Advertisement

പാട്ടില്ല, സിനിമയില്ല, ചിരിയില്ല, ജീന്‍സില്ല, മതമില്ല; ഉത്തര കൊറിയയിലെ എട്ട് വിചിത്ര നിയമങ്ങള്‍

November 16, 2022
Google News 2 minutes Read

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും വസ്ത്രസ്വാതന്ത്ര്യത്തിനും വല്ലാത്ത പരിമിതിയുണ്ടെന്ന് മാത്രമല്ല, ചില ദിവസങ്ങളില്‍ ചിരിക്കുന്നതിന് പോലും വിലക്കുള്ള രാജ്യമാണ് ഉത്തര കൊറിയ. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമെന്ന് തോന്നുന്ന ഉത്തര കൊറിയയിലെ എട്ട് വിചിത്ര നിയമങ്ങളും വിലക്കുകളും പരിശോധിക്കാം. ( Shocking Laws In North Korea)

  1. തെരഞ്ഞെടുപ്പില്‍ വോട്ട് ഒരാള്‍ക്ക് മാത്രം

17 വയസ് പൂര്‍ത്തിയായ എല്ലാ പൗരന്മാര്‍ക്കും ഉത്തര കൊറിയയില്‍ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാം. രാവിലെ എഴുന്നേറ്റ് എല്ലാവരും വോട്ടിംഗിനെത്തണം. ഒരാളുടെ പേര് മാത്രം എഴുതിയ ബാലറ്റ് പേപ്പര്‍ കൈയില്‍ ലഭിക്കും. ഒന്നും പൂരിപ്പിക്കാനില്ല, ഒരു അടയാളം പോലും ആവശ്യമില്ല. നേരെ അത് ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കുക. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉത്തര കൊറിയന്‍ പൗരന്‍ പങ്കാളിയായിക്കഴിഞ്ഞു.

  1. ചിരിക്കുന്നതും കുറ്റം

ഉത്തര കൊറിയയുടെ മുതിര്‍ന്ന നേതാവും കിം ജോങ് ഉന്നിന്റെ മുത്തച്ഛനുമായ കിം സങ് 1994 ജൂലായ് 8നാണ് മരിക്കുന്നത്. രാജ്യം ദുഃഖമാചരിക്കുന്ന ഈ ദിവസം ചിരിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. മനസിന് സന്തോഷം പകരുന്ന കാര്യങ്ങളില്‍ ഉത്തര കൊറിയന്‍ പൗരന്മാര്‍ അന്നേ ദിവസം ഏര്‍പ്പെടരുത്. തമാശ പറയുകയും അരുത്. അന്ന് മദ്യപിക്കരുതെന്നും നിയമമുണ്ട്.

  1. നീല ജീന്‍സിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്

നീല ജീന്‍സിനെ മുതലാളിത്തത്തിന്റെ പ്രതീകമായാണ് ഉത്തര കൊറിയ കാണുന്നത്. നീല ജീന്‍സ് ധരിച്ച് പുറത്തിറങ്ങുന്നത് ജയിലിലടയ്ക്കാനാകുന്ന കുറ്റകൃത്യമാണ്.

  1. മൂന്ന് തലമുറ അനുഭവിക്കും

മൂന്ന് തലമുറ നിയമം ഉത്തര കൊറിയ പിന്തുടരുന്നതായി പല ചരിത്രകാരന്മാരും സ്ഥിരീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ കുറ്റവാളികളുടെ മൂന്ന് തലമുറയെ ശിക്ഷിക്കുന്ന രീതിയാണിത്. 1948 മുതല്‍ ഉത്തര കൊറിയയില്‍ ഈ നിയമം നടപ്പിലാക്കി വന്നിരുന്നുവെന്നാണ് അനുഭവസാക്ഷ്യങ്ങള്‍ തെളിയിക്കുന്നത്.

Read Also: സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പൊലീസുകാരൻ തൂങ്ങി മരിച്ചു

  1. മതമില്ല, ദൈവമില്ല, ബൈബിളില്ല

നാസ്തികത്വം ബലം പ്രയോഗിച്ച് നടപ്പാക്കുന്ന രാജ്യമാണ് ഉത്തര കൊറിയ. എല്ലാവരും കിം കുടുംബത്തില്‍പ്പെട്ടവരാണ്. അതിനാല്‍ പൗരന്മാര്‍ക്ക് മതമോ വിശ്വാസമോ പാടില്ലെന്നാണ് നിയമം. ബൈബിളിന് ഉത്തര കൊറിയയില്‍ വിലക്കുണ്ട്.

  1. ഭരണകൂടം പറയും, അതുപോലെ മുടി വെട്ടണം

ഇഷ്ടമുള്ള ഹെയര്‍ സ്‌റ്റൈലുകള്‍ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും ഉത്തര കൊറിയയിലില്ല. സര്‍ക്കാര്‍ അംഗീകൃത 28 സ്റ്റൈലുകളില്‍ മാത്രമേ മുടി വെട്ടാന്‍ പാടുള്ളൂ. ഇതില്‍ 10 സ്റ്റൈലുകള്‍ പുരുഷന്മാര്‍ക്കായും 18 സ്റ്റൈലുകള്‍ സ്ത്രീകള്‍ക്കായുമാണ് അനുവദിച്ചിരിക്കുന്നത്.

  1. രാജ്യം വിടുന്ന കാര്യം ചിന്തിക്കുകയേ വേണ്ട

പൗരാവകാശങ്ങള്‍ ഈ വിധത്തില്‍ നിഷേധിക്കപ്പെട്ടിട്ടും എന്തുകൊണ്ടാണ് ആരും ഉത്തര കൊറിയ വിട്ടുപോകാത്തതെന്ന് ചിന്തിച്ചിട്ടുണ്ടോ? അത് മറ്റൊരു നിയമം മൂലമാണ്. ഉത്തര കൊറിയയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ പൗരന്മാര്‍ക്ക് അവകാശമില്ല. രേഖകളില്ലാതെ അതിര്‍ത്തി കടക്കുന്നവര്‍ക്ക് മരണമാണ് ഉത്തര കൊറിയയിലെ ശിക്ഷ. അതിര്‍ത്തികളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

  1. വിദേശ സിനിമ വേണ്ട, ഗാനങ്ങളും പാടില്ല

വിദേശ സിനിമകള്‍ കാണുന്നതിനും അന്യഭാഷാ ഗാനങ്ങള്‍ കേള്‍ക്കുന്നതിനും കര്‍ശനമായ വിലക്കുണ്ട്. അമേരിക്കന്‍ ചലച്ചിത്രങ്ങള്‍ കാണുന്നതിന് മരണശിക്ഷ വരെ വിധിച്ചേക്കാം.

Story Highlights: Shocking Laws In North Korea

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here