioning ).
പ്രതികളെ കസ്റ്റഡിയിൽ ലഭിച്ച് മൂന്നാം ദിവസം അന്വേഷണ സംഘം ഇലന്തൂരിലേക്ക് തെളിവെടുപ്പിനും പരിശോധനയ്ക്കുമെത്തിയത് ചില സംശയങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. ഒന്നാം പ്രതി ചോദ്യം ചെയ്യലിൽ പൂർണമായും നിസ്സഹകരണം കാട്ടിയപ്പോൾ ലൈലയുടെ നാവിൽ നിന്ന് വീണ ഒരു കാര്യമാണ് മറ്റൊരു മൃതദേഹമെന്ന സംശയത്തിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്.
Read Also: ഇലന്തൂർ നരബലി കേസ്; തിരോധാന കേസുകളിൽ അന്വേഷണം ശക്തമാക്കി പൊലീസ്
ഇലന്തൂരിൽ ഒരേ സമയം നടത്തിയ പരിശോധനയിലും, ചോദ്യം ചെയ്യലിലും മറ്റൊരു മൃതദേഹമെന്ന സംശയം ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ പ്രതികളുടെ മറുപടികൾ പൂർണമായും വിശ്വാസത്തിലെടുക്കുന്നുമില്ല പൊലീസ്. നിലവിൽ പൊലീസ് കണ്ടെടുത്ത ആയുധങ്ങളുപയോഗിച്ച് റോസ്ലിന്റെയും,പ ത്മത്തിന്റെയും മൃതദേഹങ്ങൾ എളുപ്പത്തിൽ മുറിച്ചതെങ്ങനെയെന്ന സംശയവുമുണ്ട്. മറ്റൊരു സർജിക്കൽ ഉപകരണത്തിന്റെ സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
നരബലി തെളിയിക്കാൻ വീട്ടിൽ നിന്നു മറ്റു രേഖകൾ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. നിലവിലുള്ള സി.സി.റ്റി.വി ദൃശ്യങ്ങളും ടവർ ട്രാക്കിങ്ങും കൊണ്ട് മാത്രം കേസ് ബലപ്പെടില്ലെന്നാണ് വിലയിരുത്തൽ. മുഹമ്മദ് ഷാഫിയുടെ മൊബൈൽ ഫോണടക്കം നിരവധി തെളിവുകൾ ശേഖരിക്കണം. ഇതിനായി വീണ്ടും വിശദമായ ചോദ്യം ചെയ്യൽ നടത്തണം. ആവശ്യമെങ്കിൽ പ്രതികളെ വീണ്ടും ഇലന്തൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. ഇതാണ് നിലവിലുള്ള അന്വേഷണ സംഘത്തിന്റെ ആക്ഷൻ പ്ലാൻ.
Story Highlights: Human sacrifice case; police preparing for further questioning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here