Advertisement

പിരിച്ചുവിടേണ്ട ജീവനക്കാരുടെ ലിസ്റ്റ് തയ്യാറാക്കാൻ മസ്‌ക്; നവംബർ ഒന്നിന് മുമ്പ് ജീവനക്കാരെ പിരിച്ചുവിട്ടേക്കും

October 31, 2022
Google News 3 minutes Read

44 ബില്യണ്‍ ഡോളറിന്റെ കരാറോടെ ട്വിറ്ററിന്റെ ഏറ്റെടുക്കല്‍ ടെസ്‌ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് പൂർത്തിയാക്കി. ഇതിനകം തന്നെ കമ്പനിയിൽ പുതിയ തീരുമാനങ്ങളും മസ്‌ക് നടപ്പാക്കിയിട്ടുണ്ട്. മസ്‌ക് ട്വിറ്ററിന്റെ ചില ഉന്നത എക്‌സിക്യൂട്ടീവുകളെ പുറത്താക്കുകയും ഇപ്പോൾ നിരവധി ട്വിറ്റർ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ് എന്നുമാണ് പുറത്തുവരുന്ന വാർത്തകൾ. നവംബർ ഒന്നിന് മുമ്പ് ട്വിറ്ററിലെ പിരിച്ചുവിടലുകൾ നടക്കുമെന്നാണ് സൂചന. പിരിച്ചുവിടേണ്ടവരുടെ ലിസ്റ്റ് തയാറാക്കാൻ മസ്ക് മാനേജർമാരോട് ആവശ്യപ്പെട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.(Layoffs at Twitter)

കമ്പനിക്ക് ആവശ്യമില്ലാത്തതും എത്രയും വേഗം പുറത്താക്കാവുന്നതുമായ ടീം അംഗങ്ങളുടെ പട്ടിക തയാറാക്കാനാണ് മസ്ക് മാനേജർമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. എത്ര ജീവനക്കാരെ പിരിച്ചുവിടും തുടങ്ങിയ കാര്യങ്ങളൊന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ആഴ്ച്ച പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം 75 ശതമാനം ട്വിറ്റർ ജീവനക്കാരെയും പിരിച്ചുവിടുമെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, പിന്നീട് ഇത് മസ്ക് നിഷേധിക്കുകയും ചെയ്തിരുന്നു. ഇത്തരം പദ്ധതികളൊന്നും തനിക്കില്ലെന്നും ഇത്രയുമധികം ജീവനക്കാരെ പിരിച്ചുവിടില്ലെന്നും മസ്ക് വ്യക്തമാക്കി.

Read Also: ട്വിറ്റർ മുൻ സി.ഇ.ഒ പരാഗ് അഗർവാളിന് 4.2 കോടി ഡോളർ നഷ്ടപരിഹാര തുക നൽകേണ്ടി വരും

എന്നാൽ നവംബർ 1ന് മുൻപ് ജീവനക്കാരെ പിരിച്ചുവിടാനാണ് മസ്കിന്റെ പദ്ധതിയെന്നാണ് റിപ്പോർട്ട‍ുകൾ. നഷ്ടപരിഹാരത്തിന്റെ ഭാഗമായി സാധാരണയായി ലഭിക്കുന്ന സ്റ്റോക്ക് ഗ്രാന്റുകൾ അവർക്ക് നൽകാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും സൂചനകൾ ഉണ്ട്. എന്നാൽ, ലയന കരാറിലെ വ്യവസ്ഥകൾ പ്രകാരം മസ്‌ക് ജീവനക്കാർക്ക് അവരുടെ ഓഹരിക്ക് പകരം പണമായി നൽകേണ്ടതുണ്ടെന്ന് പറയപ്പെടുന്നു. ട്വിറ്ററിൽ നിലവിൽ 7,500 ജീവനക്കാരുണ്ട്. ഇതിൽ നിന്ന് 50 ശതമാനം കുറയ്ക്കാൻ മസ്കിന് കഴിയുമെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നത്. ട്വിറ്റർ ചീഫ് എക്‌സിക്യൂട്ടീവ് പരാഗ് അഗ്രവാൾ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗാൾ, നിയമകാര്യ, നയ മേധാവി വിജയ ഗഡ്ഡെ എന്നിവരെയാണ് മസ്‌ക് ഇതിനകം പുറത്താക്കിയിരുന്നു.

Story Highlights: Layoffs at Twitter to take place before November 1, Elon Musk reportedly asks managers to prepare lists

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here