ടി-20 ലോകകപ്പിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായി കോലി

ടി-20 ലോകകപ്പിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായി വിരാട് കോലി. ദക്ഷിണാഫ്രിക്കക്കെതിരായ സൂപ്പർ 12 മത്സരത്തിലാണ് കോലി ഈ നേട്ടത്തിലെത്തിയത്. ശ്രീലങ്കയുടെ മുൻ ക്യാപ്റ്റൻ മഹേല ജയവർധനയ്ക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം കൂടിയാണ് കോലി. ദക്ഷിണാഫ്രിക്കക്കെതിരെ കോലി 12 റൺസ് നേടി പുറത്താവുകയായിരുന്നു.
22 ഇന്നിംഗ്സിൽ നിന്ന് 83.41 ശരാശരിയിൽ 1001 റൺസാണ് നിലവിൽ കോലിക്കുള്ളത്. 12 അർധസെഞ്ചുറികളും താരത്തിനുണ്ട്. 31 മത്സരങ്ങളിൽ നിന്ന് 1016 റൺസാണ് ജയവർധനയ്ക്കുള്ളത്. സൂപ്പർ 12ൽ ഇന്ത്യക്ക് ബംഗ്ലാദേശിനോടും സിംബാബ്‌വെയോടും മത്സരിക്കാനുള്ളതുകൊണ്ട് തന്നെ ജയവർധനയെ കോലി മറികടക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക ആവേശജയം കുറിച്ചിരുന്നു. 5 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ കീഴടക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 134 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു. 59 റൺസെടുത്ത് പുറത്താവാതെ നിന്ന ഡേവിഡ് മില്ലർ ആണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്പി. എയ്ഡൻ മാർക്രവും (52) ദക്ഷിണാഫ്രിക്കക്കായി തിളങ്ങി.
ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 133 റൺസ് നേടിയത്. മുൻനിര തകർന്നടിഞ്ഞപ്പോൾ സൂര്യകുമാർ യാദവിൻ്റെ ഒറ്റയാൾ പോരാട്ടം (40 പന്തിൽ 68) ഇന്ത്യയെ മാന്യമായ സ്കോറിലെത്തിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കായി ലുങ്കി എങ്കിഡി 4 വിക്കറ്റ് വീഴ്ത്തി.
Story Highlights: t20 world cup virat kohli 1000 runs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here