Advertisement

പ്രമുഖ ബ്രാന്‍ഡുകളുടെ സാനിറ്ററി പാഡുകളില്‍ ഉപയോഗിക്കുന്നത് അപകടകാരിയായ രാസവസ്തുക്കള്‍: പഠനം

November 22, 2022
Google News 5 minutes Read

ഇന്ത്യയില്‍ വില്‍ക്കുന്ന പ്രമുഖ സാനിറ്ററി പാഡ് ബ്രാന്റുകളില്‍ അത്യപകടകാരിയായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പഠനം. ന്യൂ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോക്‌സിക് ലിങ്ക് എന്ന സംഘടനയാണ് പഠനം നടത്തിയത്. രാജ്യത്തെ വിപണി കൈയടക്കിയിരിക്കുന്ന പല സാനിറ്ററി പാഡുകളിലും കാര്‍സിനോജന്‍, പ്രത്യുല്‍പാദന വിഷവസ്തുക്കള്‍, എന്‍ഡോക്രൈന്‍ ഡിസ്റപ്റ്ററുകള്‍ എന്നിവ അടങ്ങിയിട്ടുണ്ടെന്നാണ് പഠനം കണ്ടെത്തിയത്. ഇവ സ്ത്രീകളില്‍ അലര്‍ജി മുതല്‍ വന്ധ്യതയും അര്‍ബുദവും ഉള്‍പ്പെടെയുള്ള ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് പഠനം പറയുന്നു. (Popular Sanitary Pads Sold in India Have Harmful Chemicals Cause Serious Health Issues: Report)

തിങ്കളാഴ്ചയാണ് റാപ്ഡ് ഇന്‍ സീക്രസി( wrapped in secrecy) എന്ന പേരിലുള്ള പഠനം ടോക്‌സിക് ലിങ്ക് പ്രസിദ്ധീകരിച്ചത്. ഫാലേറ്റ്‌സ് ( phthalates) , വോളറ്റൈല്‍ ഓര്‍ഗാനിക് കോംപൗണ്ട് (voc) എന്നീ രാസവസ്തുക്കളുടെ സാന്നിധ്യം ഇന്ത്യയില്‍ വില്‍ക്കുന്ന പല സാനിറ്ററി പാഡുകളിലുമുള്ളതായി പഠനസംഘം കണ്ടെത്തി.

ഉത്പ്പന്നത്തെ മൃദുവാക്കാനും അയവുള്ളതാക്കാനും ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫാലേറ്റ്‌സ്. വിവിധ പ്‌ളാസ്റ്റിക് ഉത്പ്പന്നങ്ങളില്‍ കാലങ്ങളായി ഉപയോഗിച്ചുവരുന്ന ഒരു രാസവസ്തുവാണിത്. രാജ്യത്ത് ഏറ്റവുമധികം വില്‍ക്കുന്ന രണ്ട് ബ്രാന്‍ഡുകളില്‍ ആറ് തരത്തിലുള്ള ഫാലേറ്റുകള്‍ അടങ്ങിയിരിക്കുന്നതായി പഠനം കണ്ടെത്തി. കിലോയ്ക്ക് 10 മുതല്‍ 19,600 മൈക്രോഗ്രാം എന്ന പരിധിയിലാണ് ഈ രാസവസ്തു പാഡുകളില്‍ അടങ്ങിയിരിക്കുന്നത്.

Read Also: നെഞ്ചെരിച്ചില്‍ ശല്യമാകുന്നുണ്ടോ? നിയന്ത്രിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

സ്ത്രീകളെ വന്ധ്യതയിലേക്ക് ഉള്‍പ്പെടെ നയിക്കുന്ന എന്‍ഡോമെട്രിയോസിസ് എന്ന അവസ്ഥയ്ക്ക് വരെ ഫാലേറ്റ്‌സ് കാരണമാകുന്നു. കൂടാതെ ഗര്‍ഭധാരണത്തിലെ സങ്കീര്‍ണതകള്‍, ഇന്‍സുലിന്‍ പ്രതിരോധം, രക്താതിസമ്മര്‍ദം മുതലായവയിലേക്കും ഫാലേറ്റ്‌സ് നയിക്കുന്നു.

സാനിറ്ററി പാഡുകള്‍ വഴി മാത്രമേ സ്ത്രീകള്‍ ഫാലേറ്റ്‌സുകളുമായി സമ്പര്‍ക്കത്തില്‍ വരൂ എന്ന് സ്ഥാപിക്കാന്‍ പഠനം ഉദ്ദേശിക്കുന്നില്ലെന്ന് പഠനസംഘത്തിലുള്‍പ്പെടെ പ്രീതി മഹേഷ് എന്ന ഗവേഷക വ്യക്തമാക്കി. എന്നാല്‍ യോനിയിലെ കോശങ്ങള്‍ക്ക് മറ്റ് കോശങ്ങളേക്കാള്‍ അപകടസാധ്യത കൂടുതലാണെന്ന് ഇവര്‍ വ്യക്തമാക്കി.

സാനിറ്ററി നാപ്കിനുകളില്‍ ഉപയോഗിക്കുന്ന അത്യപകടകാരിയായ മറ്റൊരു രാസവസ്തുവാണ് വോളറ്റൈല്‍ ഓര്‍ഗാനിക് കോംപൗണ്ട്. ഇവ എളുപ്പത്തില്‍ ബാഷ്പീകരിക്കപ്പെടുന്നു. പെര്‍ഫ്യൂമുകള്‍, പെയിന്റുകള്‍, എയര്‍ ഫ്രഷ്‌നറുകള്‍ എന്നിവയില്‍ വിഒസി വ്യാപകമായി ഉപയോഗിക്കാറുണ്ട്. പാഡുകളില്‍ സുഗന്ധമുണ്ടാക്കുന്നതിനാണ് വിഒസി ഉപയോഗിക്കുന്നത്. ക്ഷീണം, ബോധക്ഷയം, വിളര്‍ച്ച, ത്വക്ക് രോഗങ്ങള്‍ എന്നിവ മുതല്‍ വൃക്കരോഗങ്ങള്‍, കരള്‍ രോഗങ്ങള്‍ എന്നിവയ്ക്ക് വരെ വിഒസി കാരണമാകാം. കൂടാതെ ഈ രാസവസ്തു തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളേയും ദോഷകരമായി ബാധിച്ചേക്കാം.

Read Also: ആർത്തവം മാറ്റിവെക്കാൻ ഗുളികകൾ കഴിക്കാറുണ്ടോ ? അതിന്റെ അതിഭീകര പാർശ്വഫലങ്ങളെ കുറിച്ച് അറിയുമോ ?

ആര്‍ത്തവ സംബന്ധമായ ഉല്‍പ്പന്നങ്ങളില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനായി യൂറോപ്പില്‍ അനുവദനീയമായ അളവിന്റെ മൂന്ന് മടങ്ങാണ് ഇന്ത്യയില്‍ സാനിറ്ററി പാഡുകകളില്‍ ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ ഇത്തരം പരിധികള്‍ നിശ്ചയിച്ചിട്ടില്ലെന്നതും ആശങ്കപ്പെടുത്തുന്ന വസ്തുതയാണ്. ടോക്‌സിക് ലിങ്ക് തയാറാക്കിയ പഠന റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം വായിക്കാം: https://toxicslink.org/Publication/WrappedinSecrecyToxicChemicalsinMenstrualProducts

Story Highlights : Popular Sanitary Pads Sold in India Have Harmful Chemicals Cause Serious Health Issues: Report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here