Advertisement

ടി-20 ലോകകപ്പ്: ബംഗ്ലാദേശിനെതിരെ 104 റൺസ് ജയം; സെമി സാധ്യത നിലനിർത്തി ദക്ഷിണാഫ്രിക്ക

October 27, 2022
Google News 2 minutes Read
south africa won bangladesh

ടി-20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ ജയം. 104 റൺസിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. ഇതോടെ ദക്ഷിണാഫ്രിക്ക സെമി സാധ്യത നിലനിർത്തി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 205 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് 16.3 ഓവറിൽ 101 റൺസെടുക്കുന്നതിനിടെ ഓൾഔട്ടായി. ദക്ഷിണാഫ്രിക്കായി റൈലി റുസോ സെഞ്ചുറി നേടിയപ്പോൾ ആൻറിച് നോർക്കിയ നാലും തബ്രൈസ് ഷംസി മൂന്നും വിക്കറ്റ് വീതം വീഴ്ത്തി. (south africa won bangladesh)

Read Also: ടി-20 ലോകകപ്പ്: ഇന്ത്യക്ക് ബാറ്റിംഗ്; ടീമിൽ മാറ്റമില്ല

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ തെംബ ബാവുമയെ (2) നഷ്ടമായി. എന്നാൽ, മൂന്നാം നമ്പറിലെത്തിയ റൈലി റുസോ തുടക്കം മുതൽ അടിച്ചുതകർത്തു. മറുവശത്ത് ക്വിൻ്റൺ ഡികോക്ക് ഉറച്ച പിന്തുണ നൽകി. 30 പന്തുകളിൽ റുസോ ഫിഫ്റ്റി തികച്ചു. 33 പന്തിൽ ഡികോക്കും ഫിഫ്റ്റിയിലെത്തി. 168 റൺസ് നീണ്ട രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവിൽ ഡികോക്ക് മടങ്ങി. 38 പന്തിൽ 7 ബൗണ്ടറിയും മൂന്ന് സിക്സറും സഹിതം 63 റൺസെടുത്താണ് ഡികോക്ക് പുറത്തായത്. മറുവശത്ത് റുസോ ആക്രമണം തുടർന്നു. 46 പന്തിൽ 95 റൺസിലെത്തിയ താരം പിന്നീട് സിംഗിളുകളിലൂടെ സെഞ്ചുറി തികയ്ക്കുകയായിരുന്നു. 56 പന്തിൽ 7 ബൗണ്ടറിയും 7 സിക്സറും സഹിതം 109 റൺസെടുത്ത താരം 19ആം ഓവറിലാണ് പുറത്തായത്.

റുസോയുടെ സെഞ്ചുറിയും ഡികോക്കിൻ്റെ ഫിഫ്റ്റിയും തുണച്ചപ്പോൾ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 205 റൺസ് നേടി. ആദ്യ 15 ഓവറുകളിലെ വെടിക്കെട്ട് ബാറ്റിംഗ് അവസാന ഓവറുകളിൽ തുടരാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചില്ല. അവസാന അഞ്ച് ഓവറുകളിൽ 29 റൺസ് മാത്രമാണ് ദക്ഷിനാഫ്രിക്കയ്ക്ക് നേടാനായത്. ഈ ഓവറുകളിൽ ട്രിസ്റ്റൻ സ്റ്റബ്സ് (7), എയ്ഡൻ മാർക്രം (10) എന്നിവരെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമാവുകയും ചെയ്തു.

Read Also: ടി-20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ താരം; സിഡ്നിയിൽ വെടിക്കെട്ടുമായി റൈലി റുസോ

മറുപടി ബാറ്റിംഗിൽ മിന്നും തുടക്കമാണ് ബംഗ്ലാദേശിനു ലഭിച്ചത്. കഗീസോ റബാഡ എറിഞ്ഞ ആദ്യ ഓവറിൽ രണ്ട് സിക്സർ സഹിതം 17 റൺസ് നേടിയ ബംഗ്ലാദേശിന് പക്ഷേ, പിന്നീട് തുടരെ വിക്കറ്റുകൾ നഷ്ടമായി. ഇന്നിംഗ്സിലെ മൂന്നാം ഓവറിൽ, തൻ്റെ ആദ്യ ഓവറിലെ ആദ്യ പന്തിൽ സൗമ്യ സർക്കാരിനെ (15) മടക്കി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ട നോർക്കിയ നസ്‌മുൽ ഹുസൈൻ ഷാൻ്റോ (9) ഷാക്കിബ് അൽ ഹസൻ (1) എന്നിവരെക്കൂടി തൻ്റെ ആദ്യ സ്പെല്ലിൽ പുറത്താക്കി. അഫീഫ് ഹുസൈനെ (1) കഗീസോ റബാഡ പുറത്താക്കി. മെഹദി ഹസൻ (11), നൂറുൽ ഹസൻ (2), ലിറ്റൻ ദാസ് (34) എന്നിവരെ തബ്രൈസ് ഷംസി മടക്കിഅയച്ചു. മൊസദ്ദക് ഹുസൈനെ (0) കേശവ് മഹാരാജ് വീഴ്ത്തി. ഹസൻ മഹ്‌മൂദ് (0) റണ്ണൗട്ടായപ്പോൾ ടാസ്കിൻ അഹ്‌മദിനെ (10) പുറത്താക്കിയ നോർക്കിയ ബംഗ്ലാദേശ് ഇന്നിംഗ്സ് അവസാനിപ്പിച്ചു.

Story Highlights: south africa won bangladesh t20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here