Advertisement

നോട്ട് നിരോധനത്തിന് ആറ് വർഷത്തിനിപ്പുറവും ‘നോട്ട്’ തന്നെ രാജാവ്; പൊതുജനത്തിന്റെ കൈയിലുള്ളത് 30.88 ലക്ഷം കോടി രൂപ

November 7, 2022
Google News 3 minutes Read
cash with public at record high of ₹30.88 lakh crore

നോട്ട് നിരോധനത്തിന് ആറ് വർഷത്തിനിപ്പുറവും ‘നോട്ട്’ തന്നെ രാജാവ്. പൊതുജനത്തിന്റെ കൈയിൽ വിനിമയത്തിനായി ഉപയോഗിക്കാൻ 30.88 ലക്ഷം കോടി രൂപയുണ്ടെന്നാണ് ആർബിഐ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. ( cash with public at record high of ₹30.88 lakh crore )

ആറ് വർഷം മുൻപ് നവംബർ 8, 2016 ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 രൂപയുടേയും 1000 രൂപയുടേയും നോട്ട് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. കള്ളപ്പണം തടയുകയും, ഇന്ത്യയെ ‘ലെസ് ക്യാഷ്’ എക്കോണമി ആക്കുകയെന്നതുമായിരുന്നു നോട്ട് നിരോധനത്തിന് പിന്നിലെ പ്രധാന ലക്ഷ്യങ്ങൾ. എന്നാൽ ആറ് വർഷത്തിനിപ്പുറവും ഈ ലക്ഷ്യം നിറവേറിയിട്ടില്ല എന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ആർബിഐ പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം ഇന്ത്യയിലെ ജനങ്ങളുടെ കൈയിൽ 30.88 ലക്ഷം കോടി രൂപയാണ് ഉള്ളത്. 2016 നവംബറിൽ 17 ലക്ഷം കോടി രൂപയാണ് ഉപയോഗത്തിലുണ്ടായിരുന്നത്. അതായത് കറൻസി വിനിമയം കുറയ്ക്കുകയെന്ന ലക്ഷ്യത്തിൽ നിന്ന് വിപരീതമായി 2016 നെ അപേക്ഷിച്ച് 71.84% അധികം കറൻസിയാണ് ഇന്ന് ജനത്തിന്റെ പക്കലുള്ളത്.

സാധാനങ്ങൾ വാങ്ങുന്നതിനും വിവിധ സേവനങ്ങൾ ഉപയോഗപ്പെടുത്താനുമായി പൊതുജനങ്ങളുടെ കൈയിലുള്ള കറൻസിയുടെ കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിനിമയത്തിനായി ഉപയോഗിക്കുന്ന ആകെ മൊത്തം കറൻസിയിൽ നിന്ന് ബാങ്കിലുള്ള കറൻസി കുറയ്ക്കുമ്പോൾ കിട്ടുന്ന തുകയാണ് ഇത്.

നോട്ട് നിരോധനത്തിനും, കൊവിഡിനും പിന്നാലെ ഓൺലൈൻ പണമിടപാടുകളുടെ പ്രചാരം വർധിച്ചുവെങ്കിലും കറൻസിയുടെ ഉപയോഗം മുന്നിൽ തന്നെയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡിജിറ്റൽ പണമിടപാടുകളുടെ എണ്ണത്തിലും, വിനിമയം നടത്തുന്ന പണത്തിന്റെ മൂല്യത്തിലുമുണ്ടായ വർധനയ്ക്ക് അനുസൃതമായി തന്നെ കറൻസിയുടെ ഉപയോഗവും കൂടിയിട്ടുണ്ടെന്ന് ഡിജിറ്റൽ പെയ്‌മെന്റുകളെ കുറിച്ച് 2019 ൽ ആർബിഐ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. നോട്ട് നിരോധനം പരാജയമായിരുന്നുവെന്ന് പ്രതിപക്ഷ പാർട്ടികളും സാമ്പത്തിക വിദഗ്ധരും ഒന്നടങ്കം നടത്തുന്ന ആരോപണത്തിന് ശക്തികൂട്ടുന്നതാണ് നിലവിലെ കണക്ക്.

നോട്ട് നിരോധനത്തിനെതിരായ ഹർജികൾ കേൾക്കവേ കേന്ദ്രസർക്കാരിനെതിരെ പരാമർശങ്ങളുമായി സുപ്രിംകോടതി രംഗത്ത് വന്നിരുന്നു. ‘നോട്ട് നിരോധനത്തിന്റെ ലക്ഷ്യം നിറവേറ്റാൻ സാധിച്ചോ ?’- എന്ന് ജസ്റ്റിസ് എസ് അബ്ദുൽ നസീർ ചോദിച്ചു. നോട്ട് നിരോധനം പരാജയമായിരുന്നുവെന്ന് കോടതി മുമ്പാകെ കാര്യകാരണസഹിതം എണ്ണിയെണ്ണി പറഞ്ഞു ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനായ പി.ചിതംബരം. വെറും 0.0027% വ്യാജ കറൻസികൾ മാത്രമാണ് പിടിച്ചെടുത്തതെന്ന് ചിതംബരം ആർബിഐയുടെ വാർഷിക റിപ്പോർട്ട് ഉദ്ദരിച്ച് ചൂണ്ടിക്കാട്ടി. ‘എലിയെ പിടിക്കാൻ ഇല്ലം ചുടുന്നത്’ പോലെയായിരുന്നു കേന്ദ്രസർക്കാർ നീക്കമെന്ന് ചിതംബരം പറഞ്ഞു. നോട്ട് നിരോധനത്തിന് പിന്നാലെ 2,000 ന്റെ പുതിയ നോട്ട് പുറത്തിറക്കിയെങ്കിലും ദിവസങ്ങൾക്ക് അകം തന്നെ 2000 ന്റെയും വ്യാജൻ പുറത്തിറങ്ങുകയായിരുന്നു. ആദായ നികുതി വകുപ്പും ഡിആർഐ വിഭാഗവും വിവിധ റെയ്ഡുകളിൽ 2,000 ന്റെ നോട്ട് പിടിച്ചിട്ടുണ്ട്. നോട്ട് നിരോധനത്തിന് ദിവസങ്ങൾക്ക് പിന്നാലെ പിടിയിലായ തീവ്രവാദിയിൽ നിന്നും 2,000 രൂപയുടെ വ്യാജ നോട്ട് പിടിച്ചെടുത്ത കാര്യവും ചിതംബരം പറഞ്ഞു. 11 കോടി വരുന്ന ഇന്ത്യൻ ജനങ്ങൾ പണത്തിനായി മണിക്കൂറുകളോളം ക്യൂവിൽ നിന്നതും, ഹോൾസെയിൽ മാർക്കറ്റുകൾ തകർന്നടിഞ്ഞതും, 15 കോടി ദിവസവേതന തൊഴിലാളികളുടെ ഉപജീവനം നഷ്ടമായതും ചിതംബരം ഓർമിപ്പിച്ചു.

കറൻസികൾ പിൻവലിക്കും മുമ്പ് പ്രത്യാഘാതങ്ങളെ കുറിച്ച് സർക്കാർ ചിന്തിച്ചിരുന്നോയെന്ന് കോടതി അത്ഭുതപ്പെട്ടു. നവംബർ 9 ന് ഹർജികളിൽ തുടർ വാദം കേൾക്കും.

Story Highlights: cash with public at record high of ₹30.88 lakh crore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here