ഗുജറാത്തിൽ രാഹുലെത്തിയത് ഒരു തവണ: പ്രിയങ്ക നയിച്ച ഹിമാചലിൽ മിന്നുംവിജയം

പ്രധാനമന്ത്രിയുടെ തട്ടകമായ ഗുജറാത്തിൽ രാഹുൽ ഗാന്ധി ഇത്തവണയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിരുന്നു. ഒരേയൊരു തവണയാണെന്ന് മാത്രം. എന്നാൽ ഫലം വന്നതോടെ ഗുജറാത്ത് ബിജെപി തൂത്തുവാരുന്ന അവസ്ഥയിലെത്തി. രാഹുൽ ഗാന്ധി ഫാക്ടർ ഏശിയില്ലെന്ന് മാത്രമല്ല, കോൺഗ്രസിൻറെ പരമ്പരാഗത സീറ്റുകൾ ഉൾപ്പടെ നഷ്ടമാവുകയും ചെയ്തു. എന്നാൽ ഹിമാചലിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് പ്രിയങ്ക ഗാന്ധിയാണ്. പ്രിയങ്ക ഫാക്റ്റർ അവിടെ വിജയം കണ്ടുവെന്നാണ് ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഹിമാചലിൽ കോൺഗ്രസിന് ലഭിച്ചിട്ടുണ്ട്. ( Rahul gandhi Gujarat election Priyanka Gandhi Himachal Election ).
അതായത് രാഹുൽ ഗാന്ധി ഒരു തവണ പ്രചാരണത്തിനെത്തിയ ഗുജറാത്തിൽ കോൺഗ്രസ് തകർന്നടിഞ്ഞപ്പോൾ പ്രിയങ്ക രംഗത്തെത്തിയ ഹിമാചലിൽ കോൺഗ്രസിന് ഭരണം തിരിച്ചുപിടിക്കാനായി. കഴിഞ്ഞ തവണ ഗുജറാത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്താണ് രാഹുൽ പ്രചാരണം നടത്തിയത്. ഇത്തവണ ഭാരത് ജോഡോ യാത്രയുടെ തിരക്ക് മൂലവും പുതിയ തെരഞ്ഞെടുപ്പ് തന്ത്രത്തിൻറെ ഭാഗമായുമാണ് രാഹുൽ ഒരു തവണ മാത്രം ഗുജറാത്തിലെത്തിയത്. ഒരു മുഖം മാത്രം ഉയർത്തിക്കാട്ടാതെ മോദിക്കെതിരെ പ്രതിപക്ഷം ഒരുമിച്ചു നിന്ന് വീടുവീടാന്തരം കയറി പ്രചാരണം നടത്തുകയെന്ന തന്ത്രമാണ് ഇത്തവണ പ്രതിപക്ഷം പയറ്റിയത്. എന്നാൽ ബിജെപി തേരോട്ടത്തിൽ അവയെല്ലാം തകർന്നടിയുകയായിരുന്നു.
Read Also: വികസന രാഷ്ട്രീയം വിജയിച്ചു, നെഗറ്റീവ് രാഷ്ട്രീയം പരാജയപ്പെട്ടു; ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതികരിച്ച് ബിജെപി
എതിരാളികളെ അപ്രസക്തരാക്കി ബിജെപിക്ക് ഗുജറാത്തിൽ ഏഴാമൂഴമാണ് ലഭിക്കുന്നത്. 150 സീറ്റാണ് മോദി ഗുജറാത്തിലെ ജനങ്ങളോട് ചോദിച്ചതെങ്കിൽ അതിനെക്കാൾ സീറ്റുകൾ നൽകിയാണ് വോട്ടർമാർ ബിജെപിയെ വിജയിപ്പിച്ചത്. ഈ മിന്നും വിജയം, അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിയാക്കുമെന്നുറപ്പാണ്. 2017ലെ തെരഞ്ഞെടുപ്പിൽ 99 സീറ്റുകളിലായിരുന്നു ബിജെപി വിജയിച്ചത്. എന്നാൽ ഇപ്പോഴത്തെ ലീഡ് നില അനുസരിച്ച് 156 മണ്ഡലങ്ങളിലാണ് ബിജെപി മുന്നേറുന്നത്. കഴിഞ്ഞ തവണ 77 സീറ്റുണ്ടായിരുന്ന കോൺഗ്രസ് കേവലം 17 സീറ്റുകളിൽ മാത്രമേ ലീഡ് ചെയ്യുന്നുള്ളൂ എന്നത് വലിയ ഞെട്ടലാണുണ്ടാക്കുന്നത്. ആം ആദ്മി പാർട്ടി 5 സീറ്റിലും മറ്റുള്ളവർ 4 സീറ്റിലും മുന്നിട്ടുനിൽക്കുന്നുണ്ട്. ഇവിടെ കേവല ഭൂരിപക്ഷത്തിന് 92 സീറ്റാണ് വേണ്ടത്.
പ്രിയങ്ക ഗാന്ധി ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയ ഹിമാചൽ പ്രദേശിൽ 40 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. 25 സീറ്റുകളിൽ ബിജെപി മുന്നിട്ടുനിൽക്കുന്നുണ്ട്. ആറാം തവണയും മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ വിജയിച്ചു. ബിജെപി വിമതരാണ് മൂന്നിടത്ത് മുന്നിട്ട് നിൽക്കുന്നത്. ജയം ഉറപ്പിച്ച സ്ഥാനാർഥികളെ കോൺഗ്രസ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാൻ നീക്കം തുടങ്ങിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നത്.
ബിജെപിയും കോൺഗ്രസും ഹിമാചലിൽ 68 സീറ്റുകളിലേക്കും സ്ഥാനാർഥികളെ നിർത്തിയിരുന്നു. 67 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയും സംസ്ഥാനത്ത് ആദ്യമായി മത്സരരംഗത്തുണ്ടായിരുന്നു. 35 സീറ്റാണ് കേവല ഭൂരിപക്ഷത്തിനുവേണ്ടത്. 40 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 45 സീറ്റും കോൺഗ്രസ് 22 സീറ്റും സിപിഐഎം ഒരു സീറ്റുമാണ് നേടിയത്. ഗുജറാത്തിലെ വൻ തോൽവിയിലും കോൺഗ്രസിന് ആശ്വാസം നൽകുന്നതാണ് ഹിമാചലിലെ വിജയം. പ്രിയങ്ക ഗാന്ധിയെ താരപ്രചാരകയാക്കിയാണ് കോൺഗ്രസ് ഹിമാചലിൽ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആ തന്ത്രം ഫലം കണ്ടുവെന്നാണ് ഫലം സൂചിപ്പിക്കുന്നത്.
Story Highlights: Rahul gandhi Gujarat election Priyanka Gandhi Himachal Election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here