മാങ്ങ മോഷ്ടിച്ച പൊലീസായി ഫാന്‍സി ഡ്രസ്; എല്‍കെജി കുട്ടി വൈറലായി; വിഡിയോ നീക്കം ചെയ്യണമെന്ന് രക്ഷിതാവിനോട് സ്‌കൂള്‍

പൊലീസ് ഉദ്യോഗസ്ഥന്‍ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചെന്ന വാര്‍ത്ത വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ സ്‌കൂളിലെ ഫാന്‍സി ഡ്രസ് മത്സരത്തില്‍ മാമ്പഴം മോഷ്ടിച്ച പൊലീസായി വേഷമിട്ട എല്‍കെജി വിദ്യാര്‍ത്ഥിയും സോഷ്യല്‍ മീഡിയയില്‍ വൈറലായി. യഥാര്‍ഥ സംഭവത്തെ നന്നായി മത്സരവേദിയിലെത്തിച്ച കൊച്ചുമിടുക്കന് സോഷ്യല്‍ മീഡിയ കൈയടിച്ചു. കുട്ടിയുടെ പ്രകടനം രക്ഷിതാവ് ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിഡിയോ വൈറലായത്. എന്നാല്‍ വൈറല്‍ വിഡിയോ തങ്ങള്‍ക്കും പൊലീസ് സേനയ്ക്കും നാണക്കേടുണ്ടാക്കിയെന്ന ആരോപണം ഉയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ കുട്ടി പഠിക്കുന്ന സ്‌കൂള്‍ മാനേജ്‌മെന്റ്. (Fancy dress as the policeman who stole the mango school ask parent to remove video)
കുട്ടിയുടെ ഫാന്‍സി ഡ്രസ് വിഡിയോയെ തള്ളി ആനക്കല്ല് സെന്റ് ആന്റണി പബ്ലിക് സ്‌കൂള്‍ വിശദമായ പ്രസ്താവന പുറത്തിറക്കി. വിഡിയോ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ കുട്ടിയുടെ രക്ഷിതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവനയിലൂടെ സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. വിഡിയോ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിന് സ്‌കൂള്‍ യാതൊരുവിധ പിന്തുണയും നല്‍കിയിട്ടില്ല. സ്‌കൂളിന്റെ അറിവോ സമ്മതമോ കൂടാതെയാണ് വിഡിയോ പ്രചരിക്കുന്നതെന്നും പ്രസ്താവനയിലൂടെ മാനേജ്‌മെന്റ് വ്യക്തമാക്കി.

ഈ മാസം 14ന് സ്‌കൂളില്‍ പ്രീ പ്രൈമറി വിഭാഗത്തിനായി നടന്ന ഫാന്‍സി ഡ്രസ് മത്സരത്തിലാണ് എല്‍കെജി വിദ്യാര്‍ത്ഥി മാമ്പഴം മോഷ്ടിച്ച പൊലീസുകാരനായി വേഷമിട്ടത്. മാമ്പഴ മോഷണത്തില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ ദിവസങ്ങള്‍ പിന്നിട്ടിട്ടും പിടിക്കാന്‍ പൊലീസിന് സാധിക്കുന്നില്ലെന്ന വിമര്‍ശനം കൂടി ശക്തമാകുന്ന പശ്ചാത്തലത്തിലായിരുന്നു കുട്ടിയുടെ ഫാന്‍സി ഡ്രസ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
Story Highlights: Fancy dress as the policeman who stole the mango school ask parent to remove video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here