വിഴിഞ്ഞത്ത് 144 പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍; രാവിലെ സര്‍വകക്ഷിയോഗം ചേരും

പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റേയും സംഘര്‍ഷത്തിന്റേയും പശ്ചാത്തലത്തില്‍ വിഴിഞ്ഞത്ത് രാവിലെ സര്‍വകക്ഷി യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍. സര്‍വകക്ഷി യോഗത്തില്‍ മന്ത്രിമാരെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. സംഘര്‍ഷം ഉണ്ടായതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഹൈക്കോടതിയെ ധരിപ്പിക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. (all-party meeting today vizhinjam)
തുറമുഖ നിര്‍മാണ വിഷയത്തില്‍ ചര്‍ച്ച ഇന്നും തുടരുമെന്നാണ് കളക്ടര്‍ അറിയിക്കുന്നത്. 144 പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. വിഴിഞ്ഞത്ത് വന്‍ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് ജില്ലകളില്‍ നിന്നായി ആയിരത്തിലധികം പൊലീസുകാരെ വിന്യസിക്കുമെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ അറിയിച്ചു. പ്രദേശത്തെ ക്രമസമാധാന പാലനത്തിന് കൂടുതല്‍ എസ്പിമാരേയും ഡിവൈഎസ്പിമാരേയും നിയോഗിച്ചു. സമരക്കാരുടെ ആക്രമണത്തില്‍ 36 പൊലീസുകാര്‍ക്കാണ് പരുക്കേറ്റത്.
Read Also: പൊലീസ് സ്റ്റേഷന്‍ ആക്രമണം: വിഴിഞ്ഞത്ത് കനത്ത സുരക്ഷ;ആയിരത്തിലധികം പൊലീസുകാരെ വിന്യസിക്കുമെന്ന് എഡിജിപി
സംഘര്‍ഷത്തില്‍ പരുക്കേറ്റ എസ്‌ഐ ഉള്‍പ്പെടെ 18 പൊലീസുകാരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കാലൊടിഞ്ഞ എസ് ഐ ലിജോ പി മണിയെ എസ്പി ഫോര്‍ട്ട് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പരുക്കേറ്റവരെ മെഡിക്കല്‍ കോളജുള്‍പ്പെടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുത്ത അഞ്ചുപേരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചത്. പൊലീസ് സ്‌റ്റേഷന്‍ അടിച്ചുതകര്‍ത്ത സമരക്കാര്‍ എസ്എച്ച്ഒ ഉള്‍പ്പെടെയുള്ളവരെ തടഞ്ഞുവച്ചു. പൊലീസ് വാഹനങ്ങളും വയര്‍ലെസ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും സമരക്കാര്‍ തകര്‍ത്തു.
പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ പ്രകോപനവും ഉണ്ടാകാതെയായിരുന്നു ആക്രമണമെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. നിലവില്‍ 500ലധികം പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. ഇരുപതില്‍ അധികം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുണ്ട്. അധികമായി 300 പൊലീസുകാരെ ഇപ്പോള്‍ നിയോഗിച്ചു. തുടര്‍ നടപടി സ്വീകരിക്കാന്‍ കമ്മീഷണറെ ചുമതലപ്പെടുത്തി. പൊലീസ് ക്രമസമാധാനം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്. എഡിജിപി എം ആര്‍ അജിത് കുമാര്‍ പറഞ്ഞു.
ആക്രമണത്തില്‍ വിഴിഞ്ഞം എസ്‌ഐയുടെ കാലിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കല്ലുകൊണ്ട് ഇടിച്ചതാണ് പരുക്കിന് കാരണമെന്ന് എം ആര്‍ അജിത് കുമാര്‍ അറിയിച്ചു. പ്രകോപനമുണ്ടായാല്‍ കര്‍ശന നിയമനടപടിയുണ്ടാകുമെന്നാണ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്. നിലവില്‍ സ്ഥിതിഗതികള്‍ താരതമ്യേനെ നിയന്ത്രണവിധേയമാണെന്നും എഡിജിപി വ്യക്തമാക്കി.
Story Highlights : all-party meeting today vizhinjam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here