തിളങ്ങിയത് രോഹൻ മാത്രം; കേരളത്തിന് തുടർച്ചയായ രണ്ടാം പരാജയം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം പരാജയം. ഇന്ന് മഹാരാഷ്ട്രക്കെതിരെ 40 റൺസിനു പരാജയപ്പെട്ട കേരളത്തിന് അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനവും ഏറെക്കുറെ അപ്രാപ്യമായി. മഹാരാഷ്ട്ര മുന്നോട്ടുവച്ച 168 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കേരളത്തിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 127 റൺസെടുക്കാനേ സാധിച്ചുള്ളൂ. 4 ഓവറിൽ വെറും 11 റൺസ് വഴങ്ങി രോഹൻ എസ് കുന്നുമ്മൽ, സഞ്ജു സാംസൺ, വിഷ്ണു വിനോദ് എന്നീ വിക്കറ്റുകൾ വീഴ്ത്തിയ സത്യജീത് ബച്ചവ് ആണ് മഹാരാഷ്ട്രയുടെ വിജയശില്പി. 44 പന്തിൽ 58 റൺസെടുത്ത രോഹൻ കേരളത്തിൻ്റെ ടോപ്പ് സ്കോററായി. (kerala lost maharashtra smat)
Read Also: സയ്യിദ് മുഷ്താഖ് അലി ട്രോഫി; ഹരിയാനയ്‌ക്കെതിരെ കേരളത്തിന് ജയം
ആദ്യ ഇന്നിംഗ്സിൽ ഋതുരാജ് ഗെയ്ക്വാദിൻ്റെ തകർപ്പൻ സെഞ്ചുറിയാണ് മഹാരാഷ്ട്രയെ തുണച്ചത്. 68 പന്തുകളിൽ 8 ബൗണ്ടറിയും 7 സിക്സറും സഹിതം 114 റൺസ് നേടിയ ഗെയ്ക്വാദ് ഇന്നിംഗ്സിലെ അവസാന പന്തിൽ പുറത്താവുകയായിരുന്നു. പിനാൽ ഷായും (29 പന്തിൽ 31) ഋതുരാജിനു പിന്തുണ നൽകി. ഇംപാക്ട് പ്ലയറായി എത്തിയ സിജോമോൻ ജോസഫ് 4 ഓവറിൽ 18 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
Read Also: ‘സഞ്ജു കൊള്ളാം, പക്ഷേ ഋഷഭ് പന്തിനു പകരക്കാരനാവില്ല’; വസീം ജാഫർ
മറുപടി ബാറ്റിംഗിൽ കേരളം നന്നായി തുടങ്ങി. എന്നാൽ, നാലാം ഓവറിൽ വിഷ്ണു വിനോദ് (8 പന്തിൽ 10) പുറത്തായതോടെ കേരളം ബാറ്റിംഗ് തകർച്ചയിലേക്ക് വീണു. കേരളത്തിനായി ഇന്ന് അരങ്ങേറിയ കൗമാര താരം ഷോൺ റോജർ (12 പന്തിൽ 3), മുഹമ്മദ് അസ്ഹറുദ്ദീൻ (7 പന്തിൽ 5), സച്ചിൻ ബേബി (4 പന്തിൽ 4) എന്നിവരൊക്കെ നിരാശപ്പെടുത്തി. ആറാം നമ്പറിലെത്തിയ സഞ്ജു സാംസൺ 7 പന്തിൽ 3 റൺസെടുത്ത് പുറത്തായതോടെ കേരളം തോൽവി ഉറപ്പിച്ചു. ഇതിനിടെ രോഹൻ ഫിഫ്റ്റി തികച്ചെങ്കിലും വിജയലക്ഷ്യം ഏറെ അകലെയായിരുന്നു. ഒടുവിൽ സമ്മർദ്ദത്തിനു കീഴടങ്ങി രോഹനും പുറത്ത്. അബ്ദുൽ ബാസിത്ത് (5), ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ (2) എന്നിവരും വേഗം മടങ്ങി. സിജോമോൻ ജോസഫ് (18), മിഥുൻ എസ് (9) എന്നിവർ നോട്ടൗട്ടാണ്.
Story Highlights: kerala lost maharashtra smat syed mushtaq ali trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here