356-ാം വകുപ്പുണ്ടെന്ന് മുഖ്യമന്ത്രി മറക്കേണ്ട; സർക്കാരിനെ പിരിച്ചുവിടുമെന്ന ഭീഷണിയുമായി ബി.ജെ.പി

ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ നീക്കണമെന്ന ഗവര്‍ണറുടെ കത്ത് പുറത്തുവന്നതിന് പിന്നാലെ സർക്കാരിനെ പിരിച്ചുവിടുമെന്ന ഭീഷണിയുമായി ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് രംഗത്ത്. 356-ാം വകുപ്പുണ്ടെന്ന് മുഖ്യമന്ത്രി മറക്കേണ്ടെന്നും ബാലഗോപാലിന്റെ രാജി ആവശ്യപ്പെടണമെന്നുമാണ് ഭീഷണി. അല്ലെങ്കിൽ ധാർമ്മികത ഉയർത്തിപ്പിടിച്ച് ധനമന്ത്രി രാജി വയ്ക്കണം. ഗവർണർ നിയമിച്ച മന്ത്രിയെ ഗവർണർക്ക് പിൻവലിക്കാമെന്നും കേരളം പ്രത്യേക റിപ്പബ്ലിക്കല്ലെന്നും പി.കെ കൃഷ്ണദാസ് പറയുന്നു.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നത്. ഒക്ടോബര്‍ 19ന് വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളെ ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 18നായിരുന്നു ധനമന്ത്രിയുടെ പ്രസംഗം. ഗവര്‍ണറുടെ പ്രതിച്ഛായ തകര്‍ക്കുന്നതും പദവിയുടെ അന്തസ് താഴ്ത്തിക്കെട്ടുന്നതുമാണ് പ്രസംഗമെന്ന് കത്തില്‍ പറയുന്നു. ബോധപൂര്‍വ്വം തന്റെ സത്യപ്രതിജ്ഞ ലംഘിക്കുകയാണ് മന്ത്രി എന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ഗുരുവചനം ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ഗവര്‍ണറുടെ കത്ത്.
Read Also: മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് വാഹനാപകടത്തില്‍ പരുക്ക്
വൈസ് ചാന്‍സലര്‍മാര്‍ക്ക് സുരക്ഷാ ഭടന്മാര്‍ വരെയുള്ള യുപി പോലെയുള്ള സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കേരളത്തിലെ സര്‍വകലാശാലകളെ മനസിലാക്കാന്‍ പ്രയാസമാണെന്നായിരുന്നു ധനമന്ത്രിയുടെ വാക്കുകള്‍. മന്ത്രിയുടെ പ്രസംഗത്തിന് ശേഷം കള്ള് കച്ചവടത്തില്‍ നിന്നും വരുമാനം കണ്ടെത്തുന്ന ധനമന്ത്രി തനിക്ക് വിദ്യാഭ്യാസത്തെ കുറിച്ച് ക്ലാസ് എടുക്കേണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. തന്റെ പ്രവര്‍ത്തികള്‍ വിലയിരുത്താന്‍ നിയമമന്ത്രി ആരാണെന്നുമായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ ചോദ്യം.
ധനമന്ത്രിയെ നീക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് കിട്ടിയതിന് പിന്നാലെ പ്രതികരിച്ചു. ധനമന്ത്രിയില്‍ പ്രീതി നഷ്ടപ്പെട്ടെന്നും മന്ത്രിയെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. മന്ത്രിയുടെ പ്രസംഗം അപമാനിക്കുന്നതാണെന്ന് ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും ധനമന്ത്രിയുടെ പ്രസംഗം ഗവര്‍ണറെ അപമാനിക്കുന്നതല്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
Story Highlights: Article 356 BJP threatened dissolve government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here