‘പ്രേമേട്ടൻ എന്ന നടനേക്കാൾ നല്ലൊരു വ്യക്തി നഷ്ടപ്പെട്ടു എന്നതിലാണ് വിഷമം: നടൻ ഹരിശ്രീ അശോകൻ

പ്രേമേട്ടൻ എന്ന നടനേക്കാൾ നല്ലൊരു വ്യക്തി നഷ്ടപ്പെട്ടു എന്നതിലാണ് വിഷമമമെന്ന് നടൻ ഹരിശ്രീ അശോകൻ. നടൻ കൊച്ചുപ്രേമന്റെ വേർപാടിൽ അനുസ്‌മരിക്കുകയായിരുന്നു ഹരിശ്രീ അശോകൻ. ഞാൻ അദ്ദേഹവുമായി ഒരുപാട് സിനിമകൾ ചെയ്‌തിട്ടുണ്ട്. ഏറ്റവും നല്ല കലാകാരനാണ്. നല്ല സ്നേഹമുള്ള മനുഷ്യനാണ്. ഒരു പരാതിയുമില്ലാത്ത ഒരു പരിഭവവുമില്ലാത്ത പച്ചയായ മനുഷ്യനാണ് അദ്ദേഹമെന്ന് ഹരിശ്രീ അശോകൻ പറഞ്ഞു.(harisree ashokan remembers kochu preman)
ആരോട് എങ്ങനെ പെരുമാറണം എന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. ഒരു നടനേക്കാൾ ഉപരി നല്ലൊരു വ്യക്തി നഷ്ടപ്പെട്ടു എന്നതിലാണ് വിഷമം. ഒരു വ്യക്തി നമ്മുടെ കൂട്ടത്തിൽ നിന്നും പോയി എന്ന് പറയുന്നതിൽ സങ്കടമുണ്ട്. ഞങ്ങൾ ഒരുമിച്ചു കൂടുമ്പോൾ പറയാറുണ്ട് സീരിയസ് വേഷങ്ങൾ ചെയ്യണമെന്ന്. കോമഡി അസാധ്യമായി ചെയ്യാനുള്ള ശൈലി അദ്ദേഹത്തിനുണ്ട്. ആ ഒരു ശൈലിയാണ് അദ്ദേഹത്തെ എല്ലാവരും ഓർമ്മിക്കുന്നത്. പ്രേമേട്ടന്റെ ശൈലി ഏവർക്കും ഇഷപ്പെടും ഒരു താളമുണ്ട് അത് ഇനി കേൾക്കാനാകില്ല എന്നതിൽ വിഷമമുണ്ടെന്നും നടൻ ഹരിശ്രീ അശോകൻ പ്രതികരിച്ചു.
ഇന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട കൊച്ചു പ്രേമനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസമായി ശ്വാസകോശ സംബന്ധമായ അസുഖത്ത തുടർന്ന് അദ്ദേഹത്തിന് ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.
ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം നാടകത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. ‘ഏഴു നിറങ്ങൾ’ ആണ് കൊച്ചു പ്രേമൻറെ ആദ്യ സിനിമ. തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടേയും കമലത്തിൻ്റെയും മകനായി 1955 ജൂൺ ഒന്നിനാണ് കൊച്ചു പ്രേമന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്‌കൂളിൽ പൂർത്തിയാക്കിയ കൊച്ചു പ്രേമൻ തിരുവനന്തപുരം എം.ജി. കോളജിൽ നിന്ന് ബിരുദം നേടി.
Story Highlights: harisree ashokan remembers kochu preman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here