കേരള ടൂറിസത്തിന് അന്താരാഷ്ട്ര പുരസ്‌കാരം; അംഗീകാരം ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ ഷോയിൽ
കേരള ടൂറിസത്തിന് അന്താരാഷ്ട്ര പുരസ്‌കാരം. മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ലണ്ടനിൽ ലോക ട്രാവൽ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അവാർഡ് ഏറ്റുവാങ്ങി. ( kerala bags international award in tourism )
ഉത്തരവാദിത്ത ടൂറിസം മിഷന്റെ വാട്ടർ സ്ട്രീറ്റ് പദ്ധതിക്കാണ് അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ ഷോയായ വേൾഡ് ട്രാവൽ മാർക്കറ്റിന്റെ ജലസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള കാറ്റഗറിയിലാണ് കേരളത്തിന്റെ വാട്ടർ സ്ട്രീറ്റ് പദ്ധതി തെരഞ്ഞെടുക്കപ്പെട്ടത്.
വാട്ടർ സ്ട്രീറ്റ് പദ്ധതി ജനകീയമായി നടപ്പാക്കുന്നുവെന്ന് ജൂറി വിലയിരുത്തി. വാട്ടർ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ കോട്ടയം മറവൻതുരുത്തിലെ പ്രവർത്തനങ്ങൾ ജൂറി എടുത്ത് പറഞ്ഞു. കനാലുകളും വിവിധ ജലാശയങ്ങളും ആഴം കൂട്ടി വൃത്തിയാക്കി സംരക്ഷിച്ച് ടൂറിസം പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതാണ് പദ്ധതി.
ഓരോ പ്രദേശത്തും ജനകീയമായി ഒരു ടൂറിസം ഡെസ്റ്റിനേഷൻ രൂപപ്പെടുത്തുന്ന പ്രവർത്തനമാണ് സ്ട്രീറ്റ് പദ്ധതിയിൽ നടക്കുന്നത്. ഇതിലെ വാട്ടർ സ്ട്രീറ്റ് എന്ന ആശയവും അതിനായി നടക്കുന്ന ജനകീയ മുന്നേറ്റവും മാതൃകാപരമാണ് എന്ന് ജൂറി എടുത്ത് പറഞ്ഞു.
മറവൻതുരുത്തിന് പുറമേ കടലുണ്ടി, തൃത്താല, പട്ടിത്തറ, വലിയ പറമ്പ, പിണറായി , അഞ്ചരക്കണ്ടി, കാന്തല്ലൂർ, മാഞ്ചിറ, ചേകാടി എന്നിവിടങ്ങളിൽ ആണ് സ്ട്രീറ്റ് പദ്ധതി പുരോഗമിക്കുന്നത്. ഓരോ പ്രദേശത്തിനും അനുസരിച്ച് വിവിധ അനുഭവവേദ്യ വിനോദ സഞ്ചാര തെരുവുകൾ രൂപപ്പെടുത്തുകയാണ് പദ്ധതിയിൽ ചെയ്യുന്നത്.
ഉത്തരവാദിത്ത ടൂറിസം മിഷനാണ് പദ്ധതി നടപ്പാക്കുന്നത്.
കോവിഡാനന്തര കാലത്ത് കേരള ടൂറിസത്തിന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് അവാർഡ് എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരള ടൂറിസത്തിന്റെ കുതിപ്പിന് സഹായകരമാകും ഈ അവാർഡ് എന്നും മന്ത്രി പറഞ്ഞു.
Story Highlights: kerala bags international award in tourism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here